Monday, April 9, 2012

ഓര്‍മ്മകള്‍!


നമ്മുടെ ‘കുമാരന്‍’ മരിച്ചു!
കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് വിളിച്ചപ്പോള്‍ ചേച്ചി പറഞ്ഞു. അത് കേട്ടപ്പോള്‍ ആണ്, നാട്ടിലെ പല ആളുകളെയും ഓര്‍മ്മ ചിത്രത്തിന്‍റെ തിരശ്ശീലയില്‍ മിന്നി മറിഞ്ഞു കാണാന്‍ തുടങ്ങിയത്.
കുമാരന്‍, ഞങ്ങളുടെ തെങ്ങ് കയറ്റക്കാരന്‍ ആയിരുന്നു..മരിക്കുന്നത് വരെയും ‘അവകാശം’ സൂക്ഷിച്ച പണിക്കാരന്‍! തറവാട്ടില്‍ നിന്നും മാറി, പുതിയ വീട് വെച്ചപ്പോളും, അവിടെ കയറാന്‍ ആകെ നാല് തെങ്ങുകളെ ഉള്ളു എങ്കിലും..’അവകാശം’ നിലനിര്‍ത്തി, കുമാരന്‍. മരിച്ചത് അര്‍ബുദ രോഗം കാരണം.
തറവാട്ടിലെ ഭഗവതി തറയിലെ പൂജക്ക് അലങ്കരിക്കാന്‍ കുരുത്തോല വെട്ടി തരുക, തിരുവെങ്കിടം പറ എഴുന്നള്ളത്തിനു വെക്കാന്‍ പൂക്കുല വെട്ടുമ്പോള്‍ അത് പിടിക്കാനുള്ള അവകാശം തരുക, ഇളനീര്‍ വെട്ടി കഴിഞ്ഞാല്‍ അതിന്‍റെ കാംബ് കഴിക്കാന്‍ ചകിരി കൊണ്ടു തന്നെ സ്പൂണ്‍ ഉണ്ടാക്കി തരുക, പൊങ്ങ് എന്നറിയപ്പെടുന്ന തേങ്ങയുടെ കൂമ്പില്‍ നിന്നും കിട്ടുന്ന മധുരമുള്ള സാധനം തരുക, കളിവീട് ഉണ്ടാക്കാന്‍ പാകത്തില്‍ ഓല മടലുകള്‍ വെട്ടി തരുക, തെങ്ങില്‍ തലപ്പത്ത് അപൂര്‍വ്വമായി കിട്ടുന്ന പൊന്മ എന്ന പക്ഷി കുഞ്ഞുങ്ങളെ സമ്മാനിക്കുക..  ‘പോട്’ തേങ്ങകള്‍ ചകിരി അടര്‍ത്തി, കൂട്ടി കെട്ടി വെള്ളത്തില്‍ ഇട്ടു നീന്താനുള്ള ‘ പൊന്തു’ ഉണ്ടാക്കി തരുക, അങ്ങിനെ ഒരുപാടു ഓര്‍മ്മകളില്‍ കുമാരന്‍ ഞങ്ങളുടെ ഇഷ്ട കഥാപാത്രം ആയിരുന്നു.
നെന്മിനി ചിറയില്‍, ( ചിറയുടെ വക്കത്താണ് ഞങ്ങളുടെ തറവാട്, അതുകൊണ്ടു ‘ചിറവക്കത്ത്’ എന്ന് തറവാട്ടു പേര്) രാത്രി മീന്‍ പിടിക്കാന്‍, കുടിച്ചു കുന്തം മറിഞ്ഞ കുമാരനും കൂട്ടരും വരും..ആ സമയത്ത് കുമാരന്‍ തികഞ്ഞ കമ്മ്യുണിസ്റ്റ്‌ ആണ്, ഞങ്ങളൊക്കെ കുത്തക മുതലാളിമാരും.. തറവാട്ടു കാരണവരെ മുതല്‍, ഏറ്റവും ചെറിയ കുട്ടികളെ വരെ.. ചീത്ത വിളിക്കും... പിറ്റേന്ന് കാലത്ത്, കുമാരന്‍ വീടിന്‍റെ മുറ്റത്ത് കാവല്‍ ഉണ്ടാകും.. മകന്‍റെ പ്രായം മാത്രമുള്ള എന്‍റെ കാലില്‍ പോലും പിടിച്ചു മാപ്പ് പറയും.. ഉമ്മറത്ത് അത് നോക്കി അച്ഛമ്മ മാറ് കുലുക്കി ചിരിക്കും..
