Tuesday, June 24, 2014

സ്വപനം

ഒരു പാട്ടിന്‍റെ വരിയില്‍  പരസ്പരം മിഴി കോര്‍ത്തു
ഈണം മറന്നു നാം നടന്നുപോകേ

മഴവില്ല് മാനത്ത് കുടഞ്ഞിട്ട വര്‍ണ്ണങ്ങള്‍,
കണ്ണിലും കവിളിലും  നീ പടര്‍ത്തി ..

മോഹ മേഘങ്ങള്‍ കറുത്തിരുണ്ടപ്പോള്‍
സൂര്യസ്മിതം കൊണ്ടു  പേമാരി തീര്‍ത്തു നീ..

നനയാതിരിക്കുവാന്‍, സ്നേഹചിറകിന്‍റെ
ഇറയത്തിരുന്നു നാം ഊറി ചിരിച്ചു..

കഷ്ടകാലങ്ങളെ കീറിയെടുത്തോരോ
കളിവഞ്ചിയാക്കീട്ടൊഴുക്കി വിട്ടു..

പറയേണ്ടതില്ലാത്തോരായിരം വാക്കുകള്‍
മഴവെള്ള ചുവരില്‍  കുറിച്ചു വെച്ചു ..

മഴ തീര്‍ന്നു വാനം തെളിയുന്നതിന്‍ മുന്‍പേ
സ്വപ്നത്തില്‍ നിന്നെന്നെ ആരുണര്‍ത്തീ..?







Tuesday, June 17, 2014

=

ആരോ
അപായചങ്ങല വലിച്ചു നിര്‍ത്തിയ
ജീവിതത്തിന്നടിയില്‍ ,
നീണ്ടു നിവര്‍ന്നു കിടക്കുന്നു
നീയും, ഞാനും..
ഒരിക്കലും കൂട്ടിമുട്ടാത്തവര്‍!

Sunday, June 1, 2014

നമ്മള്‍

എത്ര വലിയ തെറ്റാണ്
നമ്മള്‍ ചെയ്തത്!
പ്രണയമാണെന്ന് അറിഞ്ഞതും,
പ്രണയമാണെന്ന് പറഞ്ഞതും...
എത്ര വലിയ തെറ്റാണ്
നമ്മള്‍ ചെയ്തത്!
ഒന്നും പറയാതിരുന്നെങ്കില്‍..
ഇന്നും,
തുറന്നു നോക്കാത്ത സമ്മാനപ്പൊതിപോലെ
പരസ്പരം കൊതിപ്പിക്കാമായിരുന്നു!
പൂരിപ്പിക്കാത്ത പദപ്രശ്നം പോലെ..
പ്രതീക്ഷയുടെ കളങ്ങള്‍
ഒഴിച്ചിടാമായിരുന്നു!
ഒളിച്ചു വെക്കാന്‍
ഒന്നുമില്ലാത്തവരായി ..
നമ്മള്‍...!