Thursday, October 18, 2012

രാധേയന്‍



ശാപങ്ങള്‍, ശപഥങ്ങള്‍ , ദാന ധര്‍മ്മങ്ങള്‍
ദുരന്ത ജന്മത്തിന്‍ അരികു തൊട്ടുണര്‍ത്തുന്ന
നിതാന്ത സൌഹൃദത്തിന്‍ ദുര്യോഗങ്ങള്‍ !
അംഗ രാജ്യത്തിന്‍റെ കുരുതിപ്പണയം.

സൂര്യതേജ്ജസ്സില്‍ കുരുത്തിട്ടുമെപ്പോഴും
സൂതപുത്രന്‍റെ കുലം വിട്ട ജീവിതം.
ഗുരുശാപവേദന പോറ്റിയ രാവുകള്‍
പരിഹാസ സായകം നീറ്റിയ സദസ്സുകള്‍..

അമ്മേ,


വിചിത്രമായിരുന്നു എന്‍റെ ജീവിതം ...!
അറിഞ്ഞുകൊണ്ടു തന്നെ പറിച്ചു  കൊടുത്തതാണ്,
ജീവനെ പൊതിഞ്ഞു ഒട്ടിപ്പിടിച്ചുനിന്ന കവചം.
ഞാന്‍ മരിച്ചാലും
ഞാന്‍ കൊന്നാലും
അമ്മക്ക് എന്നും മക്കള്‍ അഞ്ചുപേര്‍!

ഒന്നാമനായിട്ടും അഞ്ചിലും പെടാത്തവന്‍!.

പാഞ്ചാലിയുടെ ഒന്നാമൂഴം നീട്ടി കൃഷ്ണന്‍ പ്രലോഭിപ്പിച്ചപ്പോഴും,
വൃഷാലിയുടെ കറുത്ത കരുത്തെന്നെ കാത്തു!
ഭീമന്‍റെ  പരിഹാസങ്ങള്‍ , ഒരൊറ്റ അസ്ത്രത്തില്‍ ഒടുക്കാമായിരുന്നു,
ശോണന്‍ വരച്ചിട്ട ഭരത ചിത്രം, അവനെ കാത്തു.
കൊല്ലാനുള്ള പഴുത് കണ്ടപ്പോളൊക്കെയും ആയുധം പിന്‍വലിച്ച്
ഞാന്‍ കാത്തത് പാണ്ഡവ ജീവന്‍ അല്ല , എന്‍റെ ശപഥം!

ഞാന്‍ പാണ്ഡവരില്‍ ഒന്നമാനല്ല,  അംഗ രാജന്‍ സൂതപുത്രനാണ് !

കര്‍ണ്ണനല്ല , കൌരവനാണ്..

കുന്തീ പുത്രനല്ല,  രാധേയനാണ്!











1 comment:

  1. പാണ്ഡവന്‍ ആയി ജനിച്ചു കൌരവന്‍ ആയി ജീവിച്ചു ..മരിച്ചപ്പോള്‍ കര്‍ണന്‍ ആരായിരുന്നു ? വാഗ്ദാനം പാലിച്ച സുപുത്രന്‍?
    കര്‍ണന്റെ ഹൃദയഭാരം നന്നായി എഴുതി..ആശംസകള്‍!!!

    ReplyDelete