Saturday, May 25, 2013

ആട്ടിന്‍കുട്ടി

സൗഹൃദക്കൂട്ടിലെ  ആട്ടിന്‍കുട്ടിയെ
കഴുത്തറുത്തു കറിവെച്ചിട്ടാണ്
നമ്മളീ അവസാനത്തെ അത്താഴമുണ്ണുന്നത്.
പ്രണയത്തെ ഒറ്റിക്കൊടുത്ത
കശാപ്പുകാരന്‍റെ രക്തമാണ് പാത്രം നിറയെ..

സത്യമാണ്,
എനിക്കീ രക്തത്തില്‍ പങ്കില്ല..!

എന്‍റെയീ സമ്മാനം സ്വീകരിക്കുക..
മുള്‍ക്കിരീടവും,
മരക്കുരിശ്ശും!

മൂന്നാം നാള്‍ ..
നിന്നെ ഞാന്‍ വീണ്ടും കൂട്ടിലാക്കും !!

കാഴ്ചപ്പാടുകള്‍ !

ഞാന്‍ കണ്ടതും ഇഷ്ടപ്പെട്ടതും
നിന്‍റെ
കണ്ണുകളെയാണ്...കാഴ്ചകളെയല്ല.

നമുക്കിടയിലെ ഇഷ്ടക്കേടുകളോ,
നമ്മുടെ
കാഴ്ച്ചപ്പാടുകള്‍ മാത്രം!





Friday, May 24, 2013

Copy Paste!

മഴവില്ലിന്‍ വിത്ത്
നനഞ്ഞേടം കുഴിച്ചിട്ടു!
മുളപൊട്ടി തളിര്‍ത്തത്
മയില്‍പ്പീലി തണ്ട്!!

ഇനിയിത്
IPad ല്‍
UpLoad  ചെയ്ത്
Secret Folder  ല്‍  അടച്ചു വെക്കാം.
താനേ പെറ്റുപെരുകിയില്ലെങ്കില്‍................. ..
Copy, Paste...
Copy, Paste...
Copy Paste...

Thursday, May 23, 2013

നനയുവാന്‍ മോഹിച്ച്....

നീ തൊടുത്ത ശരമെന്തിനിങ്ങനെ
ഹൃദയവാതിലില്‍ മുട്ടി വിളിക്കുന്നു....

നീ കൊടുത്ത വരമല്ലെയെപ്പോഴും
ഹൃദയവാതിലിന്‍ താഴായ്‌ തടുക്കുന്നു...

നമ്മള്‍  പറയാത്ത  വാക്കിന്‍റെ മൂര്‍ച്ചയില്‍
നാമിന്നു രണ്ടായ്‌ മുറിഞ്ഞു വീഴുന്നുവോ??

ഓര്‍ക്കുക നീ പെയ്ത പാതിരാത്രിയില്‍ പോലും
നനയുവാന്‍ മോഹിച്ചു കുട ചൂടിയില്ല ഞാന്‍!!!


Tuesday, May 21, 2013

ദേശാടനക്കിളി കരയുന്നു....

ദേശാടനക്കിളി കരയുന്നു..
തലമുറകള്‍  ചേക്കേറി തളിര്‍ത്ത
ചില്ലകള്‍ കാണാതെ..

ഉപഭോഗികള്‍ വലിച്ചെറിഞ്ഞ
ദഹിക്കാത്ത മാലിന്യം തിന്നു വീര്‍ത്ത...
ദേശാടനക്കിളി കരയുന്നു....

വന്‍കടലും കരയും താണ്ടി തളരാത്ത
ചിറകുകളില്‍ , വിഷം പുകഞ്ഞുനീറി...
ദേശാടനക്കിളി കരയുന്നു....


തണ്ണീര്‍തടങ്ങള്‍ വറ്റി,
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍,
കണ്ണീര്‍തുടങ്ങള്‍ മുറ്റി  !




