Monday, December 16, 2013

രചന

വാക്കിടക്കിടെ
ഊര്‍ന്നുപോകുമ്പോള്‍
ഇടംകയ്യാല്‍ വലിച്ചു കേറ്റിയും..
ഓര്‍മ്മ നിലക്കാതെ
ഒലിച്ചിറങ്ങുമ്പോള്‍
പുറംകയ്യാല്‍ തുടച്ചു മാറ്റിയും ..
കാലമോടിവീണുരഞ്ഞേടം
പഴുക്കുമ്പോള്‍
പച്ചിലച്ചാറൊഴിച്ച് നീറ്റിയും..

എഴുതിപ്പോയി,
എത്ര മഷിതണ്ടുരച്ചിട്ടും
മാഞ്ഞു പോകാത്തോരീ കവിത,
ഞാനിനിയിതെന്തു ചെയ്യും?

സ്വപ്നം

രാത്രിയിൽ,
ഒരോർമ്മപ്പിശകിന്‍റെ
കയ്യും പിടിച്ചുറങ്ങാതെ-
യാത്രചെയ്യുന്നുണ്ട് ,
പുലരിയിൽ
പൂക്കാൻ കൊതിക്കുന്ന
പൂക്കൾ!

ഒരു തുള്ളി കണ്ണുനീർ
നനച്ചാൽ മതി,
ഒരു നുള്ളു സ്നേഹം
വളമായ് മതി..
കാലത്ത് കണിയിനി
ഞങ്ങൾ  മാത്രം മതി...
എന്നൊക്കെ ..
തേന്‍ കിനിയുന്നുണ്ട് ..
വാക്കിതളുകളില്‍!




വേനല്‍

നിന്‍റെ ചിരി മാഞ്ഞ രാത്രിയോ,
അമാവാസിയോ?

നിന്‍റെ മിഴിതോരാ പകലോ,
തുലാവര്‍ഷമോ?

നിന്‍റെ കരള്‍ വേവും കാലമോ,
കൊടും വേനലോ...?




ഉദ്യാനപാലകന്‍

എന്‍റെ പനിനീര്‍ ചെടിയിലൊരു
പൂ വിരിഞ്ഞാല്‍,
ഞാനത്
പറിച്ചെടുക്കുകയില്ല!
പൂക്കളില്ലെങ്കില്‍
ഈ തോട്ടമൊരു
പൂന്തോട്ടമാകില്ലല്ലോ ??




ദാഹം

മറന്നുവെച്ചതെന്തോ തിരയുന്നപോലെ
തുടങ്ങിയിട്ടവസാനം , വിശന്ന കുഞ്ഞിന്‍റെ
ആര്‍ത്തിയോടൊട്ടും ബാക്കിവെക്കാതെ,
മുറിഞ്ഞ ചുണ്ട്  ഇനിനീയെന്തു ചെയ്യും?


Saturday, December 7, 2013

ന്റെ ജീവൻ!

ജീവൻ പോയാൽ മരിക്കുമെന്നെല്ലാരും പറയുന്നു...!
എന്നിട്ടുമെന്റെ ജീവന്റെ ജീവനേ..
നീ പോയിട്ടും, ഞാനെന്തേ ചാവാഞ്ഞൂ??


Tuesday, December 3, 2013

ഡ്രൈവിംഗ് സ്കൂള്‍

വിലാസിന്യേച്ചിക്ക്‌
വളരെക്കുറച്ചു നിര്‍ബദ്ധങ്ങളെ ഉണ്ടായിരുന്നുള്ളൂ.
പിള്ളാര് ഉറങ്ങുന്നതിനു മുന്‍പും,
താന്‍ ഉറങ്ങിയതിനു ശേഷവും,
വരരുത്.
കടം പറയരുത്.
പകല് കാണുമ്പോള്‍
കാര്‍ക്കിച്ചു തുപ്പരുത്!
എന്നിട്ടും,
വെറും അഭിസാരികയായ അവരെ,
ഞങ്ങള്‍,
തേടിപ്പോയവരും , ഓടിപ്പോയവരും
വഴിപിഴച്ചവള്‍
എന്ന് വിളിച്ചു!!