Saturday, November 24, 2012

പ്രണയനയം

'പ്ര',
പ്രണയത്തില്‍ നിന്ന്
പ്രഹസനത്തിലേയ്ക്ക്
കൂടുവിട്ടു കൂടുമാറി.

അങ്ങിനെ,
'പ്ര' പോയ പ്രണയം,
നയം മാത്രമായി.

ഇറങ്ങിപ്പോയത്,
പ്രജ്ഞയാണോ..
പ്രതീക്ഷയാണോ..

Monday, November 19, 2012

സ്വപ്നം.

ഉറക്കം വരാത്തതെന്തിങ്ങനെയീരാവില്‍
ഉണര്‍ന്നിരിക്കുന്നുവോ നിന്‍റെ സ്വപ്നത്തില്‍ ഞാന്‍?

ഉണരാതിരിക്ക നീ കൊതി തീരുവോളം..
ഉറങ്ങാതിരിക്കാം ഞാന്‍, പുലരും വരെ.

Friday, November 16, 2012

താരാട്ട്


ഉമ്മവെച്ചുറക്കേണ്ട കുഞ്ഞു മോഹങ്ങളേ
ഇമ്മട്ടിലെന്നെ നീ നോക്കിചിരിക്കല്ലേ ...

ജീവന്‍റെ തിരി നീട്ടി നോക്കട്ടെ ഞാനെന്‍റെ -
പ്രാണന്‍റെ തൊട്ടിലില്‍ നീ കിടന്നാടുമ്പോള്‍...

ശീലങ്ങള്‍ അശ്ലീലമാകുന്നതിന്‍ മുന്നേ തേക്കട്ടെ,
മുലകളില്‍ ചെന്നിനായകത്തിന്‍പ്പക.

കാഴ്ചകള്‍ വേഴ്ചകളാകുന്നതിന്‍ മുന്‍പേ
പാഴ്ച്ചുവടെല്ലാം മറക്കാന്‍ പഠിക്കു നീ.

Thursday, November 15, 2012

മഴ


മഴ കൊണ്ടു നനയേണ്ട പ്രണയമെന്തിങ്ങനെ

കുട ചൂടിനില്‍ക്കുന്നു  പെരുവഴിയോരത്ത്.


മഴയെ സ്നേഹിച്ചാല്‍.....
കണ്ടു നില്‍ക്കും.
മഴയെ പ്രണയിച്ചാല്‍
കൊണ്ടു നില്‍ക്കും.


Wednesday, November 14, 2012

പാനപാത്രം

ആറ്റിക്കുടിക്കണമിന്ന്,
എന്നില്‍
ചൂടോടെ നിറഞ്ഞുനില്‍ക്കും,
നിന്നെ!

തുളുമ്പാതെ നോക്കണം ,
കരകവിഞ്ഞൊഴുകാതെ കാക്കണം,
എന്നിലേക്കിനിയും
നിര്‍ത്താതെ ഒഴുകുന്ന,
നിന്നെ.

പ്രണയം തിരയുമ്പോള്‍..

അവസാനം
ഒരു
നനഞ്ഞ ചുംബനം കൊണ്ടെന്നെ
തളര്‍ത്തി തകര്‍ക്കുന്ന വരെ..
ഇരുട്ടില്‍
കെട്ടിപ്പിടിച്ചു
നാം
പരസ്പരം  തിരയുകയായിരുന്നു...

ഞാന്‍
നിന്നെ തിരഞ്ഞത്
നിന്‍റെ ശരീരത്തിലായിരുന്നു...
നീ
എന്നെ തിരഞ്ഞത്...
എന്‍റെ മനസ്സിലും.


സ്നേഹിച്ചു തുടങ്ങും മുന്‍പേ ഉദ്ധരിക്കുന്നു പ്രണയം!
പ്രണയിച്ചു തുടങ്ങും മുന്‍പേ സ്ഖലിക്കുന്നു കാമം.