Sunday, May 19, 2013

തിരസ്കൃതര്‍


ഏതോ സംവിധായകന്‍ നിഷ്കരുണം
വെട്ടിയെറിഞ്ഞു കളഞ്ഞ
ഒരു നരച്ച കാഴ്ച.

ഏതോ പാട്ടുകാരന്‍ പാടാനാകാതെ
സംഗതികള്‍ തുപ്പിക്കളഞ്ഞ
ഒരു ഇടറിയ ശബ്ദം.

ഏതോ അടുക്കളയില്‍ നിന്ന് അടിച്ചിറക്കിയ
രസമുകുളങ്ങള്‍ കൈവിട്ട
ഒരു നുള്ള് രുചി.

ഏതോ കിടപ്പറയിലെ പിണക്കങ്ങളില്‍
വീര്‍പ്പുമുട്ടി മരവിച്ച
ഒരു സ്നേഹ സ്പര്‍ശം.

ഏതോ പൂന്തോട്ടത്തില്‍ നിന്ന് പറിച്ചെറിഞ്ഞ
പൂവില്‍ അനാഥമായ
ഒരു വശ്യ സുഗന്ധം.

ഒത്തുകൂടാന്‍ ഒരിടം കൊടുത്തപ്പോള്‍ ..
ഇവരെല്ലാം
എന്നോട് പറഞ്ഞത്,


ഏതോ കവിയുമായി പിണങ്ങി പിരിഞ്ഞു
ഒറ്റക്കായ
ഒരു പൊട്ടിയ വാക്ക്.....
നന്ദി!





Thursday, May 16, 2013

തബല

മഷികണ്ണ്‍ തേഞ്ഞോരു വൃദ്ധചര്‍മ്മത്തില്‍
വിഷംതീണ്ട വിരലുകള്‍ താളം മറക്കുന്നു.

അര്‍ദ്ധനാരീശ്വര ബന്ധം പിരിച്ചിട്ടും
തേങ്ങുന്നു, തേയുന്നു രണ്ടിടത്തിങ്ങനെ...


(പഘാവജ് എന്ന വാദ്യത്തിൽ നിന്നുമാണു തബല നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഹിന്ദുമത വിശ്വാസപ്രകാരമുള്ള അർദ്ധനാരീശ്വര സങ്കല്പവുമായ് പഘാവജ് ബന്ധപ്പെട്ടിരിക്കുന്നു. ഗണപതിയുടെ വാദ്യമെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഇത് മൃദംഗം പോലെ ഇരുവശങ്ങളിലും തുകലോടുകൂടിയവയായിരുന്നു. അതിനെ രണ്ട് വാദ്യങ്ങളാക്കിയത്രെ തബലയുണ്ടാക്കിയത്. "തോടാ, ഫിർ ഭീ ബോല" (മുറിച്ചിട്ടും പാടി) - അങ്ങനെയത്രെ തബല എന്ന പേരു വന്നത്. പഘാവജിന്റെ പഠനരീതികളാണു തബലക്കും തുടരുന്നത്. :- വിക്കിപീഡിയ)


Wednesday, May 15, 2013

നീ

ഞാന്‍
ഒളിച്ചിരിക്കാന്‍
തെളിച്ചിടത്തൊക്കെ
നീ
നിന്‍റെ കണ്ണുകള്‍
അടക്കാതെ കൊണ്ടു വെച്ചു!

ഞാന്‍
തനിച്ചിരിക്കാന്‍
മിനുക്കിവെച്ചിടത്തൊക്കെ
നീ
നിന്‍റെ സുഗന്ധം
അറിയാതെ വിതറിയിട്ടു

ഞാന്‍
മിണ്ടാതിരിക്കാന്‍
കണ്ടു വെച്ചിടത്തൊക്കെ
നീ

നിന്‍റെ വാക്കുകള്‍
മറക്കാതെ കുരുക്കിയിട്ടു...




