Saturday, May 31, 2014

മടി

ആര്‍ക്കെങ്കിലും,
ആത്മഹത്യാമുനമ്പിലെ
കരിങ്കല്‍ചെരുവില്‍
കരിക്കട്ട കൊണ്ടെഴുതിവെക്കാന്‍...
കലാലയത്തിന്റെ രഹസ്യ മൂലകളില്‍
നഖം കൊണ്ടു കോറിയിടാന്‍ ..
ഒരു വരി...
ഒരു വരിയെങ്കിലും
നിന്നെക്കുറിച്ച്
എഴുതുവാനാകാതെ ,
മടിപിടിച്ചുറങ്ങുകയാണ് ..
പ്രണയം!


Monday, May 19, 2014

പ്രവാചകന്മാര്‍

കുരിശില്‍ തറച്ചാല്‍
ഉയിര്‍ത്തെഴുന്നേല്‍ക്കും..
കുഴിവെട്ടി മൂടിയാല്‍
ചെടിയായ് മുളക്കും..
ചിതയിട്ടെരിച്ചാല്‍
പക്ഷിയായ് ഉയരും ..

അതുകൊണ്ടുതന്നെയിനി
ആദര്‍ശ ധീരരെ ,
വിഷം കുടിപ്പിച്ചിട്ട്‌
തൂക്കിലേറ്റീടണം  !
വെടിവെച്ചു കൊന്നിട്ട്
കഴുത്തറുത്തീടണം !




മറുകര

മറവിയിലേക്ക് ഞാന്‍
തുഴയുമ്പോളെന്തിനീ
ഓളങ്ങള്‍ തീര്‍ക്കുന്നു
ഓര്‍മ്മകള്‍ പിന്നെയും?

Tuesday, May 13, 2014

ആമേന്‍ !

പച്ചക്കള്ളങ്ങളുടെ
തുണിയുരിഞ്ഞപ്പോള്‍ ..
കിട്ടിയതാണീ
നഗ്ന സത്യങ്ങള്‍!

നിങ്ങളില്‍,
മുഖം മറക്കാത്തവരും
കണ്ണടച്ച് ഇരുട്ടാക്കാത്തവരും
കല്ലെറിയട്ടെ!!

Monday, May 5, 2014

പ്രഥമദര്‍ശനം !

ദാനം ചെയ്ത 
കണ്ണുകള്‍ 
കണ്ടുമുട്ടുന്നിതാ 
ആദ്യമായ്!
ഒന്നിച്ചു കണ്ട 
കാഴ്ചകളില്‍ തുടിച്ച 
ഹൃദയമെവിടെയെന്നു 
ഇമയടക്കാതെ 
പരസ്പരം തിരയുന്നു !

എന്‍റെ കരളേ...
എന്നുരുണ്ടു വീഴുന്നു,
രണ്ടു തുള്ളി 
യാത്രാ മൊഴി!