Tuesday, February 26, 2013

പ്രണയത്തില്‍ അടയിരിക്കുന്നവര്‍ !

പ്രണയത്തിന്‍റെ പേരില്‍ എനിക്ക് നഷ്ട്ടപ്പെട്ടത്
എന്‍റെ സൌഹൃദങ്ങളാണ്

പഴയ ഇരുമ്പ് പെട്ടിയില്‍,
കളഞ്ഞുപോയത് എന്തോ തിരയുന്ന പോലെ,
എല്ലാം വലിച്ചുവാരിയിട്ട് ചിക്കിചികഞ്ഞിട്ടും
പ്രണയം കണ്ടെത്താനാവാതെ നിരാശരായവര്‍, നമ്മള്‍!

അവസാനം ബാക്കി വന്നത്:-
ഒരുപിടി കുന്നിക്കുരു,
കുറേ വളപ്പൊട്ടുകള്‍,
കരിഞ്ഞുണങ്ങിയ ഒരു തുണ്ടു കൈതോല,
തീ പിടിച്ച അക്ഷരങ്ങളില്‍ വെന്തു പോയ കുറേ കത്തുകള്‍,
അരികു പൊട്ടി, ചരടില്‍ കോര്‍ത്ത്‌ അടുക്കികെട്ടിയ ഒരു ജാതകം.

പനയോലയുടെ ഹൃദയത്തില്‍ നാരായം കോറിയിട്ട,
എന്‍റെ ജീവിത രേഖ!

ഇപ്പോഴും,  കാമം  റാഞ്ചിക്കൊണ്ട് പോയ പ്രണയ  കുഞ്ഞുങ്ങള്‍
കീയോ കീയോ എന്ന് കരഞ്ഞു വിളിക്കുന്നു!!

Wednesday, February 20, 2013

ബീഫ്‌ ഫ്രൈ

കയറില്‍ കോര്‍ത്ത്, ചേര്‍ത്ത് കെട്ടി
കൂട്ടം കൂട്ടമായ്‌ കുലുങ്ങി കുലുങ്ങി
തളര്‍ന്ന്, തകര്‍ന്ന് തണുത്ത നിലത്തേക്ക്
തള്ളിയിടപ്പെട്ട് , കാത്തു നില്‍ക്കുന്നു...

ചുറ്റികത്തല്ല് കൊണ്ടു തല മരവിച്ച്
കണ്ണ് തള്ളി, കരയാനാകാതെ അമറി
ജീവന്‍ പോകണേ എന്ന് കൊമ്പിട്ട് കുതറി,
അറവുവാളിന്‍റെ അനുഗ്രഹം കാത്തു നില്‍ക്കുന്നു...


തലക്കറി കൊതിയന്മാര്‍ക്ക് ഉമിനീര് സ്ഖലിപ്പിച്ചു
ശാന്ത ഗംഭീര ഭാവത്തില്‍
ഒരു തല !
കാലും, കരളും വെവ്വേറെ!
ചോരയില്‍ ചവിട്ടാതെ മൂക്ക് പൊത്തി,
വില പേശുന്ന
ശവം തീനികള്‍.!!!.!

ഉണ്ണികുട്ടന്‍മാര്‍ പൈക്കിടാവിന്‍റെ പിന്നാലെ ഓടുന്നില്ല,
കവറു പാലും കുടിച്ചുറക്കം വരാതെ പകല് മുഴുവന്‍
പരക്കംപാഞ്ഞു,
വരിന്നിന്നു,
പൊതിഞ്ഞു കെട്ടി,

പാതിരാത്രി വെടിവട്ടത്തില്‍ കുടിക്കാന്‍
ബീയര്‍,
തിന്നാന്‍ ബീഫ്‌ ഫ്രൈ!




Monday, February 18, 2013

വേണ്ടെങ്കില്‍ ചക്ക വേരിലും കായ്ക്കും!

മുറ്റത്തെ ചെപ്പിന്നടപ്പില്ല എന്നോര്‍ത്ത്
അമ്പിളിമാമന് സന്തോഷം!
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നു
കൂപമണ്ഡൂകത്തിന്‍ സന്ദേശം!

ഓടില്ല കുതിര, ചാടില്ല കുതിര,
വെള്ളം കണ്ടാലോ നില്‍ക്കില്ല കുതിര!
ചുമരുകള്‍ക്കന്നൊക്കെ കാതു മാത്രം,
ചുമരുകള്‍ക്കുള്ളിലിന്നൊളി കണ്ണ് സൂത്രം!

