Thursday, March 28, 2013

ലക്ഷ്മണരേഖ !

ലക്ഷ്മണന്‍ പറഞ്ഞു:

'ഈ രേഖക്ക് അപ്പുറം , അപകടം!'

അപ്പോള്‍ തുടങ്ങിയതാണ് അവള്‍ക്ക്...
പുകച്ചിലും..
എരിച്ചിലും.
പുറത്ത് ചാടാനുള്ള,
കടച്ചിലും!!

Tuesday, March 26, 2013

ദാഹം.

മഴവില്‍ കിനാവിന്‍റെ തീരത്തിരുന്നെത്ര
മിഴിവാര്‍ന്ന ജീവിത ചിത്രം വരച്ചു നാം.
നിലവിളിക്കുന്നുവോ പറയാത്ത വാക്കുകള്‍
പലവഴിക്കെന്നോ മറഞ്ഞ സഹയാത്രികര്‍ !

തിളയ്ക്കുന്ന സൂര്യന്‍റെ താപ കോപത്തിലും
മുളക്കുന്നുവോ ശാപമോഹങ്ങള്‍ ചുറ്റിലും?
വിയര്‍പ്പിറ്റ്‌ വീണേടമാകെ തളിര്‍ത്തിട്ടും
ഉയിര്‍പ്പറ്റ്‌ പാടേ വരണ്ടു വിളര്‍ത്തുവോ?



പ്രിയതര സ്വപ്നമേ, വാടിക്കരിഞ്ഞല്ലോ.

ഒരുനേരമെങ്കിലും പ്രാണനില്‍ പൊടിയുന്ന
ചുടുചോരയിറ്റിച്ചു ദാഹം ശമിക്കാഞ്ഞോ?
തീപിടിച്ചുരുകുമീ ഭൂമിതന്നാത്മാവില്‍ 
ചാരമായലിഞ്ഞുവോ വേരിറക്കങ്ങളും..?

നാം..

വഴികളോടിത്തിമിര്‍ത്തു മുന്നേറി നാം
പഴിപറഞ്ഞും ചതിച്ചും കിതച്ചു നാം..
പലതുമേറെ വെട്ടിപ്പിടിച്ചു നാം
വലവിരിച്ചതില്‍ ഇര പിടിച്ചു നാം..

പകുതിയിലേറെ പടനയിച്ചു നാം
വിശ്രമിക്കാതെ യാത്ര നീട്ടുന്നു നാം
വിശ്വജാലകം കൊട്ടിയടച്ചു നാം
പഴയ സഖാക്കളെ പാടെ മറന്നു നാം

ഇനിയുമില്ലത്രയും ദൂരമെന്നറിയേണമിന്നു  നാം
തനിയെയാകുമീ യാത്രക്കവസാനമോര്‍ക്ക നാം
ചരമവാര്‍ത്തയില്‍ ശവക്കല്ലറ തീര്‍ക്കും നാം
ചരമവാര്‍ഷികം ഓര്‍ക്കാന്‍ മറക്കും നാം.



Tuesday, March 12, 2013

സൗഹൃദം

തോളത്തു കൈയ്യിട്ട് തുടങ്ങിയതാണ്, സുഹൃത്തേ!

പ്രണയത്തിനു കാത്തുനിന്നും, കാവലായും...
ചാരായം പകുത്തും, പങ്കുവെച്ചും..

ചായ കുടിച്ചും, കുടിപ്പിച്ചും..
പുക ചുമച്ചും, ചിരിച്ചും..
പക മറന്നും, മറച്ചും...
ഇണങ്ങിയും പിണങ്ങിയും..
അറിഞ്ഞും, പറഞ്ഞും..
കൊണ്ടും, കൊടുത്തും..
...എത്രകാലം ചവുട്ടി തീര്‍ത്തു നാം...
ഇപ്പോഴും, കൊഴിഞ്ഞിട്ടുമില്ല,
കൊഴിയാത്തവ നരച്ചിട്ടുമില്ല...
ദുര്‍മേദസ്സില്ല, രക്ത സമ്മര്‍ദമില്ല..
പ്രമേഹമില്ല, പ്രശ്നങ്ങളില്ല..

ഊന്നുവടികള്‍ വേണ്ട നമുക്ക്
ഈ നരക്കുന്ന ബാക്കി പാതകള്‍  താണ്ടാന്‍
താങ്ങായ്, തളരാത്ത , തണലൊഴിയാത്ത
ബോധി വൃക്ഷം പോലെ തളിര്‍ത്തു നില്‍ക്കുന്നു...

തോളത്തു കൈയ്യിട്ട് തുടങ്ങിയതാണ്, സുഹൃത്തേ!
തോളത്തു തന്നെ തരിച്ചു വെച്ചേക്കു,
തളര്‍ന്ന ദേഹത്ത്
തളരാത്ത സൗഹൃദം!