Monday, September 24, 2012

തിലകന്‍..

നെഞ്ചത്ത് കൈവെച്ചു അയാള്‍ പറഞ്ഞു:
"നിന്‍റെ അച്ഛനാ പറയുന്നത്, കത്തി താഴെ ഇടടാ"
ഉത്തരത്തില്‍ ഇരുന്ന  പെരുംതച്ചന്‍ വീതുളി താഴേക്കിട്ടു!!
കളളുവര്‍ക്കി, ചാക്കോ മാഷുടെ കുപ്പായകൈ വെട്ടിക്കളഞ്ഞു!
പഞ്ചാഗ്നി കെട്ടടങ്ങുന്നതിന്‍ മുന്‍പ്, ഒരു തനിയാവര്‍ത്തനം പോലെ,
കാട്ടുകുതിര കിതച്ചു വീണു..
യാത്ര' തീരുന്നതിന്‍ മുന്‍പ്‌ ...'യവനിക' വീണു...
ഋതുഭേദ ങ്ങളില്‍ നിന്ന് മുക്തി ഇല്ലാതെ നമ്മളും..!!


Saturday, September 22, 2012

ലഹരി


അളവൊന്നും നോക്കണ്ട..
ചില്ല് പാത്രത്തിലേക്ക് പകുതിയും പകര്‍ന്ന്,
തണുത്ത രണ്ടു കഷ്ണം ചിരിയും എടുത്തിട്ട്,
അലിയാനൊന്നും കാത്തു നിക്കാതെ..
ഒറ്റ ഇറക്കിനു കുടിച്ചു തീര്‍ക്കട്ടെ എന്നെ തന്നെ   ഞാന്‍!
തൊട്ടുനക്കാന്‍ അരികിലുണ്ടല്ലോ നീ!!

Wednesday, September 19, 2012

കൃഷ്ണ-തൃഷ്ണ!

എത്രകാലം 'ചാറ്റി' തീര്‍ക്കും നമ്മളീ കൃഷ്ണ-തൃഷ്ണ ?
ശൂന്യതയിലേക്ക് പറിച്ചു നടാന്‍ ഇനി ചെടികള്‍ ഇല്ല മനസ്സില്‍.
പങ്കുവെച്ചു തീര്‍ന്ന മനസ്സ് ശരീരത്തില്‍ വൃണമായി തുടങ്ങി..
ചലം വെച്ച് , പൊട്ടാതെ വിങ്ങുന്ന മോഹങ്ങള്‍ ചുവന്നു തുടങ്ങി..

ഉമ്മകള്‍ നുരയ്ക്കുന്ന ചുണ്ടുകള്‍ക്ക് ഒരിണ വേണം..
നിറയുമ്പോള്‍ കവിഞ്ഞൊഴുകാന്‍ കണ്ണുകള്‍ വേണം..
പഞ്ചഭൂതങ്ങളെ കെട്ടഴിച്ചു വിടുമ്പോള്‍ അവര്‍ക്ക് നൃത്തം ചെയ്യാന്‍,
നിന്‍റെ നാക്കും മൂക്കും ത്വക്കും, വാക്കും നോക്കും തുറന്നിട്ട്‌ കൊടുക്കണം..

പരസ്പരം പറയുന്ന കള്ളങ്ങള്‍ അടച്ചു വെക്കാം
നമുക്കിനി..
വിയര്‍ക്കുമ്പോള്‍ ഒന്നിച്ചൊരു നിളയായ് ഒഴുകാം
തണുക്കുമ്പോള്‍ കരുത്തുള്ള കാട്ടുതീയാകാം
വിശക്കുമ്പോള്‍ വിലക്കപെട്ട കനി തിന്നു തീര്‍ക്കാം
തളരുമ്പോള്‍ അന്യോന്യമൂറ്റികുടിക്കാം






രാത്രി..

സൂര്യന്‍റെ നിഴല്‍ മാത്രമാണ് , രാത്രി!
തണല്‍ തേടി അതിലേക്കു നീങ്ങി നില്‍ക്കുന്നു,
വെണ്ണിലാവും, നക്ഷത്രങ്ങളും...!

Tuesday, September 18, 2012

പിഴക്കല്ലെന്‍റെ സ്നേഹമേ!

ഹാ, സ്നേഹമേ..
ഇന്നലെ സൂര്യന് മുന്‍പേ കെട്ടഴിച്ചു വിട്ടതാണ് നിന്നെ,
അസ്തമിച്ചിട്ടും കൂടണയാഞതെന്തേ?
കൂട്ടം തെറ്റിയതാവില്ല, ഒറ്റക്കാണല്ലോ നീ..
വഴി പിഴച്ചതാകും ...പിഴക്കല്ലെന്‍റെ സ്നേഹമേ!



Saturday, September 15, 2012

ലക്ഷ്മണരേഖകള്‍..

എല്ലാ സ്ത്രീ ഹൃദയങ്ങളിലും പതുങ്ങി ഇരിപ്പുണ്ട്
പത്തു തലയുള്ള രാവണ സര്‍പ്പം!
എല്ലാ സ്ത്രീ ഹൃദയങ്ങളിലും കൊതിചിരിപ്പുണ്ട്
പുഷ്പക വിമാനത്തിലൊരു വിദേശ യാത്ര!
എല്ലാ സ്ത്രീ ഹൃദയങ്ങളിലും  കാത്തിരിപ്പുണ്ട്
അശോകമരത്തണലിന്‍ ഏകാന്തത!
എല്ലാ സ്ത്രീ ഹൃദയങ്ങളിലും നീറിപ്പുകയുന്നുണ്ട്
ലങ്കാ ദഹനത്തിന്‍ നെരിപ്പോട്!