ഉത്തരത്തില്‍ തൂങ്ങും മാറാല തട്ടുവാന്‍,
കൈയ്യ്  പൊക്കാത്തവര്‍, കക്ഷം വടിച്ചവര്‍!!
ആനയെ പൊക്കുന്ന നിത്യാഭ്യാസിക്ക്
ചേരയെ തിന്നുന്ന നാട്ടിലത്താഴത്തിനു വാല്‍കഷ്ണം.


അധികമായിട്ടും വിഷം തീണ്ടാത്ത പണത്തിനു മീതെ
അമൃത് തിന്നൂറ്റം പെരുത്ത്‌ പറക്കും പരുന്തുകള്‍.
കയ്യൂക്കുള്ളവന്‍റെ കാര്യക്കാരൊക്കെ, കാറ്റുള്ളപ്പോള്‍ തൂറ്റുന്നു!
ചത്ത കുട്ടിയുടെ ജാതകം നോക്കി മലര്‍ന്നു കിടന്നു തുപ്പുന്നു !

പട മോഹിച്ചു പന്തളത്ത് ചെന്നപ്പോ , ആട് കിടന്നിടത്ത് പൂട മാത്രം!

Saturday, February 16, 2013

ചരിത്രം വായിക്കുന്നവര്‍ നമ്മള്‍, പഠിക്കാത്തവരും!

എത്ര സംസ്കാരങ്ങളില്‍ പടയോട്ടമാടി നാം!
എത്ര വേരുകള്‍ മൂടോടെ പിഴുതു നാം !
എത്ര പ്രവാചകരെ കുരിശില്‍ തറച്ചു നാം!
എത്ര ചിന്തകര്‍ക്ക് വിഷം കൊടുത്തു നാം!
എത്ര സത്യങ്ങളെ വെടിവെച്ച് കൊന്നു നാം!
എത്ര ബാല്യങ്ങളില്‍ ബോംബു വര്‍ഷിച്ചു നാം !
എത്ര പോരാളികളുടെ കഴുത്തറുത്ത് നാം!
എത്ര കൃഷിയിടങ്ങളില്‍ വിഷം കലര്‍ത്തി നാം!

എന്നിട്ടും എന്തേ മനുഷ്യര്‍ നമുക്കിന്നു,
ഇത്ര കൃത്യമായെന്നും ഉദിക്കുന്ന സൂര്യന്‍റെ,
മിത്ര കിരണങ്ങള്‍ വഴികാട്ടിയാകാതെ ,
എന്നിട്ടും എന്തേ ഇരുട്ടില്‍ കഴിയുന്നു !



Tuesday, February 12, 2013

നീ ഇല്ലയെങ്കില്‍...

കരിനീല കാന്തമിഴി മുനകളാല്‍ നീ പണ്ട്
ചിരി കോറി രക്തം പൊടിച്ചോരെന്‍ ഹൃദയത്തില്‍
വിരിയുവാനാകാതെ ഇതളൊതുക്കി തേങ്ങി
കരിയുകയാണൊരു പൂക്കാലമിപ്പോഴും !


സങ്കടം പറഞൊന്നുറക്കെ കരഞ്ഞെന്‍റെ
സ്നേഹനിലാവിന്നുറക്കമായി...
ഉള്ളില്‍ കുരുത്തൊരാ ജീവന്‍റെ പൂമൊട്ട്
വസന്തം വരും മുന്‍പേ കരിഞ്ഞും പോയി!

Friday, February 8, 2013

പൂജ്യം!


ഏറ്റവും ആദ്യം അല്ല, ഏറ്റവും അവസാനം ഇരിക്കുമ്പോളാണ്
വില കൂടുക എന്ന് പറയുന്നു...
പൂജ്യം!
ഇടതുപക്ഷത്തിരുന്നു വെറും പൂജ്യം ആയവര്‍ക്ക് സമര്‍പ്പണം!

Sunday, February 3, 2013

എന്‍റെ !

എന്‍റെ ലോകം...
എന്‍റെ രാജ്യം..
എന്‍റെ സംസ്ഥാനം...
എന്‍റെ ഗ്രാമം...
എന്‍റെ വീട്....
എന്‍റെ....
എന്‍റെമാത്രം....

എന്നിട്ടും..
ഞാന്‍..
ഞാന്‍ മാത്രം...!