കണി

കാലത്ത്‌ നേരത്തെ എഴുന്നേറ്റു വന്നപ്പോള്‍
ഉമ്മറത്തിണ്ണയില്‍ കാലാട്ടി  കാത്തിരിക്കുന്നു
ഒരു 'ചോദ്യം'

പുറത്തേക്കു വരണ്ട, ഇന്നത്തെ കണി ശരിയല്ല
എന്നുറക്കെ അകത്തേക്ക് വിളിച്ചു പറഞ്ഞു....

ഇപ്പോഴും കാത്തിരിപ്പാണ് ചോദ്യം,
അകത്തു മൂടിപ്പിടിച്ചുറക്കമാണ് ..
ഉത്തരം.

ജീവിതം

പകപുകഞ്ഞു കറുത്ത ഹൃദയ ഭിത്തികളില്‍
നഖംകൊണ്ടു ആരോ പോറിയിട്ടിരിക്കുന്നു...
'സ്നേഹം'

രക്തമുറഞ്ഞു ഉണങ്ങിപ്പോയ ധമനികളില്‍,
കാട്ടുതീ പടര്‍ന്നുയര്‍ന്നു ചാമ്പലാക്കുന്നു...
'പ്രണയം'

നീരുവറ്റി ചുളുങ്ങിയ ജീവ പേശികളില്‍
നരച്ച തലയിട്ടടിച്ചു ആര്‍ത്തു കരയുന്നു..
'കാമം'

വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു കെട്ടി
ദിവസേന പലര്‍ക്കായി സമ്മാനിക്കുന്നു..
'ജീവിതം'


Monday, May 13, 2013

ഞാന്‍ അഥവാ നമ്മള്‍ ...

ആള്‍ക്കൂട്ടത്തില്‍ ദരിദ്രനാണെങ്കിലും ,
ഏകാന്തതയില്‍ ധനികനാണ്....
ഞാന്‍!

കണ്ടുമുട്ടുമ്പോള്‍ മൌനികളാണെങ്കിലും,
കാണാദൂരത്ത് വാചാലരാണ് ...
നമ്മള്‍!


Thursday, May 9, 2013

ഞാന്‍ നിന്നെ സ്നേഹിക്കുന്നു ..

വിരസതയിലും 
രസമില്ലേ?

വിജനതയില്‍ 
ജന'മുള്ള പോലെ?
അവിശ്വാസത്തില്‍
വിശ്വാസം ഉള്ളത് പോലെ...
അവിവേകത്തില്‍
വിവേകം പോലെ...

അത് കൊണ്ടാണ് പറഞ്ഞത്..
ഞാന്‍ നിന്നെ സ്നേഹിക്കുന്നു ' എന്ന്..
അതില്‍..
ഞാനുണ്ട്,
നീയുണ്ട്,
സ്നേഹമുണ്ട്.....

വേരുകള്‍.

വരണ്ടുണങ്ങിയ
ഭൂമിയുടെ മുറിവുകളിലൂടെ..
തുറിച്ചുനോക്കുന്നു ,
പ്രാണന്‍ തേടിയലയുന്ന
വേരുകള്‍..........

Tuesday, May 7, 2013

അടയാളങ്ങള്‍

ഓരോ പിണക്കങ്ങളും
മുറിവുകളാണ്.

വൃണം ശമിചാലും
തെളിഞ്ഞു നില്‍ക്കുന്ന
മുറിപ്പാടുകള്‍ ..

ഭാവിയില്‍..
നിന്നെയും , എന്നെയും
വികൃതമാക്കുന്നത്
ഈ വടുക്കളായിരിക്കും .

വൃത്തിയുള്ള ചിന്തകളില്‍ എന്നെ
ഉപേക്ഷിച്ചു പോയിരുന്നെങ്കില്‍,
കറുത്ത രാത്രികളുടെ ഓര്‍മ്മകീറുകളിലൂടെ
നക്ഷത്രക്കണ്ണ്‍ കൊണ്ടെന്നെ നോക്കാതിരുന്നെങ്കില്‍,
എങ്കില്‍, എങ്കില്‍ മാത്രം എനിക്ക് നിന്നെ മറക്കാം...!