നെന്മിനി കലാ സാംസ്‌കാരിക വേദി യുടെ ആദ്യ വാര്‍ഷികത്തിന്, ഞങ്ങളുടെ നാടകം തട്ടുപൊളിപ്പന്‍ ആയി മുന്നേറുമ്പോള്‍... എന്‍റെ ഭാഗം വന്നപ്പോള്‍, മുന്‍ നിരയില്‍ ഇരുന്നു കൂവി പ്രോത്സാഹിപ്പിച്ചു, കുമാരന്‍. അതും പേര് പറഞ്ഞു വിളിച്ചിട്ട്!! സൂര്യന്‍ അസ്തമിച്ചാല്‍ കുമാരന്‍...ഒരു പുതിയ മനുഷ്യന്‍ ആകുന്നു..കുട്ടികളായ ഞങ്ങള്‍ക്ക് അത് അന്നു അറിയില്ലായിരുന്നു !
ഈ കുമാരന്‍റെ മോള് ആരുടെയോ കൂടെ ഒളിച്ചോടി! അന്ന് രാത്രി കുമാരന്‍ കുടിച്ചു വന്ന്, നെന്മിനി പാറയുടെ മുകളില്‍ കയറി നിന്ന് ഉറക്കെ പറഞ്ഞത്രേ, ‘ ന്‍റെ മോള് ഓടി പോയിറ്റൊന്നുല്യ തമ്പ്രാക്കളെ.. ഓള് ഓട്ടോറിക്ഷ കേറിട്ട പോയേക്കണത്’!!
വലുതായ ശേഷം, ഗള്‍ഫില്‍ നിന്നും ചെല്ലുമ്പോള്‍, കുമാരന്‌ ഒരിക്കല്‍ സിഗരറ്റും, കുപ്പിയും കൊടുത്തു! ‘ജോണി വാക്കര്‍ ‘ നല്ല വിലക്ക് വിറ്റ്, പട്ട അടിച്ചു കുമാരന്‍ വരുമ്പോള്‍, മുന്നില്‍ ചെന്ന് പെട്ടു. കുത്തക മുതാലളിയെ നോക്കുന്ന നോട്ടം കണ്ടു ഞാന്‍ ചൂളിപ്പോയി.. ഭാഗ്യത്തിന്, തെറി വിളിച്ചില്ല, പക്ഷെ, ‘ ന്നെ അങ്ങനെ വെറും........  ആക്കണ്ട ട്ടാ...’  എന്ന് പറഞ്ഞു ബാലന്‍സ് ചെയ്തു നിക്കുന്ന കുമാരന്‍!
പക്ഷെ, ഇതൊക്കെ ആണെങ്കിലും കുമാരനെ ഞാന്‍ ഏറ്റവും വെറുത്തിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു.. സ്കൂള്‍ വിട്ടു രാജകീയമായി കൂട്ടം കൂടി വരുമ്പോള്‍.. എല്ലാവരുടെയും മുന്നില്‍ വെച്ച് കുമാരന്‍ ഒരു ചോദ്യം ഉണ്ട് – ‘കമ്മളെ, ഇന്ന് പരീക്ഷക്ക്‌ എത്ര മാര്‍ക്ക് കിട്ടി?’ ആ ‘കമ്മള്’ വിളി ആണ് എന്നെ നാണം കെടുത്തുന്ന കാര്യം. സ്കൂളില്‍ അങ്ങനെ ഒരു ‘വട്ട പേര്’ കിട്ടി!

