Tuesday, October 30, 2012

നിലാവേ..

നഗ്നത ഒളിക്കാന്‍,
വെളിച്ചം ഊതിക്കെടുത്തി,
ഇരുട്ടില്‍ അവള്‍ കുണുങ്ങിച്ചിരിച്ചപ്പോള്‍ ....
അപ്പോളാണ്  നിലാവേ നിന്നെ ഞാന്‍ ഏറെ സ്നേഹിച്ചത്!!

Tuesday, October 23, 2012

പ്രണയം

"എനിക്കൊരാളോടു തീവ്ര  പ്രണയം.."
" ശ്യോ... എന്നോടാണോ?"
" ഒന്ന് പോ....ഞാന്‍ നിന്നെ ഒരിക്കലും ദ്രോഹിക്കില്ല..!"



Thursday, October 18, 2012

രാധേയന്‍



ശാപങ്ങള്‍, ശപഥങ്ങള്‍ , ദാന ധര്‍മ്മങ്ങള്‍
ദുരന്ത ജന്മത്തിന്‍ അരികു തൊട്ടുണര്‍ത്തുന്ന
നിതാന്ത സൌഹൃദത്തിന്‍ ദുര്യോഗങ്ങള്‍ !
അംഗ രാജ്യത്തിന്‍റെ കുരുതിപ്പണയം.

സൂര്യതേജ്ജസ്സില്‍ കുരുത്തിട്ടുമെപ്പോഴും
സൂതപുത്രന്‍റെ കുലം വിട്ട ജീവിതം.
ഗുരുശാപവേദന പോറ്റിയ രാവുകള്‍
പരിഹാസ സായകം നീറ്റിയ സദസ്സുകള്‍..

അമ്മേ,


വിചിത്രമായിരുന്നു എന്‍റെ ജീവിതം ...!
അറിഞ്ഞുകൊണ്ടു തന്നെ പറിച്ചു  കൊടുത്തതാണ്,
ജീവനെ പൊതിഞ്ഞു ഒട്ടിപ്പിടിച്ചുനിന്ന കവചം.
ഞാന്‍ മരിച്ചാലും
ഞാന്‍ കൊന്നാലും
അമ്മക്ക് എന്നും മക്കള്‍ അഞ്ചുപേര്‍!

ഒന്നാമനായിട്ടും അഞ്ചിലും പെടാത്തവന്‍!.

പാഞ്ചാലിയുടെ ഒന്നാമൂഴം നീട്ടി കൃഷ്ണന്‍ പ്രലോഭിപ്പിച്ചപ്പോഴും,
വൃഷാലിയുടെ കറുത്ത കരുത്തെന്നെ കാത്തു!
ഭീമന്‍റെ  പരിഹാസങ്ങള്‍ , ഒരൊറ്റ അസ്ത്രത്തില്‍ ഒടുക്കാമായിരുന്നു,
ശോണന്‍ വരച്ചിട്ട ഭരത ചിത്രം, അവനെ കാത്തു.
കൊല്ലാനുള്ള പഴുത് കണ്ടപ്പോളൊക്കെയും ആയുധം പിന്‍വലിച്ച്
ഞാന്‍ കാത്തത് പാണ്ഡവ ജീവന്‍ അല്ല , എന്‍റെ ശപഥം!

ഞാന്‍ പാണ്ഡവരില്‍ ഒന്നമാനല്ല,  അംഗ രാജന്‍ സൂതപുത്രനാണ് !

കര്‍ണ്ണനല്ല , കൌരവനാണ്..

കുന്തീ പുത്രനല്ല,  രാധേയനാണ്!











Saturday, October 13, 2012

എന്നിട്ടുമെന്തേ ?

എല്ലാ മനസ്സുകളിലും ഉണ്ട്,
ഞാന്‍!, നീ!.
നമ്മള്‍,
അവര്‍!.
എന്നിട്ടുമെന്തേ, ഒറ്റക്കാവുന്നു ,
'ഞാന്‍' മാത്രം?


