Sunday, June 30, 2013

മുറിവ്

ഓര്‍മ്മ തറച്ചിട്ടും ചോര പൊടിയാത്ത മുറിവ്,
മറവി തേച്ച് പഴുക്കാതെ നോക്കണം, പക്ഷെ!

Wednesday, June 26, 2013

കൂടുവിട്ടു കൂടുമാറല്‍.

ജീവിതം വെച്ചുമാറാന്‍ തയ്യാറുള്ളവരില്‍ നിന്ന്
അപേക്ഷ ക്ഷണിക്കുന്നു.

എന്‍റെ ശരീരത്തിലേക്ക് മാത്രമല്ല,
എന്‍റെ ജീവിതത്തിലേക്ക്,
സ്വന്തം ജീവിതത്തിന്‍റെ ആലഭാരങ്ങള്‍
ഒന്നുമില്ലാതെ,
നഗ്നയായി കയറിവരിക..
നിന്‍റെ ജീവിതത്തിലേക്ക്,
ഞാനും.

പുത്തന്‍ ജീവന്‍റെ ലഹരിയില്‍
നമുക്ക് മാറി മാറി വിരുന്നൊരുക്കാം.
എന്‍റെ പഴയ ജീവിതത്തെ നോക്കി ഞാനും
നിന്‍റെ പഴയ ജീവിതത്തെ നോക്കി നീയും..
പാനപാത്രം നിറക്കാം.
എനിക്ക് 'പഴയ' എന്നോട് ചിരിക്കാം
നിനക്ക് നിന്നോടും.

പണ്ട് അയച്ച കത്തുകള്‍ വീണ്ടും
വായിച്ചു നോക്കുന്ന പോലെ,
ഉപേക്ഷിച്ചു പോന്ന ജീവിതത്തിന്‍റെ
ശരി തെറ്റുകള്‍ വെച്ച്
ചതുരംഗം കളിക്കാം.

നിന്നിലേക്ക് ഞാനും
എന്നിലേക്ക് നീയും
കൂടുവിട്ടു കൂടുമാറിക്കഴിഞ്ഞാല്‍....
'നമ്മള്‍ ' അപരിചിതരാകുമോ
എന്നും നോക്കാം!


Friday, June 21, 2013

പ്രാണന്‍

എത്ര പിടിച്ചു വലിച്ചിട്ടും
പോരാന്‍ കൂട്ടാക്കാതെ
ശരീരത്തില്‍ അള്ളിപ്പിടിച്ച്
അലറിക്കരയുന്നു..

ജീവന്‍!

എന്താണാവോ
ഇത്രയ്ക്കു സുഖം,
ഈ മാംസകൂട്ടിനുള്ളില്‍
ഏകാന്തവാസം നോല്‍ക്കാന്‍!


ഇരകള്‍

ചൂണ്ടയിട്ടപ്പോളൊക്കെ
നീ അതില്‍ കൊത്തി,
പക്ഷെ കുരുങ്ങിയില്ല!

കെണിയൊരുക്കിയപ്പോളൊക്കെ
നീ അതില്‍ കയറി,
പക്ഷെ കുടുങ്ങിയില്ല!!

കുഴിയൊരുക്കിയപ്പോളൊക്കെ
നീ അതില്‍ വീണു,
പക്ഷെ മെരുങ്ങിയില്ല!!!

വിഷം തന്നപ്പോളൊക്കെ
നീ അത് കുടിച്ചു,
പക്ഷെ മരിച്ചില്ല!!!!

നീ
ഇപ്പോഴും കാത്തിരിക്കുന്നു,
ഞാന്‍
എന്ന ഇരക്ക് വേണ്ടി!


Thursday, June 20, 2013

അമ്പട ഞാനേ!

സമാധാനത്തിന്‍റെ 
വെള്ളപ്പിറാവിനെ
ആകാശത്തേക്ക് 
പറത്തിവിട്ടിട്ടതിനെ
അമ്പൈത് കൊന്നിട്ടെന്‍റെ 
ഉന്നം തെളിയിച്ചു ഞാന്‍!

അമ്പട ഞാനേ!


Wednesday, June 19, 2013

അപാരം!

