Monday, March 12, 2012

ഞണ്ടുകള്‍!

തളരാതെ വളരുന്ന ജീവ കോശങ്ങളില്‍,
കൂരിരുട്ടിന്‍റെ കുരുതി മാളങ്ങളില്‍,
കെണിയിറുക്കങ്ങള്‍ കൂര്‍പ്പിച്ചു വെച്ച്,
കാത്തിരിക്കുന്നു കറുത്ത ഞണ്ടുകള്‍!

ജീവ നാഡിയില്‍ വഴിമുടക്കുന്നവ,
ശ്വേത രക്തം കുടിച്ചു വറ്റിക്കുന്നു.
ഇരുട്ടിലെക്കെറിയുന്ന കല്ലുപോലിപ്പോഴും,
ലക്ഷ്യമില്ലാതെ അനാഥമാകും ജന്മം!

ചൂട്ടു കത്തിച്ചു പേടി ചൂടുമ്പോഴും
നേര്‍ത്ത രോമങ്ങള്‍ കരിയുന്ന ഗന്ധം!
ചിതലരിച്ചൊരാ ജീവിത നൗകക്ക്
തിരയിളക്കങ്ങള്‍, ഭീകര സത്വങ്ങള്‍!

ഇനി നിനക്കായ്....

മണ്‍ചെരാതില്‍ ഉലയുന്ന തിരിനാളം
കൂപ്പു കൈകളാല്‍ പൊത്തിപിടിക്കട്ടെ!

നരച്ച പകലിന്‍റെ ഭിന്നാഭിരുചികളില്‍
തിളച്ച സൂര്യന്‍ ഒലിച്ചിറങ്ങട്ടെ!

മഴവില്ല് തീര്‍ക്കുവാന്‍ മാനത്ത് നിറയുന്ന
മഴക്കാറ് പെയ്തു നിന്‍ സൂര്യനും നനയട്ടെ!

വേണ്ടത്ര സന്തോഷപ്പൂക്കള്‍ വിരിയട്ടെ,
കാല്‍പ്പാന്ത ചേതന പ്രാണനില്‍ തഴക്കട്ടെ!

Monday, February 20, 2012

ഒറ്റ!

പെറ്റ്പെരുകുന്നു ഏടുകള്ക്കിടയില്‍
സൂര്യനെ കാണാത്ത മയില്പീലികള്‍.
ഈറനണിയുന്നു ഓര്മ്മികള്ക്കി്ടയില്‍
അഞ്ജനം തീണ്ടാത്ത കണ്പീലികള്‍.

ഓര്മ്മ ച്ചുവരില്‍ കുത്തിക്കുറിച്ചൊരു
നീറുന്ന വാക്കുകള്‍ മായുന്നില്ലല്ലോ
കടലാസു തോണികള്‍ ഇറയത്തെ ചാലില്‍
നിലതെറ്റി ഇന്നും മറിയുന്നുവല്ലോ.

(പൊറുക്കുക, നീ അപ്പുറത്ത് ഒറ്റക്കാണെന്ന് എനിക്കറിയാം.
നീ പോയപ്പോള്‍ ഞാനും ഒറ്റക്കായി.
തലപൊട്ടി , ചോര വാര്ന്നി ട്ടും, എന്നെ എറിഞ്ഞ കല്ലുകള്‍ കൂട്ടി വെക്കുന്നത് എന്തിനെന്നു നീ അറിയുന്നുവോ?
നമുക്കിടയില്‍ മുറിഞ്ഞ പാലം കൂട്ടി യോജിപ്പിക്കുവാന്‍,
അപ്പുറം വന്നു നിന്റെ‍ മടിയില്‍ കിടക്കുമ്പോള്‍, നമുക്ക് ചുറ്റും മതില് തീര്ക്കു വാന്‍)

Monday, February 13, 2012

വാലെ-ന്‍റെ ദിനം!

