Thursday, November 24, 2011

മണം

ഓര്മ്മകള്ക്ക് മണമാണ്...
ആദ്യ പ്രണയത്തിനു ചന്ദനത്തിന്റെ മണമായിരുന്നു...
ആദ്യ ചുമ്പനത്തിനു മാങ്ങാ ചുണയുടെ മണവും സ്വാദും ആയിരുന്നു..
ഓണത്തിനു, വെളിച്ചെണ്ണ തിളക്കുന്ന മണം..
വിശപ്പിനു എപ്പോളും കടുകുവറുക്കുന്ന മണമായിരുന്നു, ഇപ്പോളും!
തറവാട്ടു പറമ്പിലെ തെങ്ങു കയറ്റം കഴിഞ്ഞാല്..മനം മയക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു നില്ക്കും...
തെങ്ങു കയറ്റക്കാരന് കുമാരനും, കെട്ടിയവള്ക്കും കുട്ടികള്ക്കും..എല്ലാം..അതേ മണം... ഇളനീരിന്റെ മണം!
വേനല്ക്കാലത്ത് അമ്പലക്കുളത്തിനു..ചളിമണം...
രൂക്ഷമാണെങ്കിലും മനം മടുപ്പിക്കാത്ത ഗന്ധം..
ഇന്നും പല സംഭവങ്ങളും ഓര്ക്കുന്നത് മണങ്ങളിലൂടെയാണു..അഥവാ മണങ്ങളാണു ഓര്മ്മകളെ ജീവിപ്പിക്കുന്നതു...
ചില മണങ്ങള്, അത്ഭുതകരമായ രീതിയില് ഓര്മ്മകളെ തേരിലേറ്റി കൊണ്ടു വരും!
Avocado- യുടെ മണം, ചില സ്വകാര്യനിമിഷങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്മ്മകള് തെളിമയോടെ മനസ്സിലേക്കു കൊണ്ടു വന്നപ്പോള്..ഓര്മ്മക്കള്ക്കു മരണമില്ലാ...
പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോളും മനസ്സിലെ കുട്ടിയെ അച്ചടക്കത്തോടെ ഇരുത്തുന്നു... ഇന്നും ഒരു പുതിയ പുസ്തകം കയ്യില് കിട്ടിയാലാദ്യം ചെയ്യുക...അതു മണത്തു നോക്കുകയാണു...
പുസ്തകങ്ങള് വായിക്കനല്ലെ, അഛ്ചാ, എന്നു മോളു ചോദിച്ചപ്പോള്...ഞാനവള്ക്കതു മൂക്കിലേക്കടുപ്പിച്ചു കൊടുത്തു...
കണ്ണുകള് വിടര്ന്നു വരുന്നതു കണ്ടപ്പോള്..ഞാന് അറിയുന്നുണ്ടായിരുന്നു... ഇനി അതവള്ക്കും ഒരു ശീലമാകും എന്നു..
പിന്നെ, വിവരിക്കാന് ആകാത്ത കുറേ മണങ്ങളുണ്ടു...
ഓര്മ്മക്കളെ കൂട്ടുപിടിക്കാന് വേണ്ടി, അവ സ്വയം ഉണ്ടാക്കാന് നോക്കി എപ്പോളും പരാജയപ്പെടും!
തറവാട്ടിലെ, തെക്കിണി എന്ന മുറിയില് എപ്പോളും മുലപ്പാലിന്റെ മണമാണു... എല്ലാ പ്രസവങ്ങളും, പ്രസവാനന്തര സംഭവങ്ങളും അവിടെയാണു...
( ആ മണം മുലപ്പാലിന്റെ എന്നു ഞാനങ്ങു തീരുമാനിച്ചതായിരുന്നു.. പിന്നീടതു തെറ്റാണെന്നു മനസിലായി, എങ്കിലും, ഇന്നും എനിക്കാമണമാണു, സ്വീകാര്യം..)

വര്ഷക്കാലത്തു വീടിന്റെ ഉള്ളില് ഉണക്കാനിടുന്ന തുണികളുടെ മണം...
കണ്ണിമാങ്ങയുടെ ഞെട്ടു കളയുമ്പോളുള്ള മണം..
ചക്ക മുറിക്കുമ്പോളുള്ള മണം...
ആര്ത്തവ സമയത്തു പെണ്ണിന്റെ മണം...

ഒരോ പൂക്കളുടെ മണവും..ഓരോ മുഖങ്ങളാണു മനസ്സിലേക്കു കൊണ്ടു വരുന്നതു...
പണ്ടത്തെ Hamam സോപ്പിന്റെ മണം, വേനല് ഒഴിവിനു വിരുന്നു വരുന്ന അമ്മാവനും മക്കളും അവരുടെ രാജകീയ ജീവിതവും എല്ലാം മനസ്സിലേക്കു കൊണ്ടുവരും
വൃശ്ഛിക മാസം..ഒരു ഭസ്മത്തിന്റെ മണമാണെനിക്കു..

കൃഷ്ണാ തിയേറ്റര് നു, മൂട്ടയുടെ നാറ്റം ആണു...
എല്ലാവരേയും പോലെ, മഴയുടെ മണം പുതുമണ്ണിന്റെ മണം തന്നെ..

