Tuesday, April 16, 2013

ഗ്രീഷ്മം

ഗ്രീഷ്മമേ നീ പണ്ടു കത്തുന്ന പകലിലും
ചൈത്രവര്‍ണ്ണങ്ങളില്‍ തണലായ് തളിര്‍ത്തു...
ഗ്രീഷ്മമേ നീ പണ്ടു കരിയുന്ന മണ്ണിലും
വൈശാഖസന്ധ്യയില്‍ മഴയായ്‌ നമിച്ചു..

ഗ്രീഷ്മമേ നീയിന്നു  , ജീവന്‍റെ വേരുകള്‍
ചുട്ടുതിന്നിട്ടും പശിയൊടുങ്ങാത്തവള്‍
ഗ്രീഷ്മമേ നീയിന്നു  പ്രാണന്‍റെ ഗര്‍ഭത്തില്‍
ഊഷരഭൂദാഹം ഭ്രൂണമായ്‌ പേറുന്നോള്‍.....

(ഞങ്ങള്‍ക്കിന്നു കര്‍ണ്ണികാരം വെച്ച് കണികാണാന്‍...,
ജലനാഡി പൊട്ടിയൊലിച്ച്
അശ്ലീലമായ തെരുവുകള്‍
യന്ത്രങ്ങള്‍ വിശപ്പില്ലാതെ തിന്നു തീര്‍ത്ത..
കുന്നുകള്‍..., കുഴികളായ് ബാക്കി...
ആകാശത്തേക്ക് വിജൃംഭിച്ച സ്വപ്നങ്ങളില്‍
കിടന്നുറങ്ങാന്‍, ഈട്ടി മരത്തില്‍ തീര്‍ത്ത സപ്രമഞ്ജക്കട്ടില്‍...
വിലങ്ങിട്ടു നിര്‍ത്തിയ പുഴകളുടെ പരിഹാസം...
മണല് തിന്നു തടിക്കുന്ന പുത്തന്‍കൂറ്റ്കാര്‍....
വിഷം തിന്നു നീലിച്ച ബാല്യങ്ങള്‍)








Monday, April 8, 2013

രാത്രി.

വാരാന്ത്യശയ്യയില്‍ പുലരാന്‍ മടിക്കുന്ന 
രാത്രിയോടാണെനിക്കേറെയിഷ്ടം..!
അമ്പിളിപൊന്നിതള്‍ വിടരാന്‍ മടിക്കാത്ത
രാത്രിയോടാണെനിക്കേറെയിഷ്ടം..!
ജീവിത യന്ത്രങ്ങള്‍ പുതപ്പിട്ടുറങ്ങുന്ന 
രാത്രിയോടാണെനിക്കേറെയിഷ്ടം..!
സ്വപ്നസഞ്ചാരികള്‍ വഴിതെറ്റിയലയുന്ന
രാത്രിയോടാണെനിക്കേറെയിഷ്ടം..!
ചുടലക്കളത്തിലെ ശിവഭൂതമുറയുന്ന
രാത്രിയോടാണെനിക്കേറെയിഷ്ടം..!
പ്രണയം പനിക്കുമ്പോള്‍ മോഹം വിയര്‍ക്കുന്ന 
രാത്രിയോടാണെനിക്കേറെയിഷ്ടം..!


Sunday, April 7, 2013

പേരുകള്‍

ഒന്ന് സഹായിക്കു, സുഹൃത്തേ..
ഓര്‍മ്മകളില്‍ നിന്ന് ഒരു പേര് മാഞ്ഞുപോയിരിക്കുന്നു..
ചോദിയ്ക്കാന്‍ ഇനി നീയല്ലാതെ ബാക്കി ആരുമില്ല...
നിന്‍റെ പേരാണെങ്കില്‍ ഞാന്‍ മറന്നും പോയി!

Saturday, April 6, 2013

തലവര

ഒരു നേര്‍രേഖയായിരുന്നു ഞാന്‍..
അരികിലതിലും വലിയൊരു വരയായി നീ,
എന്നെ വെറും ഒരു ചെറുവരയാക്കി!
എന്‍റെ തലവര....

Genuine Pain

Fake smile hiding 
Genuine pain.

കള്ളചിരിയില്‍ ഒളിച്ചു വെച്ചു
കള്ളമല്ലാത്തൊരെന്‍ വേദനകള്‍.!

Friday, April 5, 2013

ചോര്‍ച്ച

കണ്ണടച്ച് ഇരുട്ടുണ്ടാക്കി,
ഇരുട്ട് കൊണ്ടു ഓട്ടയടച്ചു...

എന്നിട്ടും ചോരുന്നല്ലോ
എന്‍റെയീ ഓര്‍മ്മക്കുടില്‍!

Thursday, April 4, 2013

പ്രണയം

ഒറ്റത്തള്ളലില്‍ തിരിച്ചറിഞ്ഞോ?
...പ്രണയം വേദനയാണെന്ന്???

Wednesday, April 3, 2013

അവസരം

ചിറകു കീറിപ്പറത്തി കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നു
വരിക, വരിക എന്നൊരു കുയിലിന്‍റെ വിളി ദൂരെ!

അയല്‍ക്കാര്‍..

മുകളിലും താഴെയും അയല്‍ക്കാരായപ്പോള്‍,
നീട്ടിതുപ്പാനൊരു മുറ്റമില്ലാതായി !
വിളവു തിന്നാനൊരു വേലിയില്ലാതായി..

വഴികള്‍..

പുറത്തേക്കുള്ള വഴി' യില്‍ തിക്കും തിരക്കും കാരണം, 
ഞാന്‍, 
അകത്തേക്കുള്ള വഴിയിലൂടെ പുറത്ത് കടന്നു!!!