Monday, November 21, 2016

മഞ്ഞ

മാഞ്ഞ്പോയ സ്വപ്നങ്ങളാണ്,
മഞ്ഞ പൂക്കളായ് ജനിക്കുന്നത്!
രക്തംകിനിയുന്ന ഓര്‍മ്മകളില്‍ ചെമ്പനീര്‍ പൂക്കുന്ന പോലെ.
രാത്രിയിലൊരു നിശാഗന്ധി, വിളിച്ചുണര്‍ത്തുന്നതു പോലെ.
വഴിയരികിലൊരു നീലക്കുറിഞ്ഞി പൂക്കാന്‍ കാത്തു നില്‍ക്കുന്ന പോലെ...
വാടിയതും, ചൂടിയതും.. പൂജിച്ചതും.... സ്വപ്നങ്ങളായിരുന്നു...
സൂര്യന്‍ മണ്ണിലെഴുതിയ കവിതകളായിരുന്നു!

പ്രണയലേഖനം

വരികൾക്കിടയിൽ നിന്ന് 
പുറത്തെടുത്ത്,
വാക്കുകൾ തുടച്ചു കളഞ്ഞ്,
അക്ഷരങ്ങൾ അഴിച്ചുമാറ്റിയപ്പോഴാണ്
നിന്നെ ഞാൻ തിരിച്ചറിഞ്ഞത്..!
എന്റെ ആദ്യത്തെ പ്രണയലേഖനം,
അവസാനത്തേയും !

സ്നേഹം

നീ
നിലയ്ക്കാത്ത സ്നേഹമായ്
പെയ്യുമ്പോളെനിക്കെന്തു ചെയ്യാനാകും,
തളിർത്തിടത്തൊക്കെ
പൂക്കുവാനല്ലാതെ,
സുഗന്ധം പറത്തി ക്ഷണിക്കുവാനല്ലാതെ,
രാഗരേണുക്കൾ പടർത്തുവാനല്ലാതെ ...
വല്ലാത്തൊരാത്മാനുരാഗത്തിൻ
തേൻ തുള്ളിയിറ്റിച്ചു പൊള്ളിയെങ്കിൽ..
പൊറുത്തു കൊൾക !
വെറുത്തുകൊൾക !

ഇരുട്ടില്‍

കണ്ടാല്‍,
ഓടിയൊളിക്കുന്നത്രയ്ക്ക്
പേടിയാണ്, ഇരുട്ടിനു,
വെളിച്ചത്തെ!
നിശബ്ദതയിലേക്ക്
ഒരുകുഞ്ഞു ശബ്ദം കാലിടറി വീഴുന്നു..
വാക്കുകള്‍
നടക്കാന്‍ പഠിക്കുകയാണ്!
സ്നേഹം ,
അരയില്‍ കെട്ടിപ്പിടിച്ചു ചിണുങ്ങുകയാണ്,
മടങ്ങിപ്പോകാനിറങ്ങുന്ന
വിരുന്നുകാരനോട്!
വഴിയരികില്‍
എല്ലായിടത്തും നോക്കുകുത്തികളാണ്
അന്ധന്റെ,
കണ്ണ് തട്ടാതിരിക്കാന്‍!



:)

ഓര്‍ക്കുവാന്‍ ഇഷ്ടമില്ലെങ്കിലും
ഓര്‍മ്മകള്‍ക്കിടയിലിപ്പോഴും
മറക്കുവാനാകാത്തതെന്തോ
മറഞ്ഞിരിക്കുന്നുണ്ടാകാം , പ്രണയമാകാം...!