Sunday, July 29, 2012

ഭയം !

എന്‍റെ ഭയം..

മരണമല്ല,
മരണം ഒറ്റപ്പെടുത്തുന്ന ജീവിതങ്ങളെയാണ് ..
ഇരുളല്ല,
ഇരുട്ടില്‍ പതിയിരിക്കും അപകടങ്ങളെയാണ്  ..
ഉയരമല്ല,
ഉയരത്തില്‍ നിന്നുള്ള പതനങ്ങളെയാണ് ...
ചതിയല്ല,
ചതിയില്‍ ഒളിപ്പിച്ച സൗഹൃദങ്ങളെയാണ് ..
വേദനയല്ല,
വേദനിപ്പിക്കുന്ന കാരണങ്ങളെയാണ് ..
രോഗമല്ല,
രോഗിയുടെ നിസ്സഹായതയെയാണ് ...

അതിനാല്‍, കൂട്ടരേ..
രോഗത്തോട് മല്ലടിച്ചും
വേദനകളില്‍ തളരാതെയും
ചതികളെ അതിജീവിച്ചും
ഉയരത്തിലേക്ക്..
ഇരുട്ടിലൂടെ..
മരണത്തിലേക്ക്..
നിര്‍ഭയം, ഈ  യാത്ര...തുടരട്ടേ..







Tuesday, July 24, 2012

ഋതുഭേദങ്ങളെ തിരിച്ചറിയുക..

കര്‍ക്കിടകം പെയ്യാന്‍ മടിക്കുന്നു..
വേനലില്‍ തണല്‍ മരിക്കുന്നു..
സ്നേഹം പ്രണയമാകുന്നു...
പ്രണയം വെറുപ്പാകുന്നു..

കര്‍ക്കിടകം പെയ്യാന്‍ തുടങ്ങുന്നു..
വേനലിലും തണല്‍ തുണക്കുന്നു ..
സ്നേഹം വെറുതെ ആകുന്നു...
പ്രണയം പരിഭവമാകുന്നു...!

നിന്‍റെ പ്രണയം അവനും..
അവന്‍റെ പ്രണയം നിനക്കും ...
പരസ്പരം പങ്കു വെച്ചിട്ടും...
നിങ്ങള്‍ എങ്ങിനെ പ്രണയ-രഹിതരായി?

തിരിച്ചെടുക്കുക, പ്രണയം പരസ്പരം
തിരിച്ചു ചെല്ലുക പഴയ പാതയില്‍..
ചിരിച്ചു നില്‍ക്കുന്ന പല മുഖങ്ങളില്‍..
തിരിച്ചറിയുക സ്വന്തം സഖാവിനെ!



Thursday, July 19, 2012

കഴുതകള്‍!

കക്ഷി രാഷ്ട്രീയത്തിന്‍റെ ഉത്തരത്തില്‍ തൂങ്ങി മരിച്ച
ജനാധിപത്യത്തിന്‍റെ ശവം ചുമക്കുന്ന കഴുതകളാണ് ഞങ്ങള്‍..

അന്‍പത്തി ഒന്ന് മുറിവുകളില്‍ നിന്നൊഴുകുന്ന ചോരക്കറ പുരളാതിരിക്കാന്‍
ചെങ്കൊടി ഉയരെ ഉയരെ മാറ്റി പിടിക്കുന്ന കഴുതപ്പുലികള്‍ നിങ്ങള്‍..

പുനര്‍ജ്ജനിയുടെ ഗുഹാമുഖത്തേക്ക് പ്രതീക്ഷയോടെ ഞങ്ങള്‍ കിതച്ചോടുമ്പോള്‍,
ഹര്‍ത്താലും, ബന്ദും കൊണ്ടു വഴി തടയരുത്...
ഞങള്‍ ചുമക്കുന്ന ശവത്തിനു നോക്ക് കൂലി വാങ്ങരുത്..

ഗതി കെട്ടാല്‍ ഞങ്ങള്‍ക്കും അത് ചെയ്യേണ്ടിവരും..
'ഇടം'കാല് കൊണ്ടൊരു തൊഴി!!

കഴുതകളായ ഞങ്ങള്‍ക്ക് അതല്ലാതെന്തു വഴി???



Monday, July 16, 2012

മൗനം

ദാഹിച്ചു വലഞ്ഞപ്പോളെല്ലാം നാം കണ്ടുമുട്ടി...
പരസ്പരം കുടിച്ചു വറ്റിച്ചു!
വിശന്നു പൊരിഞ്ഞപ്പോളെല്ലാം നാം കണ്ടുമുട്ടി...
പരസ്പരം തിന്നു തീര്‍ത്തു!

അക്ഷയ പാത്രത്തിലെ അവസാന ചീരയിലയും ഭിക്ഷ നല്‍കി..
നമുക്കിനി, വിശപ്പില്ല.. ദാഹമില്ല..
രണ്ടു ശരീരങ്ങള്‍ക്കിടയിലെ ദൂരം മാത്രമാണോ സ്നേഹം?
രണ്ടു വാക്കുകള്‍ക്കിടയിലെ ദൂരം മാത്രമാണോ മൗനം?


Thursday, July 12, 2012

ഹൃദയഭാരം!


ഇത്രമേല്‍ ഭാരമുള്ളതാണിന്നലെ  നീ
ഉപേക്ഷിച്ചു പോയോരെന്‍ ഹൃദയമെന്ന്
ഇത്ര നാളും ഞാന്‍ അറിഞ്ഞതേയില്ലതില്‍ നീ
അത്രമേല്‍ നീറി നിറഞ്ഞിരുന്നെങ്കിലും!


നീ ഇറങ്ങി പോകുമ്പോള്‍ അത് ശൂന്യമാകും എന്നെനിക്ക് അറിയാമായിരുന്നു..
എന്നിട്ടും..
താങ്ങാനാകുന്നില്ലല്ലോ  ഇറങ്ങി പോകാത്ത ഓര്‍മ്മകളുടെ ഭാരം...!

Friday, July 6, 2012

Remote!

ജീവിതം ഒരു CD ആയിരുന്നെങ്കില്‍..
കാലം ഒരു  CD Player ആയിരുന്നെങ്കില്‍..

കുട്ടിക്കാലത്തേക്ക് Rewind   ചെയ്തേനെ..!
അച്ഛന്‍റെ ഓര്‍മ്മകള്‍ Play   ചെയ്തേനെ..!
പ്രണയകാലങ്ങളില്‍  Pause  ചെയ്തേനെ..!
മരണങ്ങള്‍ എല്ലാം Stop  ചെയ്തേനെ..!
കഷ്ട്കാലങ്ങള്‍ FF    ചെയ്തേനെ..!

നിന്നെ പിരിയും മുന്‍പേ  Eject ചെയ്തേനെ..!!
നീ അറിയും മുന്‍പേ Power Off ചെയ്തേനെ..!!