Sunday, February 28, 2016

വീണ്ടും

കണ്ടാല്‍,
ഓടിയൊളിക്കുന്നത്രയ്ക്ക്
പേടിയാണ്, ഇരുട്ടിനു,
വെളിച്ചത്തെ!

നിശബ്ദതയിലേക്ക് 
ഒരുകുഞ്ഞു ശബ്ദം കാലിടറി വീഴുന്നു..
വാക്കുകള്‍ 
നടക്കാന്‍ പഠിക്കുകയാണ്!

സ്നേഹം , 
അരയില്‍ കെട്ടിപ്പിടിച്ചു ചിണുങ്ങുകയാണ്,
മടങ്ങിപ്പോകാനിറങ്ങുന്ന
വിരുന്നുകാരനോട്!

വഴിയരികില്‍ 
എല്ലായിടത്തും നോക്കുകുത്തികളാണ്
അന്ധന്റെ,
കണ്ണ് തട്ടാതിരിക്കാന്‍!

Wednesday, February 17, 2016

കവി, ദാ !

വാക്കുകളെ നിര്‍ദ്ദാക്ഷിണ്യം
നിരാകരിക്കുന്നവനാണ് ,
കവി!
തിരസ്കരിക്കാനാവാതെ
ബാക്കിയാകുന്ന വാക്കുകളാണ്,
കവിത!

Friday, January 15, 2016

ജ്ഞാനം

പൂമരം പൊഴിച്ചിട്ട വസന്തതിലാണ് നാം,
പ്രണയാക്ഷരങ്ങള്‍ എഴുതി പഠിച്ചത്!!
നഗരം ഉപേക്ഷിച്ച ഇടവഴികളിലാണ് നാം..
പ്രണയത്തിന്‍  മുദ്രകള്‍ പങ്കുവെച്ചത്..
വായനശാലയുടെ നിശബ്ദതയിലാണ് നാം,
പ്രണയ വേദന മടക്കി നല്‍കിയത്..
നിന്‍റെ ഹൃദയത്തിലും,
എന്‍റെ ഹൃദയത്തിലും
കോറിയിട്ട വാക്കുകള്‍ മാത്രമാണ് നാം ഇനി
പറയാന്‍ ബാക്കിയുള്ളത്..
പറയാതറിയേണ്ടത്..!

മൗനജാലം !

ചിരിമറന്ന ചുണ്ടുകള്‍ക്ക്
പറയാനുള്ളതാണ്...
കരിയെഴുതിയ കണ്ണുകള്‍
പറയാറുള്ളത്..!

പൂക്കള്‍

തലച്ചോറില്‍  പെയ്യുന്ന  അമ്ലമഴയാണ്...
ഹൃദയത്തിലെ പൂക്കളെ കരിച്ചുകളയുന്നത് !


ചില പാലങ്ങള്‍ മറികടന്നതിനു ശേഷം
കത്തിച്ചു കളഞ്ഞേക്കണം ..
തിരിച്ചു പോകാതിരിക്കാന്‍ മാത്രമല്ല..
ആരും തിരഞ്ഞു വരാതിരിക്കാനും!


Wednesday, June 3, 2015

ജീവിതം!

ദാഹിക്കുമ്പോള്‍ കണ്ണീരു കുടിച്ചും..
വിശക്കുമ്പോള്‍ വേദന തിന്നും..
ജീവിക്കുന്നവരെ,
പട്ടിണിക്കിടാനാവില്ലാര്‍ക്കും!!

Thursday, January 29, 2015

വണ്ടിനോടല്ലെങ്കില്‍ ,അത്ര നിഷ്ക്കരുണം
പറിച്ചെടുക്കുന്നൊരീ മര്‍ത്ത്യന്‍റെ ,
കൈകളോടാണോ പൂക്കള്‍ക്ക് പ്രണയം?

നീയെന്നെ ചുറ്റും തിരയുമ്പോള്‍ കാണാതെ,
പരിഭവിക്കല്ലേ ,നിന്‍റെ ഉള്ളിന്‍റെയുള്ളിലെന്നേ
ഞാനെന്‍റെ ജീവന്‍റെ കൂടു കെട്ടി !