Thursday, August 18, 2022

പ്രകോപനം

അത്രമേൽ പ്രകോപനാവൃതമാകയാൽ,

മിത്രമേ നിന്നെയെൻ ജീവിത പുസ്തകത്തതാളിൽ നിന്നടർത്തികളഞ്ഞു ഞാൻ.

എത്ര വർഷങ്ങൾ ഒട്ടിപ്പിടിച്ചിരുന്നെന്റെയീ,

ചിത്രപുസ്തകത്താളിലന്നിറ്റു തുപ്പലം തേച്ചൊട്ടിച്ച നാൾ മുതൽ...

Tuesday, October 22, 2019

ഒരു വരി കൊണ്ട് മുറിഞ്ഞാൽ
ഒരു ചിരികൊണ്ട് സുഖപ്പെടുത്തണം...
സൗഹൃദം ഒരു antiseptic ആകണം!

നുണ

നുണ
അനാഥനാണ്!
സത്യം
വില്ലനും!

Friday, January 4, 2019

നവോത്ഥാനം.

വേരുകളോടാണ് കലിപ്പ്...
സ്വാതന്ത്ര്യമില്ലത്രെ!
ചിറകുകളോടാണ് ദേഷ്യം...
ഭാരമാകുന്നത്രേ!
നിറങ്ങളോടാണ് അപകർഷത...
നാണക്കേടാകുന്നത്രേ!
വെളിച്ചത്തോടാണ് ഭയം...
തെളിഞ്ഞു കാണുന്നത്രേ!
നവോത്ഥാനക്കാർക്ക്
മതിലുകളോടാണ് ഇഷ്ടം!
അതാകുമ്പോൾ അട്ടിയട്ടിയായടങ്ങി
നിരന്ന് കിടന്നാൽ മതിയല്ലോ...
സ്നേഹത്തിന് കുറുകേ
ഉദ്ധരിച്ചു നിൽക്കാമല്ലോ!
ഇരുപുറങ്ങളിലും നിന്ന്
മുഖം നോക്കാതെ പുലഭ്യം പറയാമല്ലൊ?

Sunday, December 2, 2018

മരണവും, ജീവിതവും...
ഒരു വടംവലി മത്സരമാണ്!
അതുകൊണ്ടു തന്നെയായിരിക്കാം
ജീവിതത്തിന്‍റെ ഭാഗത്ത്‌ 
നാം ആള് കൂട്ടുന്നത്‌!
സുഹൃത്തുക്കള്‍, ബന്ധുക്കള്‍!
കാരണം..
അപ്പുറത്ത് ആരൊക്കെ ..
എന്ന് നമുക്കറിയില്ലല്ലോ!

Saturday, December 1, 2018

കളഞ്ഞ് പോയതെന്തോ തിരയുന്നതിനിടക്കാണ്
പുസ്തകക്കാട്ടിലേക്കറിയാതെ കൈയ്യിട്ടത്...
കുറേ കാലമായല്ലോ കണ്ടിട്ട് എന്ന് ഞെട്ടിപരിഭ്രമിച്ച് ഓടിപ്പോയി... ഖസാക്കിന്റെ ഇതിഹാസത്തിലേക്കൊരു പാറ്റ.
തൊട്ടു താഴെ അനവധി ഊഴങ്ങളുടെ കൈപ്പാടു കൊണ്ട് ചട്ടതേഞ്ഞ് ദ്രവിച്ചു തുടങ്ങിയിരുക്കുന്നു, രണ്ടാമൂഴം.
ഏറ്റവും അടിയിലലയൊതുക്കി കിടപ്പുണ്ട്, എല്ലാം മായ്ക്കുന്ന കടൽ!
മരുഭൂമികൾ ഉണ്ടാകുന്നത് എങ്ങിനെയെന്ന് കൗതുകം പൊടി തട്ടി നോക്കി.
ഒരു ദേശത്തിന്റെ കഥ യോട് ചേർന്ന് തന്നെയാണ് മനുഷ്യന് ഒരു ആമുഖവും....
നിരാശയോടെ തിരിച്ചറിയുന്നു... വായനയുടെ ലോകത്ത് ഞാൻ അപരിചിതനായിരിക്കുന്നു.
രവിയും വൃകോദരനും അപ്പുവും ശ്രീധരനും അതിരാണിപാടവും എന്നെ മറന്നിരിക്കുന്നു.
പരിണാമം കൈയ്യിലെടുത്ത് തിരിഞ്ഞപ്പോൾ പുറത്ത് ആളറിഞ്ഞിട്ടും പൂയില്യൻ കുരക്കാൻ തുടങ്ങി!




നുണ

ജീവിതമല്ലാതെ,
മറ്റെല്ലാ കവിതകളും നുണകളാണ്.
കട്ടെടുക്കുന്നവർ
കൂട്ടിക്കൊടുക്കുന്നവർ
കാട്ടിക്കൊടുക്കുന്നവർ...
ഇവരെല്ലാം പറയുന്നതു,
ഒരേ നുണയാണ്!