അന്നൊക്കെ, വീട്ടിലെ ഓരോ കാര്യങ്ങള്‍ക്കും ഓരോ ആളുകള്‍ ആണ്. ഒട്ടും അടിമത്തം ഇല്ലാത്ത ഒരു സേവനം. അവര്‍ക്ക് അത് അവകാശം ആയിരുന്നു, ഞങ്ങള്‍ക്ക് ആശ്വാസവും.
വീട്ടിലെ ആവശ്യത്തിനും, ഭഗവതി തറയിലെ ആവശ്യത്തിനും ഉള്ള ‘എണ്ണ’ കൊണ്ടുവരുന്ന ‘ എണ്ണക്കാരന്‍ തോമ’ . ഒരു പഴയ സൈക്കിളില്‍ പ്രത്യേക രീതിയില്‍ ഉള്ള ഒരു എണ്ണ പാത്രം..പുരാതനമായ ഒരു സൗന്ദര്യം ഉണ്ടതിനു..
എണ്ണ അളന്നു കൊടുക്കുന്നതും അതിന്‍റെ കണക്ക് ഒരു കൊച്ചു പുസ്തകത്തില്‍ എഴുതി വെക്കുന്നതും, നമ്മുടെ മുന്നില്‍ വെച്ചാണ്... പണം കൊടുക്കുന്നത് മാസാവസാനം, തെങ്ങ് കയറി കാശ് കിട്ടുമ്പോള്‍!!
പപ്പടക്കാരന്‍ ഗോപി! : എല്ലാ ആഴ്ചയും വരും. വീട്ടില്‍ ഉണ്ടാക്കിയ പപ്പടം തരാന്‍. പണിക്കൊന്നും പോകില്ലെങ്കിലും, ജഗജില്ലി അമ്മാവന്മാര്‍ക്ക് പപ്പടം നിര്‍ബന്ധം ആയിരുന്നു. ഗോപിയുടെ പപ്പടം ഒരു അസാധാരണ വലുപ്പം ആയിരുന്നു.. അന്നും, ഇന്നും ആ  വലുപ്പത്തില്‍ പപ്പടം ഞാന്‍ കണ്ടിട്ടില്ല, അത്ര സ്വാദ്‌ ഉള്ളതും.. ഗോപി കാലൊടിഞ്ഞു കിടന്ന സമയത്ത് കുടിശ്ശിക പൈസ കൊണ്ടു കൊടുക്കാന്‍ എന്നെ ഏല്‍പ്പിച്ചിരുന്നു, അച്ഛമ്മ. അന്നാണ് ഞാന്‍ ഈ പപ്പട നിര്‍മ്മാണത്തിന്റെ സാങ്കേതിക വശം കണ്ടത്! എല്ലാം എനിക്കിഷ്ട്ടായി..പക്ഷെ, പപ്പടം ഉണക്കാന്‍ ഇടുന്നത് പൊതു വഴിയില്‍ ആയിരുന്നു!!! ഒരു പായയില്‍ ഇങ്ങനെ  നിരത്തി ഇടും, കാറ്റും, പൊടിയും, കാക്ക കഷ്ട്ടവും ഒക്കെ വേണ്ട പോലെ അനുഗ്രഹിക്കും!!  എന്നിട്ടും ഗോപിയുടെ പപ്പടത്തെ വെറുക്കാന്‍ സാധിച്ചില്ല...ആ സ്വാദിഷ്ടമായ നന്മ ആയിരിക്കാം കാരണം...!

