Wednesday, November 26, 2014

പ്രയാസം

നിനക്കുമാത്രം , പ്രിയേ, കേൾക്കാൻ കഴിയുന്ന
സ്നേഹഗീതമാണെന്റെയീ മൗനം ..
കണ്ണടച്ചാൽ മാത്രം തെളിഞ്ഞുകത്തുന്ന
മണ്‍ചിരാതായി മാറണം നാമിനി!
നിനക്കുമാത്രം, പ്രിയേ, എഴുതാൻ കഴിയുന്ന
വിരഹഗാനമാണെന്റെയീ ജന്മം ..
അകന്നിരുന്നാലത്ര അടുപ്പമേറുന്ന
പ്രവാസജന്മങ്ങളാകാം നമുക്കിനി!

Tuesday, November 25, 2014

പ്രണയബാക്കി

സ്നേഹം വീതംവെക്കുമ്പോൾ
ഏറ്റവും ചെറിയ പങ്ക് കിട്ടിയവരേ
അവസാനം വരെ കാണൂ...
കുറഞ്ഞുപോയതും പറഞ്ഞു, കരഞ്ഞുംകൊണ്ട് !
ആ തേങ്ങൽ തന്നെയാണ് ..
പ്രണയം!

Monday, November 24, 2014

അറിയിപ്പുകൾ !



ഒരോർമ്മയുടെ  തുണ്ടം കളഞ്ഞു കിട്ടിയിട്ടുണ്ട്,
ഉടമസ്ഥർ തെളിവുസഹിതം വന്ന്  തിരിച്ചെടുക്കുക!

സ്വപ്നത്തിൽ നിന്നും പോയ  കാമുകി പരിസരത്ത് 
എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടൻതന്നെ ഉറക്കത്തിലേക്കു 
തിരിച്ചുവരണം , കാമുകൻ  ഉണരാതെ കാത്തിരിക്കുന്നു!

ജീവിതത്തിൽ നിന്നും മരണത്തിലേക്ക് പോകുന്ന 
കാലം എക്സ്പ്രസ്സ്‌ , ഏതാനും നിമിഷങ്ങൾക്കുള്ളിൽ 
ഒന്നാം നമ്പർ പ്രതീക്ഷയിൽ എത്തിച്ചേരുന്നതാണ് !

പുകവലിപാടല്ല !

കയ്യും തലയും അകത്തിടരുത് !

Tuesday, November 4, 2014

സദാചാരി

വാതിലുകള്‍ തുറന്നിട്ടാലും,
ജനലുകളിലൂടെ എത്തി നോക്കും!
രണ്ടും അടച്ചിട്ടാലും,
പഴുതുകളിലൂടെ ഒളിഞ്ഞു നോക്കും!

വേലി മാറ്റി,
മതില് കെട്ടിപ്പൊക്കിയപ്പോഴേ
അപരിചിതനായ അയല്‍ക്കാരനാണ്,
സദാചാരി!