Monday, December 31, 2012

പുതുവത്സരാശംസകള്‍!

സൂര്യനുപോലും തണുക്കുന്ന പകലിന്‍റെ
ചാരുകസേരയില്‍ ചടഞ്ഞിരിന്നിന്നു ഞാന്‍,
കാര്യമില്ലാത്തോരോ കാര്യങ്ങളോര്‍ത്തോര്‍ത്ത്
നേരുകയാണീ പുതുവത്സരാശംസ.

ആരെങ്കിലും വന്നെന്നെ വിളിച്ചെങ്കിലെന്നോര്‍ത്ത്
ചാരാതിരിക്കില്ല പടിവാതിലിന്നു ഞാന്‍, എങ്കിലും,
പേരെങ്കിലും ഓര്‍ക്കാന്‍ മറക്കാത്ത സൗഹൃദം, വന്നു-
ചേരാതിരിക്കില്ല പകല് ചാവുന്നതിന്‍ മുന്‍പേ.

പകരാതിരിക്കില്ല നുരയുന്ന സ്നേഹവും , കയ്പ്പും,
അകലാതിരിക്കുവാന്‍ പറയുന്ന വാക്കിന്‍റെ പതിരുകള്‍,
തകരാതിരിക്കില്ല പാനപാത്രങ്ങള്‍ പലതുമെന്നാകിലും,
പകലാകെയെന്തിനോ കാത്തിരിക്കുന്നു ഞാന്‍..

തരിക നീ നിന്‍റെ വാക്കും വരികളും,
കവിത വറ്റികരയുമെന്‍ കണ്‍കളില്‍..
തിരയിളക്കങ്ങള്‍ നീറ്റിപ്പടര്‍ത്തുക,
കവിത വന്നെന്നെ തിരികെ പ്പുണരട്ടെ!!

   പുതുവത്സരത്തിന്‍ പുണ്യം പുലരട്ടെ!

Saturday, December 29, 2012

സ്നേഹം

എത്രമാത്രമാണെത്രമാത്രമാണെന്നോ, സ്നേഹം ,
എനിക്കു നിന്നോടിത്രമാത്രം കുത്തി നോവിച്ചിട്ടും, മിത്രമേ!
എത്രമാത്രമാണെത്രമാത്രമാണെന്നോ, സ്നേഹം,
നിനക്കു ഞാനിത്രമാത്രം വികൃതമാം  , ചിത്രമോ?

Friday, December 21, 2012

എന്താണീ ആണത്തം?

അച്ഛനോടെന്തും ചോദിച്ചുകൊള്ളുകെന്നു പറയേണ്ടായിരുന്നു,
പേടിയാണെന്തുത്തരം പറയും ഞാന്‍ നാളെയാ ചോദ്യം വരുമ്പോള്‍?

ആണായ്‌ പിറന്നതിന്നപമാനമായ്‌
കാണാന്‍ കഴിയാതെ കണ്ണും നിറഞ്ഞു പോയ്‌!

മരിക്കല്ലേ കുഞ്ഞേ, കൊടിയ വേദന തീക്കടല്‍  നീന്തിക്കടന്നു നീ
തിരികെ തീരത്തണയും വരേക്കുയരാതിരിക്കട്ടെ ആണഹങ്കാരം!


ലോകാവസാനമാണത്രേ

ലോകാവസാനമാണത്രേ , നമുക്കിന്ന്
ഒരേ പാത്രത്തിലുണ്ണാതുറങ്ങാതിരിക്കാം!
ഇനിവരില്ലെന്നും പറഞ്ഞു പോകുന്ന
സൂര്യനെ നോക്കി പകലുമുഴുവന്‍ വെറുതേയിരിക്കാം.

മിച്ചമുള്ളതിന്‍ കണക്കെടുക്കാം , ഉച്ചവരേക്കും മനക്കണക്കായ്‌..
വലിച്ചു തീര്‍ത്ത കുറ്റികള്‍, കുടിച്ചു തീര്‍ത്ത കുപ്പികള്‍...
കൊടുത്തു തീരാത്ത കടങ്ങള്‍, എടുത്താല്‍ പൊങ്ങാത്ത കടമകള്‍
പറക്കമുറ്റാത്ത മോഹങ്ങള്‍ , ആര്‍ക്കുമില്ലാത്ത രോഗങ്ങള്‍.

ലോകാവസാനമാണത്രേ , നമുക്കിന്ന്
ഒന്നിച്ചിരുന്നു മുറുക്കാം, മറക്കാതിരിക്കാം.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഞാത്തിയ
ഉത്തരത്തില്‍ നോക്കി ഊറി ചിരിക്കാം...


ചിറകു വേണ്ടാത്തോരാകാശമുണ്ടോ?
തിരയടങ്ങിയ തീരങ്ങളുണ്ടോ?
കിളികള്‍ ചേക്കേറാത്ത ചില്ലകളുണ്ടോ?
തുഴയുഴിയാത്ത നദികളുണ്ടോ ?

ലോകാവസാനമാണത്രേ...

നമ്മുടെ ലോകം

എന്‍റെ ലോകം അവസാനിച്ചു വലതുകാല്‍വെച്ചിന്നലെ
നിന്‍റെ ലോകത്തേക്കു ഞാന്‍ കടന്നപാടേ!
ഇനിയിത് നമ്മുടെ ലോകം!

Tuesday, December 18, 2012

വാക്കുകള്‍

തൊട്ടു നോക്കേണ്ട കാര്യമേയില്ലല്ലോ, എന്നെ
ചുട്ടു പൊള്ളിച്ചു നീറ്റും നിന്‍ വാക്കുകള്‍!!..