പലചരക്ക്കാരന്‍ - പീച്ചന്‍! : പീച്ചന്‍ ജോണി എന്ന ആറു  പിശുക്കന്‍! പക്ഷെ എത്ര കാലം കഴിഞ്ഞിട്ടും ഞങ്ങളുടെ ‘നല്ല പുസ്‌തകത്തില്‍’ നിന്നും പുറത്തായില്ല. പീച്ചന്‍- ന്‍റെ കള്ളത്തരങ്ങള്‍ അക്കമിട്ടു കണ്ടു പിടിക്കും, അച്ഛമ്മ..എന്നിട്ടും ഒരു പരിഹാസച്ചിരി മാത്രം .. ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല...  അതൊരു മത്സരം ആയിരുന്നു, അച്ഛമ്മയും പീച്ചനും തമ്മില്‍. ആരാദ്യം പറയും...എന്ന പോലെ...
ചുരുക്കി പറഞ്ഞാല്‍.. അച്ചമ്മക്ക് അറിയാം എന്ന് പീച്ചനും അറിയാം  എന്ന് അച്ചമ്മക്കും അറിയാമായിരുന്നു..അവരങ്ങനെ കളിച്ചു രസിച്ചു!!
ചാണശ്ശേരി കുട്ടപ്പന്‍ : എപ്പോ കണ്ടാലും, ന്‍റെ മേത്ത് എത്ര തൂറിതാ കമ്മളെ’ എന്ന് പറയുന്ന മുഴുക്കുടിയന്‍ , പുറംപണിക്കാരന്‍ ! കുടിച്ചു വരുന്ന കുട്ടപ്പന്‍ ആദ്യം മദ്യത്തിന്‍റെ ഗുണം പരീക്ഷിക്കുന്നത് ഭാര്യയുടെ മുതുകത്താണ്! അന്നൊക്കെ കുട്ടപ്പനെ നിയന്ത്രിക്കാന്‍ ഒരാളെ ഉള്ളു... എന്‍റെ ഏട്ടന്‍! കുട്ടപ്പന്റെ കാല്‍മുട്ട് വരെ മാത്രം നീളമുള്ള ആളാണ്‌..  പക്ഷെ... കൈ പുറകില്‍ കെട്ടി നിന്ന്, ‘ കുട്ടപ്പാ’ എന്ന് വിളിച്ചാല്‍, മദം ഇളകിയ കുട്ടപ്പന്‍, കൊമ്പ് കുത്തി കീഴടങ്ങും! അന്നും, ഇന്നും അതൊരു അത്ഭുതം ആണ്... മുതിര്‍ന്ന കൊച്ചുമക്കള്‍, നാണക്കേട് കാരണം മുത്തച്ഛന്റെ കള്ളുകുടി നിര്‍ത്താന്‍ ചികിത്സിച്ചു, കുടി നിറുത്തിയ കുട്ടപ്പന് പശുവിനെ വാങ്ങി കൊടുത്തു.... ആറുമാസം..കുട്ടപ്പന്‍ , കുട്ടപ്പന്‍ അല്ലാതെ ജീവിച്ചു..അവസാനം... സഹിക്ക വയ്യാതെ..തൂങ്ങിച്ചത്തു!! പശുവിന്‍റെ മൂക്ക് കയര്‍ വരെ അഴിച്ചെടുത്തു, അതിനെ എവിടെയോ കൊണ്ടു വിട്ടു, അതിനെ കെട്ടിയിരുന്ന ആ കയറില്‍ തൂങ്ങി!
ഓര്‍മ്മകള്‍  ഇനിയും ഉണ്ട്...   (തുടരും..)

