Wednesday, January 30, 2013

പരാജിതന്‍

പരാജിതന്‍റെ ശവപ്പറമ്പില്‍ പരസ്യം പതിച്ച കല്ലറകളില്ല!
കനലുറങ്ങാതെ പുകഞ്ഞു  നീറും പട്ടടകള്‍ മാത്രം.

Saturday, January 5, 2013

ഭസ്മം!

വരല്ലേ, വരല്ലേ , എന്നെ തൊടല്ലേ തൊടല്ലേ എന്നെത്ര ആളിപ്പടര്‍ന്നിട്ടും..
ചാരമായ്‌തീരനെന്നെപ്പുണര്‍ന്നിട്ടെന്‍റെ നെറ്റിയില്‍ കോറാനൊരു വെറും
ഭസ്മക്കുറിയായ്‌ എരിഞ്ഞടങ്ങിയോരെന്‍ സ്വപ്നമേ....
സ്വീകരിക്കുക എന്‍റെ തിലോദകം, ഭസ്മാസുര ജന്മസാഫല്യം !

Wednesday, January 2, 2013

ഹാ, ഉറക്കമേ...

ഹാ, ഉറക്കമേ...
നാണമില്ലേ നിനക്കിന്നും വരാന്‍ മടിച്ചേറെനേരമായ്‌
ഉമ്മറപ്പടിയില്‍ മുറുക്കി ചുവപ്പിച്ചും,
നാട്ടു പയ്യാരം  മുറ്റത്ത് കാര്‍ക്കിച്ചും,
ഏഷണിക്കോലങ്ങള്‍ തറയില്‍ വരച്ചും,
കുമ്പയില്‍ കുത്തുന്ന കൊതുകിനെ തച്ചും,
കാത്തിരിപ്പിന്‍ തഴപ്പായക്കീറില്‍, ഞാന്‍
കണ്ണടക്കാതെ നേരം പുലര്‍ത്തണോ?


നാട്ടു മാവിന്‍റെ ചില്ലയില്‍ പൂക്കുന്ന
കാറ്റുപോലും തളര്‍ന്നിന്നുറക്കമായ്‌..

വരിക, വന്നെന്‍റെ കണ്ണില്‍ കടിക്ക ,നീ,
തരിക, നീ നിന്‍റെ കൂരിരുള്‍ കംബളം !








Monday, December 31, 2012

പുതുവത്സരാശംസകള്‍!

സൂര്യനുപോലും തണുക്കുന്ന പകലിന്‍റെ
ചാരുകസേരയില്‍ ചടഞ്ഞിരിന്നിന്നു ഞാന്‍,
കാര്യമില്ലാത്തോരോ കാര്യങ്ങളോര്‍ത്തോര്‍ത്ത്
നേരുകയാണീ പുതുവത്സരാശംസ.

ആരെങ്കിലും വന്നെന്നെ വിളിച്ചെങ്കിലെന്നോര്‍ത്ത്
ചാരാതിരിക്കില്ല പടിവാതിലിന്നു ഞാന്‍, എങ്കിലും,
പേരെങ്കിലും ഓര്‍ക്കാന്‍ മറക്കാത്ത സൗഹൃദം, വന്നു-
ചേരാതിരിക്കില്ല പകല് ചാവുന്നതിന്‍ മുന്‍പേ.

പകരാതിരിക്കില്ല നുരയുന്ന സ്നേഹവും , കയ്പ്പും,
അകലാതിരിക്കുവാന്‍ പറയുന്ന വാക്കിന്‍റെ പതിരുകള്‍,
തകരാതിരിക്കില്ല പാനപാത്രങ്ങള്‍ പലതുമെന്നാകിലും,
പകലാകെയെന്തിനോ കാത്തിരിക്കുന്നു ഞാന്‍..

തരിക നീ നിന്‍റെ വാക്കും വരികളും,
കവിത വറ്റികരയുമെന്‍ കണ്‍കളില്‍..
തിരയിളക്കങ്ങള്‍ നീറ്റിപ്പടര്‍ത്തുക,
കവിത വന്നെന്നെ തിരികെ പ്പുണരട്ടെ!!

   പുതുവത്സരത്തിന്‍ പുണ്യം പുലരട്ടെ!

Saturday, December 29, 2012

സ്നേഹം

എത്രമാത്രമാണെത്രമാത്രമാണെന്നോ, സ്നേഹം ,
എനിക്കു നിന്നോടിത്രമാത്രം കുത്തി നോവിച്ചിട്ടും, മിത്രമേ!
എത്രമാത്രമാണെത്രമാത്രമാണെന്നോ, സ്നേഹം,
നിനക്കു ഞാനിത്രമാത്രം വികൃതമാം  , ചിത്രമോ?

Friday, December 21, 2012

എന്താണീ ആണത്തം?

അച്ഛനോടെന്തും ചോദിച്ചുകൊള്ളുകെന്നു പറയേണ്ടായിരുന്നു,
പേടിയാണെന്തുത്തരം പറയും ഞാന്‍ നാളെയാ ചോദ്യം വരുമ്പോള്‍?

ആണായ്‌ പിറന്നതിന്നപമാനമായ്‌
കാണാന്‍ കഴിയാതെ കണ്ണും നിറഞ്ഞു പോയ്‌!

മരിക്കല്ലേ കുഞ്ഞേ, കൊടിയ വേദന തീക്കടല്‍  നീന്തിക്കടന്നു നീ
തിരികെ തീരത്തണയും വരേക്കുയരാതിരിക്കട്ടെ ആണഹങ്കാരം!


ലോകാവസാനമാണത്രേ

ലോകാവസാനമാണത്രേ , നമുക്കിന്ന്
ഒരേ പാത്രത്തിലുണ്ണാതുറങ്ങാതിരിക്കാം!
ഇനിവരില്ലെന്നും പറഞ്ഞു പോകുന്ന
സൂര്യനെ നോക്കി പകലുമുഴുവന്‍ വെറുതേയിരിക്കാം.

മിച്ചമുള്ളതിന്‍ കണക്കെടുക്കാം , ഉച്ചവരേക്കും മനക്കണക്കായ്‌..
വലിച്ചു തീര്‍ത്ത കുറ്റികള്‍, കുടിച്ചു തീര്‍ത്ത കുപ്പികള്‍...
കൊടുത്തു തീരാത്ത കടങ്ങള്‍, എടുത്താല്‍ പൊങ്ങാത്ത കടമകള്‍
പറക്കമുറ്റാത്ത മോഹങ്ങള്‍ , ആര്‍ക്കുമില്ലാത്ത രോഗങ്ങള്‍.

ലോകാവസാനമാണത്രേ , നമുക്കിന്ന്
ഒന്നിച്ചിരുന്നു മുറുക്കാം, മറക്കാതിരിക്കാം.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഞാത്തിയ
ഉത്തരത്തില്‍ നോക്കി ഊറി ചിരിക്കാം...


ചിറകു വേണ്ടാത്തോരാകാശമുണ്ടോ?
തിരയടങ്ങിയ തീരങ്ങളുണ്ടോ?
കിളികള്‍ ചേക്കേറാത്ത ചില്ലകളുണ്ടോ?
തുഴയുഴിയാത്ത നദികളുണ്ടോ ?

ലോകാവസാനമാണത്രേ...