Wednesday, July 20, 2011

ശീര്‍ഷാസനം

ശീര്‍ഷാസനത്തില്‍ ഞാന്‍ ലോകത്തെ നോക്കി...
സിരകളില്‍ രക്തം വഴിപിഴച്ചു പാഞ്ഞു
ചിതലു തിന്ന തലച്ചോര്‍ വെറും എച്ചിലായി
ജീവന്റെ ഘടികാരം സമയദോഷങ്ങളെ മാത്രം അറിയിച്ചു
ആമാശയത്തില്‍ പെരുച്ചാഴി ഇര തേടിയലഞ്ഞു
ദക്ഷിണ കൊടുത്ത വിരലിന്റെ ബാക്കിയിലീച്ചകളാര്‍ത്തു.
ക്ലാവ് പിടിച്ച പഞ്ചേന്ദ്രിയങ്ങളില്‍...
പിതൃക്കളുടെ പരിഹാസച്ചിരി , ആത്മഹത്യക്കുറിപ്പിലെ അക്ഷരതെറ്റുകള്‍!
അമ്പലക്കുളത്തിലെ ചളിവെള്ളം , പൂജാമുറില്‍ പുകയുന്ന കരിന്തിരി...!
തട്ടിന്‍പുറത്തെ ഇരുട്ടില്‍ തൊട്ടറിഞ്ഞ പെണ്‍മ!

ഇനി,
പുറകിലെ പാലങ്ങള്‍ക്കെല്ലാം തീ കൊടുത്ത് പായട്ടെ ഞാന്‍..
മുപ്പത്തിനാലു ദിവസം കൊണ്ടുവരച്ച ചിത്രത്തിലേക്ക്
ഒരുതുള്ളി രക്തം ഇറ്റിച്ച് വികൃതമാക്കി...ചിരിക്കട്ടെ..
ചില്ലകളെല്ലാം മുറിച്ചുകളഞ്ഞു ഒറ്റത്തടിയാകട്ടെ...

എന്നെ നിങ്ങള്‍ക്കറിയില്ല, നിങ്ങളെ എനിക്കും..!

Friday, July 8, 2011

ഞാന്‍ കരയിലും.. നീ കടലിലും!

ഏകാന്തമമൊരു തുരുത്താണു മന:സ്സ്
-എന്നു നീ
എനിക്കു നീന്തി കടക്കേണ്ടതു നിന്റെ ശരീരമാകുന്ന കടല്‍..
-എന്നു ഞാന്‍
നീന്തി തളരാതെ, പറന്നു വന്നാലെന്ത്..
-എന്നു നീ
ചിറകുവിരിചാല്‍ ഞാനൊരു കഴുകനാകും..
-എന്നു ഞാന്‍
അന്നുമുതല്‍ നീയൊരു ജ്വാലാമുഖിയായി
ഞാനതിനു കാവലുമായി..
നീ തിരസ്കരിച്ചത്
എന്റെ പ്രണയമല്ല,
എന്റെ കാമവുമല്ല..
നിന്നെ തന്നെയാണ്..
ചാവുകടല്‍ നീന്തി നിന്നെ കണ്ടെത്തുന്ന
ഒരജ്ഞാത നാവികനു വേണ്ടി കാത്തിരിക്കാം ..
ഞാന്‍ കരയിലും.. നീ കടലിലും