9 comments:

 1. ഓര്‍മ്മകള്‍ ഹൃദയത്തില്‍ തൊട്ടല്ലോ KD ...നമുക്കും ഉണ്ടായിരുന്നു സ്ഥിരം പപ്പടചെട്ടിച്ചി..പപ്പടം ഞാന്‍ കഴിക്കാറില്ല..കാരണം ഒരിക്കല്‍ പപ്പടചെട്ടിച്ചിയുടെ വീട്ടില്‍ പോയപ്പോള്‍ അവര്‍ പപ്പടതിനുള്ള ഉഴുന്ന് കൂമ്പാരം കൂട്ടിയിട്ടു കുഴക്കാണ്.. അമ്മയും മകനും മരുമകളും രണ്ടു കുഞ്ഞു കുട്ടികളും..അതില്‍ ഒരു കുട്ടി മൂത്രം ഒഴിച്ചു.. കുഴക്കുന്നതിന്റെ കൂടെ അവര്‍ അതും കൂട്ടി കുഴച്ചു.:).(ഉണ്ണിമൂത്രം പുണ്യാഹം എന്ന് പറയാം)..അതിനു ശേഷം പപ്പടം ഞാന്‍ കഴിക്കാറില്ല..കഴിവതും ഒഴിവാക്കും.നമ്മുടെ വീട്ടിലും ഉണ്ടായിരുന്നു ഇതുപോലെ സ്ഥിരം അവകാശികള്‍.പക്ഷെ ഇപ്പോള്‍ പൊന്നു കൊടുക്കാമെന്നു പറഞ്ഞാലും ആരെയും കിട്ടില്ല..എല്ലാവരും നമ്മളെക്കാള്‍ വലിയവര്‍ ആയി..തംബ്രാട്ടിക്കുട്ടി എന്ന് വിളിച്ചവര്‍ ഇപ്പോള്‍ പേര് നീട്ടിവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു..അതും ഒരു കാലം..:)

  ReplyDelete
 2. your recollections evoked a lot of buried memories in me---thank you---thengu kayattakkaran "Appu" vinte vettukathi kondoru "permanent mark" ente puram kaiiyil undu---ennum orkkan aakum---
  very nice KD...

  ReplyDelete
 3. People seem to get nostalgic about a lot of things they weren't so crazy about the first time around. excellent dasetta..love u for this...

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. aslayitunde ormakal..vayichutheernapol thonni nammaloke ore kalathu janichu valarnavarennu..same ennu thanne thonnipokunna cherupakalam..Ithupole oru jolikaran ayirunnu 'Pappu'ente tharavattil..vaccation ayal Oonajl ketti tharunnathum, mampazham parikanathum,angane etra etra ormakl :)

  ReplyDelete
 6. നന്നായി, ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍ എന്തൊക്കെയാ തികട്ടി പൊങ്ങി വരുന്നത് അല്ലേ
  ഇത് തുടരു, വീണ്ടും വീണ്ടും.. ആ നാടും വീടും നാട്ടുകാരും ഒക്കെ ഞങ്ങള്‍ വായനക്കാര്‍ക്കും പരിചിതരാകട്ടേ
  ഞാനും ഓര്‍ത്തു ചിലരെയൊക്കെ, ഇത് വായിച്ചപ്പോള്‍
  നെയ്‌ വില്‍ക്കാന്‍ വന്ന്നിരുന്നു ഒരു തമിഴത്തി അമ്മൂമ്മ, കറുപ്പ് നിറം, ദേഹതൊക്കെ നെയ്മയം , മനം.. വല്യ ഓട്ടയുള്ള കാതുകള്‍..പിന്നെ അവര്‍ ഒരു ചേലയാണ് ഉടുക്കാര് .. ബ്ലൌസ് ഇല്ലാതെ.. ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നല്ല സുഖം..

  ReplyDelete
 7. Ethre ethre ormakal...it was nice walking down your memory lane :)

  ReplyDelete
 8. കൃഷ്ണേട്ടാ... ശെരിക്കും കണ്ണുകള്‍ ഈറനണിഞ്ഞു!!... നല്ല ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച പൂര്‍വ കാലം!!. വളരെ മനോഹരമായിരിക്കുന്നു... തുടര്‍ന്നും പോരട്ടെ ... കാത്തിരിക്കുന്നു..

  ReplyDelete