Thursday, November 24, 2011

മണം

ഓര്മ്മകള്ക്ക് മണമാണ്...
ആദ്യ പ്രണയത്തിനു ചന്ദനത്തിന്റെ മണമായിരുന്നു...
ആദ്യ ചുമ്പനത്തിനു മാങ്ങാ ചുണയുടെ മണവും സ്വാദും ആയിരുന്നു..
ഓണത്തിനു, വെളിച്ചെണ്ണ തിളക്കുന്ന മണം..
വിശപ്പിനു എപ്പോളും കടുകുവറുക്കുന്ന മണമായിരുന്നു, ഇപ്പോളും!
തറവാട്ടു പറമ്പിലെ തെങ്ങു കയറ്റം കഴിഞ്ഞാല്..മനം മയക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു നില്ക്കും...
തെങ്ങു കയറ്റക്കാരന് കുമാരനും, കെട്ടിയവള്ക്കും കുട്ടികള്ക്കും..എല്ലാം..അതേ മണം... ഇളനീരിന്റെ മണം!
വേനല്ക്കാലത്ത് അമ്പലക്കുളത്തിനു..ചളിമണം...
രൂക്ഷമാണെങ്കിലും മനം മടുപ്പിക്കാത്ത ഗന്ധം..
ഇന്നും പല സംഭവങ്ങളും ഓര്ക്കുന്നത് മണങ്ങളിലൂടെയാണു..അഥവാ മണങ്ങളാണു ഓര്മ്മകളെ ജീവിപ്പിക്കുന്നതു...
ചില മണങ്ങള്, അത്ഭുതകരമായ രീതിയില് ഓര്മ്മകളെ തേരിലേറ്റി കൊണ്ടു വരും!
Avocado- യുടെ മണം, ചില സ്വകാര്യനിമിഷങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്മ്മകള് തെളിമയോടെ മനസ്സിലേക്കു കൊണ്ടു വന്നപ്പോള്..ഓര്മ്മക്കള്ക്കു മരണമില്ലാ...
പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോളും മനസ്സിലെ കുട്ടിയെ അച്ചടക്കത്തോടെ ഇരുത്തുന്നു... ഇന്നും ഒരു പുതിയ പുസ്തകം കയ്യില് കിട്ടിയാലാദ്യം ചെയ്യുക...അതു മണത്തു നോക്കുകയാണു...
പുസ്തകങ്ങള് വായിക്കനല്ലെ, അഛ്ചാ, എന്നു മോളു ചോദിച്ചപ്പോള്...ഞാനവള്ക്കതു മൂക്കിലേക്കടുപ്പിച്ചു കൊടുത്തു...
കണ്ണുകള് വിടര്ന്നു വരുന്നതു കണ്ടപ്പോള്..ഞാന് അറിയുന്നുണ്ടായിരുന്നു... ഇനി അതവള്ക്കും ഒരു ശീലമാകും എന്നു..
പിന്നെ, വിവരിക്കാന് ആകാത്ത കുറേ മണങ്ങളുണ്ടു...
ഓര്മ്മക്കളെ കൂട്ടുപിടിക്കാന് വേണ്ടി, അവ സ്വയം ഉണ്ടാക്കാന് നോക്കി എപ്പോളും പരാജയപ്പെടും!
തറവാട്ടിലെ, തെക്കിണി എന്ന മുറിയില് എപ്പോളും മുലപ്പാലിന്റെ മണമാണു... എല്ലാ പ്രസവങ്ങളും, പ്രസവാനന്തര സംഭവങ്ങളും അവിടെയാണു...
( ആ മണം മുലപ്പാലിന്റെ എന്നു ഞാനങ്ങു തീരുമാനിച്ചതായിരുന്നു.. പിന്നീടതു തെറ്റാണെന്നു മനസിലായി, എങ്കിലും, ഇന്നും എനിക്കാമണമാണു, സ്വീകാര്യം..)

വര്ഷക്കാലത്തു വീടിന്റെ ഉള്ളില് ഉണക്കാനിടുന്ന തുണികളുടെ മണം...
കണ്ണിമാങ്ങയുടെ ഞെട്ടു കളയുമ്പോളുള്ള മണം..
ചക്ക മുറിക്കുമ്പോളുള്ള മണം...
ആര്ത്തവ സമയത്തു പെണ്ണിന്റെ മണം...