Tuesday, December 11, 2012

നിയമം

സിംഗിള്‍ ബഞ്ച്
ഡിവിഷന്‍ ബഞ്ച്
ഹൈക്കോടതി
സുപ്രീംക്കോടതി....

' സിംഗിള്‍ ബഞ്ചിന്‍റെ വിധി ഡിവിഷന്‍ ബഞ്ച് 'സ്റ്റേ' ചെയ്തു'
' ഹൈക്കോടതി ശിക്ഷിച്ച പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു '
ഹയ്യട മനമേ...ഇതെന്തൂട്ട് നീതി?
നിയമത്തിനും ജാതി ഉണ്ടോ  ?

പരാഗണം.


കാറ്റിലൊരു കണ്ണ് പറന്നു നടക്കുന്നുണ്ട്
പരപരാഗണത്തിന്‍ പാപവും പേറി!

Monday, December 10, 2012

വെറുപ്പ്‌

വെറുക്കുന്ന വാക്കുകള്‍ പറയായ്ക നിങ്ങളവ-
പൊറുക്കുവാനേ കഴിയു മറക്കുവാനാകില്ല!

Sunday, December 9, 2012

ഞാന്‍

മകന്‍
സഹോദരന്‍
ഭര്‍ത്താവ്
അച്ഛന്‍
സുഹൃത്ത്‌
.... ഇതില്‍ ആരാണ് 'ഞാന്‍'?


Saturday, December 8, 2012

യാത്ര

ആരോ തുറന്നിട്ട ജനാലയ്ക്കു പുറകിലുണ്ട്
ഓരോ ജോഡി തിളയ്ക്കുന്ന കണ്ണുകള്‍ !
ജനലഴികളില്‍ തുരുമ്പിച്ചടരുന്നുണ്ട്
കനലുറങ്ങുന്ന കറുത്ത വാക്കുകള്‍..

പടിപ്പുരയോളം എന്നെ പിന്‍തുടരുന്നുണ്ട്
കടിക്കാത്ത കാവല്‍ പട്ടിയുടെ ജാഗ്രത!
തിരിഞ്ഞു നോക്കല്ലേ എന്നയവിറക്കുന്നുണ്ട്
എരിഞ്ഞു തീരാറായൊരു കല്‍വിളക്കിന്‍ തിരി.

ചരല് കുത്തി കരയുന്ന മുറിവുകള്‍ക്കുണ്ട്
വിരല് ചപ്പിക്കരയുന്ന കുഞ്ഞിന്‍റെ ദാഹം.
പാദുകങ്ങള്‍ ഇല്ലാത്തൊരീ യാത്രയില്‍ കൂട്ടുണ്ട്
കൌതുകങ്ങള്‍ കെട്ടിപ്പൊതിഞ്ഞ നിന്‍ പാഥേയം.

ഓര്‍മ്മകള്‍ മാത്രം മാറാപ്പിലാക്കി ഞാന്‍ എന്‍റെ
ധര്‍മ്മശാലയ്ക്ക് തീകൊടുക്കുന്നു നിര്‍ദ്ദയം,
പഴയ താളുകള്‍ ചിതയെരിയും വരേ
കഴിയുകില്ലെനിക്കിനി കാത്തുനില്‍ക്കുവാന്‍.....


Thursday, December 6, 2012

തിള...

കുതിച്ചു പൊങ്ങി കവിഞ്ഞൊഴുകാന്‍...,
തിളച്ചുമറിയുന്നെന്‍ മനസ്സിലെന്തോ !
അടച്ചു വെച്ചാലേറെ  വെന്തു പോകും..
ഇനി തുറന്നു വെക്കാം, തീയണക്കാം.

Tuesday, December 4, 2012

Windows 8

*എട്ടാമത്തെ ജനാലയും തുറന്നെത്തി നോക്കുന്നു
പഴയ മേശപ്പുറത്തിരുന്നിന്നു ഞാന്‍.....!


*(Installed Windows 8 in my Old Table Top system)

Sunday, December 2, 2012

ജീവിതം സഹിക്കാന്‍ വയ്യ.

ഒരു പരിധിക്കപ്പുറം,
വേദനയെ നാം സ്നേഹിക്കാന്‍ തുടങ്ങും!
ജീവിതത്തെ വെറുക്കാനും.
മൂന്നാം നിലയില്‍ നിന്നും ചാടി ചത്ത സ്നേഹിതന്‍റെ
ആത്മഹത്യാക്കുറിപ്പ് ഇത്ര മാത്രം:
'ജീവിതം സഹിക്കാന്‍ വയ്യ'

പനിപ്പേടി.

പനിപിടിച്ച ഓര്‍മ്മകളില്‍ തളര്‍ന്ന്,
വരണ്ട ചുമ കഫം കിട്ടാതെ കാറുന്നു.
ഭൂതകാലത്തിന്‍റെ പൊള്ളുന്ന ചൂടിലും,
വര്‍ത്തമാനകാലം തണുത്തു വിറക്കുന്നു.

ഓ നവമ്പര്‍...

ദിവസം പങ്കു വെച്ചപ്പോള്‍...
വലിയ തുണ്ടം , രാത്രിക്ക് കിട്ടി...
സൂര്യനെ തോല്‍പ്പിക്കാനാണോ..
നിലാവിങ്ങനെ അസൂയ പെയ്യിക്കുന്നത്?