രണ്ടു വ്യക്തികള്‍ കൂട്ടിമുട്ടി,
അപകടം!

രണ്ടു ശബ്ദങ്ങള്‍ കൂട്ടിമുട്ടി,
അപസ്വരം !
....
പക്ഷെ,
രണ്ടു വാക്കുകള്‍
കൂട്ടിമുട്ടി .. ഒറ്റ വാക്കായി..
'അപാരം' !


കനല്‍-കെട്ട = കരിക്കട്ട!

നീറിപ്പടര്‍ന്നപ്പോള്‍
കനല്‍ക്കട്ട യെന്നു, നിന്‍
കണ്ണീര്‍  നനച്ചെന്നെ
കരിക്കട്ടയാക്കി , നീ !


നങ്കൂരമില്ലാത്ത കപ്പല്‍.!

ഉമിനീര്‍ ചുംബനം കത്തിച്ചു സ്വാഗതം
മിഴിനീര്‍ ചുംബനം യാത്രാമൊഴി!
പലനാള്‍ കരക്കടുക്കാത്തൊരാ കപ്പലില്‍
അലയുന്ന നാവികന്‍ അണിയുന്ന സാന്ത്വനം!


Saturday, June 15, 2013

കാണ്മാനില്ല !

പുറപ്പെട്ടുപോയ ജീവിതക്കുഞ്ഞിനെ
തിരക്കിട്ട് തിരികേ വിളിക്കുന്നു,
'നീ പോയതില്‍ പിന്നേ...' ,-യെന്നു
തേങ്ങുന്ന  പത്രപ്പരസ്സ്യം!

സമയത്ത്
പിന്‍വിളി വിളിക്കാത്ത കാരണം,
അസമയത്ത് നിലവിളിയാകുന്നു
സ്നേഹം!ദാമ്പത്യം !

നമ്മളെ നമ്മള്‍ പരസ്പരം താങ്ങിയും
നമ്മളിലേക്ക് നാം ഒന്നായൊഴുകിയും.
ചെങ്കതിര്‍ പൂക്കുന്ന കണ്‍കളില്‍ നോക്കിയും
പങ്കിട്ടെടുത്തു നാം ജീവന്‍റെ ബാക്കിയും.

ഒറ്റയ്ക്ക് വേനലില്‍ വിങ്ങി വിയര്‍ത്തും,
ഒറ്റയ്ക്ക് വര്‍ഷത്തില്‍ മുങ്ങി  വിറച്ചും,
ഒറ്റയ്ക്ക് തന്നെ നാം താണ്ടുന്നു ജീവിതം
ഒറ്റയ്ക്ക് തന്നെ  തിളക്കുന്നു കാമിതം!Sunday, June 9, 2013

മരണങ്ങള്‍...

സ്വപ്നത്തില്‍ നിന്നും ചാടി വന്ന
ഒരു സ്നേഹകുഞ്ഞ്
ജീവിതത്തില്‍ പിടഞ്ഞു പിടഞ്ഞു
മരിക്കുന്നു...

ഇതുപോലൊക്കെ തന്നെ നീയും....
ജീവിതത്തില്‍ നിന്നും ചാടി..
സ്വപ്നത്തില്‍ ,
മുങ്ങിമരിച്ചു!

Friday, June 7, 2013

കുതിര്‍ന്ന കത്ത്!

നനഞ്ഞ പകലിന്‍റെ മഴവെള്ള പാച്ചിലില്‍
കളഞ്ഞു കിട്ടി,
തുറന്നു വായിച്ചിട്ടെറിഞ്ഞു കളഞ്ഞ
ഒരു കത്ത്.

കമിഴ്ന്നു വീണെന്നും
വാശിയാണെന്നും
വെള്ളം ഇല്ലെന്നും
ചിട്ടി കിട്ടിയില്ലെന്നും
കമ്മല് വിറ്റെന്നും
പശു പെറ്റെന്നും
പാല് കുറഞെന്നും..അവസാനം...
എന്തെ മറുപടി ഇല്ലാത്തെ എന്നും....
കുതിര്‍ന്ന വാക്കുകള്‍....


