Sunday, February 28, 2016

വീണ്ടും

കണ്ടാല്‍,
ഓടിയൊളിക്കുന്നത്രയ്ക്ക്
പേടിയാണ്, ഇരുട്ടിനു,
വെളിച്ചത്തെ!

നിശബ്ദതയിലേക്ക് 
ഒരുകുഞ്ഞു ശബ്ദം കാലിടറി വീഴുന്നു..
വാക്കുകള്‍ 
നടക്കാന്‍ പഠിക്കുകയാണ്!

സ്നേഹം , 
അരയില്‍ കെട്ടിപ്പിടിച്ചു ചിണുങ്ങുകയാണ്,
മടങ്ങിപ്പോകാനിറങ്ങുന്ന
വിരുന്നുകാരനോട്!

വഴിയരികില്‍ 
എല്ലായിടത്തും നോക്കുകുത്തികളാണ്
അന്ധന്റെ,
കണ്ണ് തട്ടാതിരിക്കാന്‍!

Wednesday, February 17, 2016

കവി, ദാ !

വാക്കുകളെ നിര്‍ദ്ദാക്ഷിണ്യം
നിരാകരിക്കുന്നവനാണ് ,
കവി!
തിരസ്കരിക്കാനാവാതെ
ബാക്കിയാകുന്ന വാക്കുകളാണ്,
കവിത!