Sunday, May 5, 2013

തിരയും തീരവും


പിണങ്ങി പോകുമ്പോളൊക്കെ
തിരിച്ചു വിളിക്കുന്നു..
തിരയെ, തീരം!

Friday, May 3, 2013

...കാരണം..നീ കുട്ടിയാണ്...

എന്നെ തിരഞ്ഞു തളര്‍ന്നു വന്നിരുന്നതാണ് ..
ഈ കല്‍പ്പടവില്‍.. ഞാന്‍!
എന്നിട്ടിപ്പോള്‍, എന്നോടു ഞാന്‍ ചോദിക്കുന്നു...
'ബീഡി ഉണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍?'

പെണ്ണെ, നിന്നെ തിരഞ്ഞു നടന്ന രാത്രിസ്വപ്നങ്ങളില്‍ എല്ലാം
നീ വന്നു ചോദിക്കാറുണ്ട്,
'കുമാരേട്ടാ, ചുണ്ണാമ്പ് തരുമോ?'

കൂട്ടുകാര, നിന്നെത്തിരഞ്ഞു വന്നപ്പോളൊക്കെ
നീ പറഞ്ഞു...
'പോ മോനെ ദിനേശാ'

ചിരിക്കണ്ട....
'നിനക്കൊന്നും അറിയില്ല, കാരണം നീ കുട്ടിയാണ്'

ദൈവത്തിന്‍റെ സ്വന്തം നാട്!

സന്ധ്യക്ക് ആദ്യം കത്തിക്കുന്നത്..
കൊതുകുതിരി..
പിന്നെ,
മെഴുകുതിരി...

ദൈവത്തിന്‍റെ സ്വന്തം നാട് തന്നെ!!!


Wednesday, May 1, 2013

നിങ്ങളോര്‍ക്കുക...

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!

നിങ്ങളവരുടെ കറുത്ത മക്കളെ
കവിതയാക്കീലെ?
നിങ്ങളവരുടെ നനഞ്ഞ കണ്ണുകള്‍
ചിത്രമാക്കീലെ?


നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!


നിങ്ങളവരുടെ കുഴിമാടം
സ്മാരകമാക്കി!
നിങ്ങളവരുടെ കറുത്ത പെണ്ണിനെ
കാരിരുമ്പാക്കി !


നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!

നിങ്ങളവരുടെ കാട്ടുജീവനെ
വിറ്റ് കാശാക്കി!
നിങ്ങളവരുടെ കഥ പറഞ്ഞ്
പേര് നന്നാക്കി!


നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!

വെന്ത മണ്ണിന്‍ വീറുപോലെയിന്നാരുമില്ലല്ലോ?
കുറത്തിയാട്ടത്തറയിലെത്താനാരുമില്ലല്ലോ?
ഉളിയുളുക്കിയകാട്ടുകല്ലിനു മൌനമാണല്ലോ?
കാട്ടുവള്ളിക്കിഴങ്ങു പോലും കിട്ടുന്നില്ലല്ലോ?


നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!

നിങ്ങളറിയണമിന്നവര്‍ക്ക് ഇല്ല വഴിയെന്ന്,
വേറെയില്ല വഴിയെന്ന്!

ഇന്നുമെഴുതാന്‍ ബാക്കി വെച്ചൊരു പച്ച ജീവന്‍റെ
വാക്കെടുക്കുക
കവിതയാക്കുക
കണ്ണടക്കുക്ക..
കരിനാഗതറയില്‍ അവരുടെ തൊലിയടര്‍ന്നു വീഴുമ്പോള്‍....
പേരെടുക്കുക..
പ്രശസ്തരാകുക....






കല്ലുവെച്ച നുണകള്‍...

കല്ലെടുത്ത്
എറിഞ്ഞത് എന്തിനെന്ന്
ചോദിച്ചപ്പോള്‍ നീ  പറഞ്ഞു....
കല്ലുവെച്ച നുണകളായിരുന്നു
നമ്മളിത്രകാലവും പറഞ്ഞിരുന്നതെന്ന്!!