കളഞ്ഞ് പോയതെന്തോ തിരയുന്നതിനിടക്കാണ്
പുസ്തകക്കാട്ടിലേക്കറിയാതെ കൈയ്യിട്ടത്...
കുറേ കാലമായല്ലോ കണ്ടിട്ട് എന്ന് ഞെട്ടിപരിഭ്രമിച്ച് ഓടിപ്പോയി... ഖസാക്കിന്റെ ഇതിഹാസത്തിലേക്കൊരു പാറ്റ.
തൊട്ടു താഴെ അനവധി ഊഴങ്ങളുടെ കൈപ്പാടു കൊണ്ട് ചട്ടതേഞ്ഞ് ദ്രവിച്ചു തുടങ്ങിയിരുക്കുന്നു, രണ്ടാമൂഴം.
ഏറ്റവും അടിയിലലയൊതുക്കി കിടപ്പുണ്ട്, എല്ലാം മായ്ക്കുന്ന കടൽ!
മരുഭൂമികൾ ഉണ്ടാകുന്നത് എങ്ങിനെയെന്ന് കൗതുകം പൊടി തട്ടി നോക്കി.
ഒരു ദേശത്തിന്റെ കഥ യോട് ചേർന്ന് തന്നെയാണ് മനുഷ്യന് ഒരു ആമുഖവും....
നിരാശയോടെ തിരിച്ചറിയുന്നു... വായനയുടെ ലോകത്ത് ഞാൻ അപരിചിതനായിരിക്കുന്നു.
രവിയും വൃകോദരനും അപ്പുവും ശ്രീധരനും അതിരാണിപാടവും എന്നെ മറന്നിരിക്കുന്നു.
പരിണാമം കൈയ്യിലെടുത്ത് തിരിഞ്ഞപ്പോൾ പുറത്ത് ആളറിഞ്ഞിട്ടും പൂയില്യൻ കുരക്കാൻ തുടങ്ങി!