Monday, April 21, 2014

ഇന്ന് ഞാന്‍...നാളെ നീ...


കണ്ടില്ലേ, 
കൊണ്ടു പോകുന്നെന്‍റെ 
തായ് വേരറുത്തിട്ട് ,
തുണ്ട് തുണ്ടാക്കിയോരെന്‍
തടിയും കിനാക്കളും !
കാലമെത്ര ഞാന്‍ നിങ്ങള്‍ക്ക്
വേണ്ടിയെന്‍ നീണ്ട ചില്ലകള്‍
നിവര്‍ത്തിപ്പിടിചേകി
പച്ചജീവന്‍റെ തണലും
തളിര്‍ക്കാറ്റും !

എത്രകാലമിനി നട്ടു നനക്കേണം
എത്ര ഋതുക്കളെ ജയിച്ചു മുന്നേറണം
ഇത്രമാത്രം വളര്‍ന്നുരുവാകുവാന്‍..
മിത്രമാണ് ഞാന്‍, ശത്രുവല്ലോര്‍ക്കുക!

Sunday, April 13, 2014

മുറിവുകള്‍

നീ തന്ന മുറിവുകളിലൂടെയാണ്
എന്നിലേക്കിത്തിരി വെളിച്ചം കടന്നത്‌...
ഞാന്‍ എന്നെ തെളിഞ്ഞു കണ്ടത്!
നന്ദി!
ഇനി എനിക്കെന്നെ
ഏതൊരാള്‍ക്കൂട്ടത്തിലും
തിരിച്ചറിയാം!

Thursday, April 10, 2014

നഗ്നന (ന്‍ )

അപമാനിക്കാന്‍...
ചേല വലിച്ചു പറിക്കും!
ഉടുമുണ്ട് പൊക്കിക്കാണിക്കും!
അത്രയ്ക്ക് അശ്ലീലമല്ലയോ..
കെട്ടിപൊതിഞ്ഞു വെച്ച
നമ്മുടെയീ നഗ്നത!

കുരുട്ടുകള്‍!

ചൂണ്ട നൂലില്‍ കുരിക്കിട്ടുപിടിച്ച്
പൊരിവെയിലത്ത് കെട്ടിത്തൂക്കി!
എന്നിട്ടുമെല്ലാ പെരുമഴക്കാലത്തും
പേക്രോം ..പേക്രോം താരാട്ട് പാടി നീ!

പൊന്തക്കാട്ടില്‍ ഇണചേരുമ്പോളെല്ലാം
കല്ലെടുത്തെറിഞ്ഞു കാലൊടിച്ചു !
എന്നിട്ടുമെല്ലാ  കണക്കു പരീക്ഷക്കും
ഇരട്ട ഭാഗ്യത്തിന്‍റെ കണിവെച്ചു നീട്ടി നീ!