ഞാന്‍.....

പെട്ടന്ന് എനിക്കെന്നെ നഷ്ടമായി.
എവിടെ തിരഞ്ഞിട്ടും കാണുന്നില്ല...
മുടിയിഴകളില്‍ വെളുത്തും,
കണ്‍കളില്‍ ചുവന്നും,
തൊലിപ്പുറത്ത് കറുത്തും,
അവിടവിടെ ചുളിഞ്ഞും..
തളര്‍ന്നും..
കൊഴിഞ്ഞും....
കണ്ണാടിയില്‍ കാണുന്നതാണോ..
ഈ  ഞാന്‍???

പിന്നെയും ..


കണ്ണിനു കരച്ചിലൊരു
കടമമാത്രം!
കണ്ണുനീര്‍ അതിനൊരു
അടവുമാത്രം!

ജീവിതം വറ്റാത്ത 
പാനപാത്രം..
ജീവനോടൂറ്റുന്നു 
ആത്മമിത്രം.

പ്രണയമോ തീരാത്ത
മുറിവ് മാത്രം..
അണയും വിളക്കെന്ന
അറിവ് മാത്രം.

ഒരു നീണ്ട ഇടവേള വേണ്ടേ ,
ഒരു
ചിരിനീട്ടി വീണ്ടും പുണരാന്‍?

Tuesday, June 4, 2013

ത്രിമാനം

സാന്നിദ്ധ്യം കൊണ്ടെന്നെ അവഗണിച്ചു..

കണ്ണുകള്‍ കൊണ്ടു പരിഹസിച്ചു..

വാക്കുകള്‍ കൊണ്ടു മുറിവേല്‍പ്പിച്ചു..

നിന്‍റെ
ത്രിമാന പ്രണയത്തിന്‍റെ
തീവ്രതയില്‍ വെന്തു പോയി,

എന്‍റെ
ആത്മാഭിമാനം !

വെയിലിന്‍റെ കത്ത്.

മഴ ആര്‍ത്തലച്ചു പെയ്യുകയാണ്...
ഇക്കണ്ട മഴക്കവിതകളൊക്കെ വായിച്ചാല്‍
ആര്‍ക്കും തോന്നും ,
അതിരുവിട്ട ആഹ്ലാദം.

പാവം മഴക്കറിയില്ലല്ലോ ,
ഏഴാംനാള്‍ തീരുന്ന ഈ  മഴ പ്രണയം!

ഒന്ന് വിയര്‍ക്കാത്ത രതി..
ഉണങ്ങാത്ത തുണി
നിലക്കാത്ത പനി
നിറയുന്ന വഴി
നനയുന്ന യാത്ര

നോക്കിക്കോ
ഏഴാം നാള്‍ മുതല്‍ ഇവരെന്നെ
സ്നേഹിക്കാന്‍ തുടങ്ങും..
എനിക്കറിയാം ഇവരെ,
നന്നിയില്ലാത്തവര്‍!!!!!
- സസ്നേഹം വെയില്‍.

Saturday, June 1, 2013

പുകവലി

അറ്റത്തെരിയും മരണത്തെ,
വലിച്ചൂതി ചുമക്കുന്നു
കുറ്റിജീവന്‍!

മഞ്ഞ്

മഴ നനഞ്ഞ വെയിലിനിന്നു,
സന്ധ്യ തോരും മുന്‍പേ
മാറാത്ത മഞ്ഞു-ദോഷം...!

സമ്മാനം !

നന്ദി,
സൗഹൃദമേ...
ഇന്നലെ നീ തന്ന
സമ്മാനപ്പൊതി നിറയെ,
ഞാന്‍ മറന്ന വാക്കുകളായിരുന്നു.

ഇനിയെന്‍റെ സ്വീകരണമുറിയിലെ ചില്ലലമാരയില്‍
മൗനം ഒഴിചിട്ടിടത്തൊക്കെ ഞാനിവ പ്രദര്‍ശിപ്പിക്കും..
ഓരോ വിരുന്നിലും നിന്നെ കൊതിപ്പിക്കാന്‍,
ദിവസവും തുടച്ചു മിനുക്കി വെക്കും.