പ്രഹേളിക

ഉണര്‍ന്നപ്പോള്‍ ഉടഞ്ഞു പോയൊരു സ്വപ്നം!
ഓര്‍ത്തു വെച്ചിട്ടും,
ചേര്‍ത്ത് വെച്ചിട്ടും,
ചേര്‍ച്ചയില്ലാത്ത ഓര്‍മ്മ.
ഇരതേടാനും, ഇണചേരാനും തുണ വേണ്ട!
ഇരയും നീ,
ഇണയും നീ,
ഇഴയടുപ്പമില്ലാത്ത 'പ്രഹേളിക' !

Wednesday, October 10, 2012

ദര്‍ശനം!

പടി തൊട്ട് നമസ്കരിച്ച് വലതു കാല്‍ വെച്ച് ഉള്ളില്‍ കയറിയാല്‍
ആദ്യം കാണുക, മുഷിഞ്ഞ ഒറ്റ മുണ്ടിന്നടിയിലെ കോണകം!
കണ്ണടക്കാതെ കൈ കൂപ്പി നില്‍ക്കുമ്പോള്‍ കാണുന്നതോ,
കരി പിടിച്ച കല്‍വിളക്കുകള്‍ , വഴുക്കുന്ന പടവുകള്‍ !
പ്രദക്ഷിണം മൂന്നും കഴിഞ്ഞെത്തിയാല്‍ കിട്ടും,
ക്ലാവ് പിടിച്ച കിണ്ടിയില്‍ ഒട്ടി പിടിച്ച തീര്‍ത്ഥം, 
ചീന്തിലയില്‍ ഒരു നുള്ള് ചന്ദനം, കുങ്കുമം, കരിഞ്ഞ മൂന്നു തുളസി ഇലകള്‍!!..!
വലതു കൈയ്യിലെ നടുവിരലില്‍ തൊട്ട് ചന്ദനം 
അതിന്‍റെ മുകളില്‍ കുങ്കുമം
ചെവിക്കിടയില്‍ തുളസി ഇലകള്‍
പുറത്തിറങ്ങി ഷര്‍ട് ഇടുമ്പോള്‍ ആണ് ...
ദര്‍ശനം!!
ദേവീ...
ഈറന്‍ മുടി അഴിചിട്ടതൊന്നു കൈ കൊണ്ടു മാടി,
പാവാട തുമ്പൊന്നു പൊക്കി പിടിച്ച്...

കണ്ണടക്കാതെ  പ്രാര്‍ത്ഥിച്ചു പോകും!!!

Sunday, October 7, 2012

ആകാശം

നിനക്ക് വേണ്ടി കടഞ്ഞെടുത്ത വാക്കുകളാണ് നിരത്തി വെച്ചിരിക്കുന്നത്.
പൂക്കളില്‍ ഞാന്‍ കണ്ട കവിത 
അതില്‍ കരിയാതെ തുടിച്ചു നിക്കുന്നില്ലേ?
സ്നേഹം നടന്നുവരുന്ന വരമ്പുകളില്‍
വഴുതിവീഴാതെ ഒതുങ്ങി നില്‍ക്കുന്നില്ലേ?
വിരുന്നുകാരും, വഴിപോക്കാരും തൊട്ടും തലോടിയും നടന്നു പോയപ്പോള്‍,
നീ മാത്രം കണ്ട ഭാവം നടിക്കാതെ , കറുത്ത ചിരി നീട്ടി കാത്തു നില്‍ക്കുന്നു.

പകലിന്‍റെ നെരിപ്പോടില്‍ ഒരു നക്ഷത്രം ഒളിച്ചിരിപ്പുള്ള പോലെ,
ഇരുട്ടിന്‍റെ കരിമ്പടത്തിനുള്ളില്‍ ഒരു സൂര്യന്‍ ഒളിച്ചിരിപ്പുണ്ടോ?

എന്‍റെ ഏകാന്തതയിലേക്കാണ് അനുവാദമില്ലാതെ
അലറി പാഞ്ഞു നീ കയറി നിന്നത്.
ഇപ്പോള്‍ എന്നെ അസ്വസ്ഥനാക്കുന്നത് 
നിന്‍റെ സാന്നിദ്ധ്യമല്ല, മൌനമാണ്!

ചിറകു വേണ്ടെങ്കില്‍ ഈ  ആകാശം ഞാന്‍  അടച്ചു വെക്കാം...