പ്രണയ ദിനത്തിന്, നിന്‍റെ നീണ്ട മൂക്കിനണിയാന്‍
ചുവന്ന കല്ലുള്ള മൂക്കുത്തി വാങ്ങാനിരുന്നതാ, ഞാന്‍!
അരകല്ലിലരച്ചു നിന്‍റെ നടുഒടിഞ്ഞെന്നും ഇഡലി തിന്നണമെങ്കില്‍
ഒരു അരവുയന്ത്രം വാങ്ങണമെന്നും പറഞ്ഞത് നീയല്ലേ?

എന്നിട്ടിപ്പോ ചിണുങ്ങുന്നോ?
ആളാകാന്‍, അരകല്ല് അയല്‍കാര്‍ക്ക് ദാനം ചെയ്തതും നീ!
ചുവന്ന കല്ലും അരകല്ലും പോയിട്ടും, അത്യാവശ്യത്തിന്
ഒന്നരക്കാന്‍ കറണ്ടില്ലല്ലോ എന്നു മോങ്ങുന്നതും, നീ!
അരയാത്ത ഉഴുന്നു പോലെ ആയല്ലോ, എന്‍റെ പ്രണയം!

Monday, January 23, 2012

പരിഭവം

പറയൂ നീയിനി എത്രനേരമീ പരിഭവപുതപ്പിലുറങ്ങും?
അറിയൂ, നീയില്ലയെങ്കിലെനിക്കിനി ചിറകില്ല ആകാശമില്ല!
അറിയാതെ ഞാനെന്തു ചെയ്തതാണാവോ
പറയാതെ അറിയുന്നതെങ്ങിനെയിന്നു ഞാന്‍!

നിന്നോടെനിക്കെന്ത് എന്നറിയുവാനാണെങ്കില്‍
എന്നോടു നിനക്കെന്ത് എന്നോര്‍ത്താല്‍ മതി.

ഇന്നോളമീ കരിമഷികണ്ണില്‍ ഞാന്‍ നോക്കിയപ്പോളൊക്കെ
കുന്നോളമല്ലേ, സ്നേഹം പൊലിച്ചു നീ!
ഒറ്റക്കു നനയുവാനായിരുന്നെങ്കിലീ മഴയത്തു ഞാനെന്തിനീ
മുറ്റത്തു നില്‍ക്കുന്നു നിന്നെയോര്‍ത്തെപ്പോഴും നഗ്നനായ്, നിരന്തരം!

ചേര്‍ന്നു നില്‍ക്കു നിലാവേ നിനക്കെന്റെ ജീവനില്‍ നിന്നെന്നോ
വാര്‍ന്നു പോയൊരാ പാതിരാപാട്ടിന്റെ പല്ലവിയാകുകില്‍!

Sunday, January 15, 2012

ഇനിയിത്രമാത്രം!

അവനവനിലേക്കുതന്നെ
ഒടിഞ്ഞുവീണുണങ്ങുകയാണെന്റെ ജീവന്‍!
ഈര്‍പ്പത്തിലേക്കു പടര്‍ത്തിയ വേരുകളെല്ലാം
അറുത്തെടുത്തു ചുട്ടുതിന്നു പലരും!

തായ്‌വേരില്‍ രസം തുളച്ച് ഉണക്കിക്കളഞ്ഞെന്റെ
പച്ചയും പ്രാണനും!

ചില്ലകള്‍ കാണാതെ മടങ്ങിപോകുന്നു
പണ്ടു ചേക്കേറിയിരുന്ന
ദേശാടനക്കിളികള്‍!

പാതിരാക്കാരോ ചൂട്ടും കത്തിച്ചെത്തിനോക്കുന്നു
യക്ഷിയെ തളക്കാനിടംകാണാതെ
കാര്‍ക്കിച്ചുതുപ്പുന്നു!

ഊഞ്ഞാലിനോര്‍മ്മയില്‍ ഉറക്കം കെട്ടു
തളര്‍ന്ന രാവുകള്‍!

മഴുകൊണ്ടു കരഞ്ഞ മുറിവുകളിപ്പോള്‍,
ചിതലരിക്കും വടുക്കള്‍മാത്രം!

