Monday, January 23, 2012

പരിഭവം

പറയൂ നീയിനി എത്രനേരമീ പരിഭവപുതപ്പിലുറങ്ങും?
അറിയൂ, നീയില്ലയെങ്കിലെനിക്കിനി ചിറകില്ല ആകാശമില്ല!
അറിയാതെ ഞാനെന്തു ചെയ്തതാണാവോ
പറയാതെ അറിയുന്നതെങ്ങിനെയിന്നു ഞാന്‍!

നിന്നോടെനിക്കെന്ത് എന്നറിയുവാനാണെങ്കില്‍
എന്നോടു നിനക്കെന്ത് എന്നോര്‍ത്താല്‍ മതി.

ഇന്നോളമീ കരിമഷികണ്ണില്‍ ഞാന്‍ നോക്കിയപ്പോളൊക്കെ
കുന്നോളമല്ലേ, സ്നേഹം പൊലിച്ചു നീ!
ഒറ്റക്കു നനയുവാനായിരുന്നെങ്കിലീ മഴയത്തു ഞാനെന്തിനീ
മുറ്റത്തു നില്‍ക്കുന്നു നിന്നെയോര്‍ത്തെപ്പോഴും നഗ്നനായ്, നിരന്തരം!

ചേര്‍ന്നു നില്‍ക്കു നിലാവേ നിനക്കെന്റെ ജീവനില്‍ നിന്നെന്നോ
വാര്‍ന്നു പോയൊരാ പാതിരാപാട്ടിന്റെ പല്ലവിയാകുകില്‍!

Sunday, January 15, 2012

ഇനിയിത്രമാത്രം!

അവനവനിലേക്കുതന്നെ
ഒടിഞ്ഞുവീണുണങ്ങുകയാണെന്റെ ജീവന്‍!
ഈര്‍പ്പത്തിലേക്കു പടര്‍ത്തിയ വേരുകളെല്ലാം
അറുത്തെടുത്തു ചുട്ടുതിന്നു പലരും!

തായ്‌വേരില്‍ രസം തുളച്ച് ഉണക്കിക്കളഞ്ഞെന്റെ
പച്ചയും പ്രാണനും!

ചില്ലകള്‍ കാണാതെ മടങ്ങിപോകുന്നു
പണ്ടു ചേക്കേറിയിരുന്ന
ദേശാടനക്കിളികള്‍!

പാതിരാക്കാരോ ചൂട്ടും കത്തിച്ചെത്തിനോക്കുന്നു
യക്ഷിയെ തളക്കാനിടംകാണാതെ
കാര്‍ക്കിച്ചുതുപ്പുന്നു!

ഊഞ്ഞാലിനോര്‍മ്മയില്‍ ഉറക്കം കെട്ടു
തളര്‍ന്ന രാവുകള്‍!

മഴുകൊണ്ടു കരഞ്ഞ മുറിവുകളിപ്പോള്‍,
ചിതലരിക്കും വടുക്കള്‍മാത്രം!

ആരോടു പറയാന്‍ അവരെല്ലാം വഴിതെറ്റിവന്ന
പഥികര്‍ മാത്രം!

വേരോടെ പിഴുതെറിയാം ഓര്‍മ്മകള്‍ ,
ഈ കാട്ടുമരത്തിനെ വിട്ടു പോയ കൂട്ടരേ
നമുക്കിടയില്‍ ഇനിയിത്രമാത്രം!