Wednesday, March 14, 2012

പറയാന്‍ മറന്നത്!

എന്തിനു വെറുതെ കൈകോര്‍ക്കുന്നു നീ
ആരാകിലും ഒന്നൊഴികെ എല്ലാം നിരര്‍ത്ഥകം
വ്യതിരിക്തനാണ് ഞാന്‍ നിന്‍റെ സങ്കല്‍പ്പ വീഥിയില്‍,
തിരിച്ചറിയുകെന്‍റെ അന്ത്യശാസനം, അവസാന ചുവടിനു മുന്‍പ്‌ !

ആരാണിത്, എന്‍റെ അനുയാത്രിക(ന്‍)..?
പ്രതിപത്തികളില്‍ കയ്യൊപ്പ് ചാര്‍ത്തുന്ന അഭയാര്‍ത്ഥി!

വഴികള്‍ അജ്ഞാതപങ്കിലം, വിനാശ നിര്‍ഭരം!
തിരിച്ചറിയുക, തിരസ്കരിക്കുക!
ഭൂതകാലത്തിന്‍റെ വ്യാകരണങ്ങളില്‍ തളര്‍ന്നു വീഴുന്നു,
കൈവിട്ടു പോകുന്ന അനന്തമാം ജീവന്‍റെ അനുവര്‍ത്തനം!


സ്വതന്ത്രനാക്കുക, എന്നെ, നീ നിന്‍റെ
ആത്മാവ് കെട്ടുപോകുന്നതിന്‍ മുന്‍പേ!
കയ്യെടുക്കുകയെന്‍ തോളില്‍നിന്നും , നമുക്കിന്നു,
രണ്ടായ്‌ പിരിയുവാന്‍ നേരമായ്‌ പാതകള്‍..

പനിച്ചു കിടക്കുമീ പകലിന്‍റെ നെറ്റിയില്‍
നനച്ചിടാന്‍ എന്‍റെ ജീവിതം തനിച്ചിരിക്കട്ടെ !

Monday, March 12, 2012

ഞണ്ടുകള്‍!

തളരാതെ വളരുന്ന ജീവ കോശങ്ങളില്‍,
കൂരിരുട്ടിന്‍റെ കുരുതി മാളങ്ങളില്‍,
കെണിയിറുക്കങ്ങള്‍ കൂര്‍പ്പിച്ചു വെച്ച്,
കാത്തിരിക്കുന്നു കറുത്ത ഞണ്ടുകള്‍!

ജീവ നാഡിയില്‍ വഴിമുടക്കുന്നവ,
ശ്വേത രക്തം കുടിച്ചു വറ്റിക്കുന്നു.
ഇരുട്ടിലെക്കെറിയുന്ന കല്ലുപോലിപ്പോഴും,
ലക്ഷ്യമില്ലാതെ അനാഥമാകും ജന്മം!

ചൂട്ടു കത്തിച്ചു പേടി ചൂടുമ്പോഴും
നേര്‍ത്ത രോമങ്ങള്‍ കരിയുന്ന ഗന്ധം!
ചിതലരിച്ചൊരാ ജീവിത നൗകക്ക്
തിരയിളക്കങ്ങള്‍, ഭീകര സത്വങ്ങള്‍!

ഇനി നിനക്കായ്....

മണ്‍ചെരാതില്‍ ഉലയുന്ന തിരിനാളം
കൂപ്പു കൈകളാല്‍ പൊത്തിപിടിക്കട്ടെ!

നരച്ച പകലിന്‍റെ ഭിന്നാഭിരുചികളില്‍
തിളച്ച സൂര്യന്‍ ഒലിച്ചിറങ്ങട്ടെ!

മഴവില്ല് തീര്‍ക്കുവാന്‍ മാനത്ത് നിറയുന്ന
മഴക്കാറ് പെയ്തു നിന്‍ സൂര്യനും നനയട്ടെ!

വേണ്ടത്ര സന്തോഷപ്പൂക്കള്‍ വിരിയട്ടെ,
കാല്‍പ്പാന്ത ചേതന പ്രാണനില്‍ തഴക്കട്ടെ!