Saturday, November 10, 2012

പുലരികള്‍

ആകാശനീലയില്‍ സൂര്യന്‍റെ പ്രണയം 
മാരിവില്ലായ്‌ തെളിയുന്നു , പൊലിയുന്നു.
പേരറിയാത്തൊരു പൂവിന്‍റെ നെറുകയില്‍,
പുലരി തേങ്ങി, തേനായ് നിറയുന്നു.
മരണമാണോ, മഹാസാഗരത്തിന്‍റെ 
മടിയിലാരോ, മറന്നിട്ട മൌനമോ?
തിരകളെന്തോ പറയാന്‍ വിതുമ്പുന്ന,
കരയില്‍ കാലത്തിന്‍   കവിത വറ്റുന്നു .


Thursday, November 8, 2012

പെണ്ണകങ്ങള്‍ ...!

അര്‍ബുദം കരിയിച്ച മുലപറിച്ചെറിയാനാകാതെ
ഒറ്റച്ചിലമ്പില്‍ തലതല്ലി ചാകുന്നു, കണ്ണകി.
മധുരയില്‍, തലപോയ കോവലന്‍ കരയുന്നു, മാധവീ..മാധവീ...
പാണ്ടി രാജാവിന്‍റെ പെണ്ണിന്‍റെ ചിലമ്പിട്ട് തുള്ളുന്നു നപുംസകങ്ങള്‍.. !

കാലപാശത്തില്‍ കുരുങ്ങിയ സത്യവാനെ ഉപേക്ഷിച്ച്
പോത്തിന്‍പുറത്തിരുന്നു അട്ടഹസിക്കുന്നു , സാവിത്രി.

ദുര്യോധനന്‍റെ നഗ്നതയിലേക്ക് ഒളികണ്ണിട്ടുനോക്കുന്നു, ഗാന്ധാരി.
(ഉള്ളംതുടയില്‍ ഭീമന്‍റെ ഗദ കൊല്ലാന്‍ മടിക്കുന്നു)

പഞ്ചശിഖ ചൂടി വന്ന ജയദ്രഥന് പാഷാണം വിളമ്പുന്നു , ദുശ്ശള..!
വാനപ്രസ്ഥം പാതിയിലുപേക്ഷിച്ചു സത്യവതി വ്യാസനെ ശപിക്കുന്നു.
ആണായിപിറന്നവര്‍ക്കൊക്കെ മുലയൂട്ടുന്നു പൂതന.


Wednesday, November 7, 2012

മൂന്നാംകണ്ണ്

മലാല,
നെറ്റിയിലെ വെടികൊണ്ട പാട് നീ
മായ്ക്കരുത്, മറയ്ക്കരുത്.
വീണ്ടും,
അന്ധകാരത്തില്‍ വെളിച്ചമായ്‌,
സ്വാത്തില്‍ മാത്രമല്ല,
ലോകത്തിനു മുഴുവന്‍ 'കാഴ്ച' നല്‍കാന്‍..
ഒരു മൂന്നാം കണ്ണ്....!

വേരുകള്‍.

പിഴുതുനോക്കുന്നതെന്ത് നീ , നിത്യവും,
പ്രണയത്തിന്‍ ചെമ്പനീര്‍ പൂവിടാന്‍ കാക്കാതെ.

വഴുതി വീണതല്ലയീ പൂച്ചെടി , അതുനിന്‍റെ,
പ്രാണനിലേക്കല്ലോ വേരിറക്കുന്നു പിന്നെയും.Tuesday, November 6, 2012

തീവണ്ടി

നീരാവി വറ്റിയ ജീവന്‍റെ യന്ത്രത്തില്‍,
തീക്കനല്‍ കോരി നിറക്കുന്നതെന്തു നീ?
കണ്ടുമുട്ടില്ലൊരിക്കലും നമ്മളീ പ്രാണന്‍റെ,
തീവണ്ടി പായുന്ന പാളങ്ങളല്ലയോ..?

ആശ്വസിപ്പിക്കല്‍..

"ഇവിടെ തൊട്ടാല്‍ വേദനിക്കുന്നുവോ?"
" വേദനിക്കുന്നു, ഒരുപാട്"
- പിന്നെ നീ  അവിടുന്നു കൈ എടുത്തേയില്ല...!
തൊട്ടാല്‍ വേദനിക്കുന്നത് എവിടെയാണ് 
എന്ന് ചോദിച്ചപ്പോള്‍ കാണിച്ചു തന്നത്,
നീ വീണ്ടും വീണ്ടും അവിടെത്തന്നെ 
തൊട്ടുനോക്കും എന്നറിയാതെയാണ്...!