രഘുരാമന്‍റെ കാവലിനേക്കാള്‍ അവള്‍ക്കിഷ്ട്ടം
മാരീചനെ ആകര്‍ഷിക്കുന്ന ലക്ഷ്മണ രേഖയാണ്!
ജടായുവിന്‍റെ മാര്‍ഗ്ഗതടസ്സങ്ങളെക്കാള്‍ അവള്‍ക്കിഷ്ട്ടം
ആഞ്ജനേയന്‍ കാഴ്ച വെക്കുന്ന രാമ ദൂതാണ് !

സ്ത്രീയെ,
രാവണനേയും കുംഭകര്‍ണ്ണനേയും പെറ്റു തീര്‍ന്നാലേ,
വിഭീഷണ ജന്മം ഉള്ളില്‍ തളിര്‍ക്കു!
അഗ്നിശുദ്ധിക്കായ്‌ വലംകാല് നീട്ടുമ്പോള്‍ മാത്രമേ
രാമനാമം ജപമായ്‌ മുളക്കു!



Tuesday, September 11, 2012

കാവല്‍ക്കാരന്‍

പ്രണയമാണെന്നറിയാതെ ഞാന്‍ നിന്‍റെ,
പരിഭവത്തിന്‍റെ തൊങ്ങലില്‍ തൊട്ടതും
നെടിയ നാസിക തുഞ്ചം വിയര്‍പ്പിച്ചു,
ഹൃദയതാളമൊരു സംഗീതമായതും

മറവി കൊണ്ടൊന്നു മൂടുവാനാകാതെ
ഓര്‍മ്മ കുഞ്ഞുങ്ങള്‍ ചിക്കിചികയുന്നു.
പലരുമുണ്ടെന്‍റെ ജീവനില്‍ മദിച്ചവര്‍
പതിഞ്ഞതീ നൃത്ത ചുവടുകള്‍ മാത്രം.

കഥകളേറെ നാം പങ്കുവെചെങ്കിലും
പറയുവാനേറെ ബാക്കിയുണ്ടിപ്പോഴും.
കൊഴിഞ്ഞു പോകുന്ന ഓരോ മിടിപ്പിലും
കടഞ്ഞെടുക്കട്ടെ സ്നേഹാക്ഷരങ്ങള്‍ ഞാന്‍.


മറന്നു വെച്ചൊര വാക്കുകള്‍ വീണ്ടും,
തിരിച്ചെടുക്കാന്‍ നീ വരുന്നതും കാത്ത്
മരണമറിയാത്ത തിരകളെ നിയതി
തിരസ്കരിക്കുന്നോരീ കടലിന്‍റെ തീരത്ത്.

പകല് കത്തി തീരുന്ന നേരത്ത്
മണലില്‍ ഓരോന്ന് കുത്തി കുറിച്ച് ഞാന്‍
പകുതി വെന്തൊരീ ജീവന്‍റെ മുറിവില്‍
മധുരമിറ്റിച്ചു  കാവലാണിപ്പോഴും..!

എമര്‍ജിംഗ്...

നമ്മള്‍, ഞങ്ങളാകുന്ന ചരിത്ര സന്ധികളിലെ ശവകുടീരങ്ങളില്‍
പിണ്ഡചോറുരുള പങ്കുവെക്കുന്നു ,
അവനവന്‍ ചേരിയില്‍ ആയുസ്സ്‌ പണയമായെടുത്ത്
ചാവേറിനു ആളെകൂട്ടുന്നു ,
അരിവാള് മാറ്റി കൊലവാള് കോമരം തുള്ളുന്ന കാവില്
കാട്ടുപൂച്ച വിഷം തിന്നു ചാവുന്നു..
കാടിനും കണ്ടത്തിനും മീതെ പറക്കുന്ന പക്ഷി കഴുകനാണെന്ന്
ഉറക്കെ കരയുന്നു , കോരന്‍റെ ചെക്കന്‍ !

രാജാവ് നഗ്നന്‍ മാത്രമല്ല, ഷണ്ഡനും ആണെന്ന് കേള്‍ക്കുമ്പോള്‍
കാലിടയില്‍ കൈതിരുകി നില്‍ക്കുന്ന ശകുനികള്‍...


Wednesday, September 5, 2012

നോട്ടപുള്ളി..


നക്രബാഷ്പം നക്കി തുടച്ചില്ല!
നട്ടാല്‍ കുരുക്കാത്ത കള്ളം വിതച്ചില്ല!
കുറുപ്പില്ലാ കളരിയില്‍ കുഴഞ്ഞാടിയിട്ടില്ല!
കുരുട്ടു ന്യായങ്ങളാല്‍ കൂട്ടികൊടുത്തില്ല!

അധരാനുകമ്പകൊണ്ടങ്കം ജയിച്ചില്ല..
അത്താഴക്കോടതിയില്‍ അപവാദം കഴുകീല..
ഊമരില്‍ കൊഞ്ഞനായ്‌ ഊറ്റം പറഞ്ഞില്ല..
ഊറ്റിയെടുത്തിട്ട് ആചാരം തീര്‍ത്തില്ല..

എങ്കിലും..


മതിവരുവോളം പങ്കിട്ടു കൊള്ളുക
ചതി അറിയാത്തോരെന്‍ പാവം ഹൃദയത്തെ..
കൊതി തീരുവോളം കോരി കുടിക്കുക
അതി വേഗം അതിലോടും ജീവ രക്തത്തെയും..