ഒരോ പൂക്കളുടെ മണവും..ഓരോ മുഖങ്ങളാണു മനസ്സിലേക്കു കൊണ്ടു വരുന്നതു...
പണ്ടത്തെ Hamam സോപ്പിന്റെ മണം, വേനല് ഒഴിവിനു വിരുന്നു വരുന്ന അമ്മാവനും മക്കളും അവരുടെ രാജകീയ ജീവിതവും എല്ലാം മനസ്സിലേക്കു കൊണ്ടുവരും
വൃശ്ഛിക മാസം..ഒരു ഭസ്മത്തിന്റെ മണമാണെനിക്കു..

കൃഷ്ണാ തിയേറ്റര് നു, മൂട്ടയുടെ നാറ്റം ആണു...
എല്ലാവരേയും പോലെ, മഴയുടെ മണം പുതുമണ്ണിന്റെ മണം തന്നെ..

കൂവളത്തിന്റെയിലയിട്ടു കാച്ചിയ എണ്ണയുടെ മണമാണു, അമ്മക്കു!
ഇനി... എനിക്കു പറഞ്ഞുമനസ്സിലാക്കന് പറ്റാത്ത ഒരുപാടു മണങ്ങളുണ്ട്...
ദേഷ്യവും, സ്നേഹവും, പ്രണയവും, പരിഭവവും..അങ്ങിനെ എല്ലാ വികാരങ്ങളും, വിചാരങ്ങളും... മണങ്ങളുമായി ഇഴചേര്ന്നിരിക്കുന്നു...

ഓര്മ്മകള്ക്കെന്തു സുഗന്ധം...
ആത്മാവിന് നഷ്ട സുഗന്ധം...

Tuesday, November 15, 2011

ഹൃദയത്തില്‍ തറച്ച അസ്ത്രം!


വീട്ടിലേക്കുള്ള വഴിമറന്നന്തംവിട്ടു നില്ക്കുന്ന
നിഷ്കളങ്കനൊന്നുമല്ല ഞാന്!
പാഥേയം പങ്കുവെച്ചും..ചുമടുകള് മറന്നു വെച്ചും...
കാത്തുവെക്കാനൊന്നുമില്ലാത്ത, സ്വതന്ത്രന്!

വെളുത്ത പൂക്കളോടായിരുന്നു എന്നും ഇഷ്ടം!
ചോര വാര്ന്ന്, പ്രണയ രഹിതം എന്നവള്..
വെളുത്ത ഖാദി വസ്ത്രങ്ങളോടായിരുന്നു പ്രിയം!
വീര്യം ചോര്ന്ന്, വിപ്ലവ രഹിതം എന്നവന്...

ഇന്നും എന്റെ ഇഷ്ടങ്ങള്ക്കു പൊറുതിയില്ല...
അവളുടെ കാര്യം എനിക്കു കേള്ക്കേണ്ട!
അവന്റെ കാര്യം കഴിഞ്ഞും പോയി!
പ്രണയം വിപ്ലവരഹിതം, വിപ്ലവം പ്രണയരഹിതം..

എല്ലാ മരങ്ങളും..തളിര്ത്തും, പൂത്തും, ഇല പൊഴിച്ചും...
ഋതുക്കളോട് സമരസപ്പെടുന്നു...
അവയെല്ലാം..എന്റെ ആത്മാവിലേക്ക് വേരിറക്കി..
ദാഹിക്കുമ്പോള്, ഊറ്റിക്കുടിക്കുന്നതെന്റെ ജീവ രക്തം!
വിശക്കുമ്പോള് കാര്ന്നു തിന്നുന്നതെന്റെ മജ്ജയും മാംസവും!

ഈ യാത്ര ഒരു മഹാപരാധം..
നഗ്നപാദങ്ങളില് ചോര പൊടിയുന്നു..
തിരിച്ചറിവിന്റെ മുള്ളുകള് തറക്കുന്നതിപ്പോള്..
പാതിയിലേറെ വഴി പിന്നിട്ടപ്പോള്...

ഹൃദയത്തില് തറച്ചു നില്ക്കുന്ന അസ്ത്രം പോലെയാണ്
അപ്രതീക്ഷിതമായി തിരിച്ചുവരുന്ന പ്രണയവും
അകത്തേക്കും പുറത്തേക്കും അനക്കാനകാത്ത,
വേദന ത്രികോണിച്ച മുനയാണതിനു...


ഒറ്റക്കിരിക്കട്ടെ ഞാനിനി ഇന്നെന്റെ മുറ്റത്തു വന്നെന്നെ ഒറ്റികൊടുക്കല്ലെ!
ചുറ്റിത്തിരിയുന്ന കാറ്റിലും നിറയുന്നു,മുറ്റിനില്ക്കുന്ന പാഷാണ ധൂളികള്...!

------------------------------------------------------