Saturday, November 3, 2012

പാര്‍വണം....

ക്ലാസ്സ്‌ മുറിയില്‍ നിന്നും ഉയര്‍ത്തി പിടിച്ച കൈയ്യുമായ്‌
നീ  ഓടി വരുമ്പോള്‍, എനിക്കറിയാം..
നിന്‍റെ കൈയ്യില്‍ ഒരു നക്ഷത്രം വരച്ചു വെച്ചിട്ടുണ്ടാകും, ടീച്ചര്‍!!!!!!

അഞ്ചു കിലോമീറ്റര്‍ യാത്രക്കിടയില്‍, കഴുത്തിലൂടെ കൈയ്യിട്ടു, പിന്നിലിരുന്നു നീ എന്‍റെ ചെവിയില്‍ പറയുന്ന....വിശേഷങ്ങള്‍!!!
ഒന്നിച്ചു ഉണ്ട്, അമ്മയെ പറ്റിക്കാന്‍ ഉറക്കം നടിച്ചു കിടന്ന ഉച്ച നേരങ്ങള്‍..!
രാജകുമാരിക്ക് സാഹസിക യാത്രക്ക് കുതിരയാകാനും..
ദേഷ്യം വരുമ്പോള്‍ കാല്‍ മടക്കി തൊഴിക്കാനൊരു അടിമയകാനും..
സ്വപ്ന ലോകത്തേക്ക് കൊണ്ടുപോകാനൊരു ആകാശ നൌകയാകാനും...
ഞാന്‍ ഇപ്പോഴും കാത്തിരിക്കും, വൈകുന്നേരങ്ങളില്‍!...!

ചുവരായ ചുവരൊക്കെ ചിത്രകാരിക്ക് കാന്‍വാസ്!
നീ വരച്ചിട്ട ഓരോ വാക്കുകളും അതുപോലെ കിടക്കുന്നു, തൂണിലും, തറയിലും, ചുവരിലും, ചാരുകസേര കൈയ്യിലും, പാവക്കഴുത്തിലും!

കുളിമുറിയിലെ ഹാങ്ങറില്‍ തൂങ്ങി കിടക്കുന്നു ഒരു റിബ്ബണ്‍!
ഫ്രിഡ്ജ്ന്‍റെ പള്ളയില്‍ ഒട്ടിപിടിച്ചിരുന്നു കലഹിക്കുന്നു, ടോം & ജെറി!
പിങ്ക് സൈക്കിള്‍ കൊട്ടയില്‍ നിറയെ ചായ പെന്‍സിലുകള്‍..!


ഈ വീട് ഞാന്‍ ഒഴിയാത്തതെന്തു എന്ന് നമുക്ക് രണ്ടുപേര്‍ക്കും മാത്രം അറിയുന്ന ഒരു  രഹസ്യം!

വക്ക് പൊട്ടിയ വാക്ക് !


വക്കു പൊട്ടിയ വാക്കിന്‍റെ മൂര്‍ച്ചയാല്‍ -
ഇക്കവിതക്കു ശീര്‍ഷകം വരക്കട്ടെ, ഞാന്‍!..
ദിക്ക് തെറ്റിപ്പറക്കുന്ന പട്ടങ്ങള്‍ വീഴാതെ-
പൊക്കമേറെ കൊതിക്കുന്നു , കൊഴിയുന്നു.ചിറകു വെന്തു ഞാന്‍ തളരുന്ന നേരത്ത്
വരിക നീയെന്‍ ഇണപ്പക്ഷി , ചാരത്ത്
വെറുതെ ഓരോന്ന് കുറുകി രമിക്കുമ്പോള്‍
നിറയെ  ചില്ലകള്‍ തണലായ്‌ തളിര്‍ക്കട്ടെ!


അന്യോന്യമെത്ര തിരഞ്ഞു നാം മിഴികളില്‍,
ഇമപൂട്ടിടാതെ , ചിരിക്കാതെ, കരയാതെ!
ആനന്ദമീമട്ടില്‍ തോരാതെ പെയ്യുന്നു ജീവനില്‍,
ഈറനാകുന്നു, സ്നേഹവും, പ്രണയവും!