ആരോടു പറയാന്‍ അവരെല്ലാം വഴിതെറ്റിവന്ന
പഥികര്‍ മാത്രം!

വേരോടെ പിഴുതെറിയാം ഓര്‍മ്മകള്‍ ,
ഈ കാട്ടുമരത്തിനെ വിട്ടു പോയ കൂട്ടരേ
നമുക്കിടയില്‍ ഇനിയിത്രമാത്രം!

Friday, December 30, 2011

പുതുവത്സരാശംസകള്‍

മാപ്പു തരികെനിക്കെന്റ് വാക്കുകള്‍
കോര്‍ത്തു നിങ്ങള്‍ക്കു വേദനിച്ചെങ്കില്‍
ഓര്‍ത്തു വെക്കുക എന്റെ വാക്കുകള്‍
ചേര്‍ത്തു വെക്കുമ്പോള്‍ സന്തോഷമെങ്കില്‍..

ചേര്‍ച്ചയില്ലായിരിക്കാം നമുക്കിടയില്‍
മൂര്‍ച്ച കോറിയ ചോരപൊടിപ്പുകള്‍
തീര്‍ച്ചയാണവ നിങ്ങളോര്‍ത്തുവെക്കും
കാഴ്ച്ച വറ്റിയ സായന്തനങ്ങളില്‍

ആര്‍ക്കുവേണ്ടി ഞാന്‍ പാടുന്നതെന്നോര്‍ത്തു
നീര്‍ക്കുമിളകളില്‍ കുത്തുന്നു നിര്‍ദ്ദയം
ആര്‍ത്തലക്കുമീ തിരകളിലേക്കെന്റെ
ചീര്‍ത്ത വേദന വലിച്ചെറിയട്ടെ ഞാന്‍

അറുതി വരേക്കും കൂട്ടിനുണ്ടകുമീ
പൊറുതികിട്ടാത്ത മോഹങ്ങള്‍ നിശ്ചയം
വെറുതെയെന്തിനു കീറിക്കളയുന്നു
ചെറുതിതെങ്കിലും നിര്‍ഭാഗ്യ ജാതകം

പുതിയ വര്‍ഷത്തിലേക്കിടംകാലു വെക്കട്ടെ
പതിയെ നിങ്ങളാ പടിവാതിലടചേക്കു
കുതിരപോലെ പായുന്നതെന്തിനു കൂട്ടരേ
അതിരുമാഞ്ഞൊരീ ഭൂമിയിലെപ്പോഴും!

Sunday, December 25, 2011

സ്നേഹത്തിന്റെ മുഖം!

ഒറ്റക്കു പൂത്തൊരെന് വെള്ളമന്ദാരമേ, നീയെന്റെ
മുറ്റത്തു വന്നിട്ടിതെത്ര നാളായെന്നോ,
അറിയുക നീ വിരിഞ്ഞതില് പിന്നെയീ ജീവനില്
മുറിവുകളെല്ലം ശമിക്കുന്നു അതിവേഗം, മനോഹരം!

അരികിലേക്കു നീ നീങ്ങിനിന്നതെന്റെ
നിഴലിലേക്കണെന്നറിഞ്ഞതിപ്പോളാണ്..
സ്വപ്നം തിളങ്ങുമാ കണ്കളാലെന്റെ
തപ്ത് ഹൃത്തിലേക്കു നീ നോക്കിയപ്പോളാണ്!

നിലാവേ, നിനക്കെന്നെ നിരന്തരം
നിശ്ചലമാക്കുവാനാകുന്നതെങിനെ?
നിലാവേ നിനക്കെന്റെ പ്രാണനില്
മണ്ചെരാതായിത്തെളിയുവാനകുന്നതെങ്ങിനെ?

ആരുമല്ലെനിക്കു നീ ആരുമല്ലെങ്കിലും തീരുമോ
തോരാത്ത മഴപോലെ പെയ്യുമീ രാഗങ്ങള് ?
സാധകം ചെയിക്കയാണുനീ എപ്പോഴും, പാട്ടിനാല്,
വേദന വിങ്ങുമീ ഏകാന്ത ജീവനെ!