കൂവളത്തിന്റെയിലയിട്ടു കാച്ചിയ എണ്ണയുടെ മണമാണു, അമ്മക്കു!
ഇനി... എനിക്കു പറഞ്ഞുമനസ്സിലാക്കന് പറ്റാത്ത ഒരുപാടു മണങ്ങളുണ്ട്...
ദേഷ്യവും, സ്നേഹവും, പ്രണയവും, പരിഭവവും..അങ്ങിനെ എല്ലാ വികാരങ്ങളും, വിചാരങ്ങളും... മണങ്ങളുമായി ഇഴചേര്ന്നിരിക്കുന്നു...

ഓര്മ്മകള്ക്കെന്തു സുഗന്ധം...
ആത്മാവിന് നഷ്ട സുഗന്ധം...

7 comments:

  1. ദേഷ്യവും, സ്നേഹവും, പ്രണയവും, പരിഭവവും..അങ്ങിനെ എല്ലാ വികാരങ്ങളും, വിചാരങ്ങളും... മണങ്ങളുമായി ഇഴചേര്ന്നിരിക്കുന്നു...

    ഓര്മ്മകള്ക്കെന്തു സുഗന്ധം...
    ആത്മാവിന് നഷ്ട സുഗന്ധം...
    വളരെ ശെരിയാണ്......
    കുട്ടികാലത്ത് റേഷന്‍ ഷാപ്പില്‍ മണ്ണെണ്ണ വാങ്ങി വരുമ്പോള്‍ ആരും കാണാതെ ഇടവഴിയില്‍ വെച്ച് മണ്ണെണ്ണ മണപ്പിച്ചു നോക്കാറുണ്ട്... അതുപോലെ നേന്ത്ര പഴം ശര്‍ക്കര ഇട്ടു പുഴുങ്ങുമ്പോള്‍ ഉണ്ടാവുന്ന മണം..... അങ്ങനെ എത്ര എത്ര മണങ്ങള്‍!!!.. ചില മണങ്ങള്‍ പറഞ്ഞു അറിയിക്കാന്‍ പറ്റില്ല.... അനുഭവിച്ചു തന്നെ അറിയണം... വളരെ നല്ല ആശയം. ഇന്ന് രാവിലെ എഫ് എം റേഡിയോ കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ മനസ്സില്‍ ഉദിച്ചതാണ്‌ ഈ ആശയം!!.... ജീവിതത്തിന്റെ ഓരോ കാലഘട്ടത്തില്‍ ഓരോ മണമാണ്!!.....

    ReplyDelete
  2. ഓരോ മണവും ഓരോ ഓര്‍മ്മകള്‍ ആണ് ....ആദ്യ മഴയിലെ മണ്ണിന്റെ മണം ..അമ്മയുടെ കൂടെ ഞാനും മണ്ണ് വാരി തിന്നുമായിരുന്നു..കാഴ്ചയും കേള്‍വിയും നഷ്ടപെട്ടാലും മണക്കാനുള്ള കഴിവ് പതുക്കെയേ നഷ്ടപെടുള്ളുത്രേ...ഭൂതകാലം എന്നും മണമായി കൂടെ ഉണ്ടാകും..എണ്ണി പറഞ്ഞ മണങ്ങളില്‍ കൂടെ ബാല്യത്തിലേക്കും കൌമാരത്തിലെക്കും യൌവനത്തിലെക്കും കൂട്ടികൊണ്ട് പോയതിനു നന്ദി ...:)..ഒരു പാട് ഒരു പാടിഷ്ടമായി ഈ മണം ..

    ReplyDelete
  3. :-) Very nice.

    Naadine pati orkumbo adappil virak kathunna nalllaa smell aanu etom adhyam orma vara...athu mathram ippo naatil poyaal smell cheyaanum illa...

    ReplyDelete
  4. മണമുള്ള എഴുത്ത്..
    ഓര്‍മകള്‍ക്ക് മണമുണ്ട് ... എനിക്കെന്റെ അച്ഛമ്മയുടെ മണം അടിച്ചു ഇപ്പോള്‍.. അപ്പാപ്പന്റെ കുംകുമചെപ്പിന്റെ മണവും,
    അവിടത്തെ അടുക്കളയിലെ അലമാരിയില്‍, ലാവലോലിക്ക ഉപ്പിലിട്ട കുപ്പി തുറക്കുമ്പോള്‍ ഉള്ള കാന്താരി മുളകിന്റെയും മണം എന്ന് എഴുതി തീര്‍ന്നില്ല.. ഒരു തുള്ളി വെള്ളം വായില്‍ നിന്നും .. അങ്ങനെ പലതും.. ഇഷ്ടമുള്ളതും ഇല്ലാത്തതുമായ മണങ്ങള്‍ ഓര്‍മകളിലേയ്ക്ക് തള്ളി വിട്ട പോലെ..

    ReplyDelete
  5. eniku oru padu ishtamayi...ente ammammaku sambarinte manamanu..dadaku oldspice powderinte....bro ku epolum footballinte manam anu..hehe.. athu njan undaki edutha oru manam anu...appo eniko....?sho kanikunna kurumbalku adi kitumbol oru manam undenkil athu aamide swantham manam......ha.ha

    ReplyDelete
  6. ഇത്തരം മണങ്ങളില്‍ ഞാനും ഓര്‍മകളിലേക്ക് ഓടാറുണ്ട് ..
    ആശംസകള്‍

    ReplyDelete