Wednesday, September 19, 2012

കൃഷ്ണ-തൃഷ്ണ!

എത്രകാലം 'ചാറ്റി' തീര്‍ക്കും നമ്മളീ കൃഷ്ണ-തൃഷ്ണ ?
ശൂന്യതയിലേക്ക് പറിച്ചു നടാന്‍ ഇനി ചെടികള്‍ ഇല്ല മനസ്സില്‍.
പങ്കുവെച്ചു തീര്‍ന്ന മനസ്സ് ശരീരത്തില്‍ വൃണമായി തുടങ്ങി..
ചലം വെച്ച് , പൊട്ടാതെ വിങ്ങുന്ന മോഹങ്ങള്‍ ചുവന്നു തുടങ്ങി..

ഉമ്മകള്‍ നുരയ്ക്കുന്ന ചുണ്ടുകള്‍ക്ക് ഒരിണ വേണം..
നിറയുമ്പോള്‍ കവിഞ്ഞൊഴുകാന്‍ കണ്ണുകള്‍ വേണം..
പഞ്ചഭൂതങ്ങളെ കെട്ടഴിച്ചു വിടുമ്പോള്‍ അവര്‍ക്ക് നൃത്തം ചെയ്യാന്‍,
നിന്‍റെ നാക്കും മൂക്കും ത്വക്കും, വാക്കും നോക്കും തുറന്നിട്ട്‌ കൊടുക്കണം..

പരസ്പരം പറയുന്ന കള്ളങ്ങള്‍ അടച്ചു വെക്കാം
നമുക്കിനി..
വിയര്‍ക്കുമ്പോള്‍ ഒന്നിച്ചൊരു നിളയായ് ഒഴുകാം
തണുക്കുമ്പോള്‍ കരുത്തുള്ള കാട്ടുതീയാകാം
വിശക്കുമ്പോള്‍ വിലക്കപെട്ട കനി തിന്നു തീര്‍ക്കാം
തളരുമ്പോള്‍ അന്യോന്യമൂറ്റികുടിക്കാം






No comments:

Post a Comment