കിണ്ടിയിലെ വെള്ളം ഒഴിചു , ഒതുക്കുകല്ലിൽ കാലുരച്ചു കഴുകുമ്പോൾ കിട്ടുണ്ണി നായർ അകത്തേക്ക് കേൾക്കാൻ പകത്തിൽ വിളിചു പറഞു:
'മാധവ്യേ.. ഊണൂ കാലായിചാ വെളമ്പിക്കോ'
അകത്തു നിന്നും അനക്കമൊന്നും ഇല്ല. കിണ്ടിയിലെ ബാക്കി വെള്ളം കൊണ്ടു വായ കുലുക്കുഴിഞു നീട്ടി തുപ്പി. മുറുക്കാൻ ചണ്ടിയും ഉമിനീരും കലർന്നു ഒരു നീണ്ട വര മുറ്റത്തു വിരിഞു.
'ഒരു മണീ അരീല്ല്യ വ്ടെ, ഉച്ചക്കൊന്നും വെചിട്ടില്ല്യാ ട്ടോ'
തറവാട്ടിലേക്കു വരാതെ ആൽത്തറയിൽ സൊറ പറഞിരിക്കായിരുന്നു നല്ലതു എന്നു തോന്നി നായർക്കു , അതു കേട്ടപ്പോൾ...
'ന്നാ കൊറച്ചു കെഴങു പുഴുങാർന്നില്ലെ'
'അതിനു ഇത്തിരി വെറകു കൊണ്ടരാൻ പറഞ്ഞിട്ടു ആ ചെക്കൻ പിന്നെ ഈ വഴിക്കു വന്നിട്ടില്ല... തെക്കേപ്പറമ്പിലു പോയി നോക്കാ ച്ചാൽ അവ്ടാകെ മാപ്ലാരു മരം വെട്ടലാ, എപ്പ നോക്ക്യാലും'
ദേഹത്തിട്ടിരുന്ന തോർത്തു മുണ്ടു കൊണ്ടുതന്നെ കക്ഷവും തിണ്ണയും തുടചു ഒരു ആന്തലോടെ നായർ നീണ്ടു നിവർന്നു കിടന്നു. മുഷിഞ മണം അടിചപ്പോൾ തല തിരിചു നോക്കി. കരിമ്പനയടിച ഉടുതുണി കണ്ടപ്പോളേ മുഖം തിരിചു കിടന്നു കൊണ്ടു , പറമ്പിലെ തെങുക്കളിലേക്കു നോക്കി അങനെ കിടന്നു...
'നമ്പൂരി ഇപ്പൊ വരാറില്ലാ ല്ലെ?'
'നി പ്പൊ വരലൊന്നും ണ്ടാവില്ല്യാ'
'ഉം?'
' ചെക്കനെ കൊണ്ടു പുത്യെ കിണ്ടി വാങിപ്പിചു , പുതുശ്ശേരിലു തങ്കമണിടെ അവ്ടെ കൊടുപ്പിച്ചു ന്നൊക്കെ കേട്ടു'
'ഹ്മ്മ്ം'
'ത്ര ദിവസായി പറയണൂ, ന്നെ ഒന്നു തേവർടെ അമ്പലത്തിൽ കൊണ്ടോവാൻ, കേട്ട ഭാവം ല്ല്യ'
' അവ്ടെ പ്പ ന്താ വിശേഷം..?'
'ഉണ്ണീ നംബൂര്യാരു ഒക്കെ തൊഴാൻ വരാണ്ടീരിക്കുവൊ?'
തൊണ്ടയിൽ കഫം തടഞു നായർ ചുമക്കാൻ തുടങി.. പിന്നെ എണീറ്റ് , തോർത്തുമുണ്ടൂ പോലും എടുക്കാതെ പടിയിറങുമ്പോൾ മനസ്സറിഞൊന്നു കാർക്കിച്ചു എങ്കിലും, ഇല്ലിപ്പടി കവച്ചു വെച്ചു പുറത്തു കടന്നു ഇടവഴിയിലെക്കു നീട്ടി തുപ്പി.
അവനവനോടുള്ള വെറുപ്പു തീർക്കാൻ ചരലിലൂടെ നീട്ടി വെച്ചു നടന്നു.
'കമ്മളെ, തെങേറാനായാ ..' എന്നാരോ 'അശ്ലീലം' വിളിച്ചു പറയുന്ന പോലെ തോന്നി....