Thursday, February 27, 2014

തിര'മാറ്റം!

എന്‍റെ ചിരി നിലാവില്‍
കൈകോര്‍ത്ത് നഗ്നരായ് കൂടെ നിന്നവര്‍ ,
നിങ്ങളിന്നെന്‍റെ കണ്ണീര്‍ മഴയില്‍
കറുത്ത കുട ചൂടി സ്വസ്ഥാരാകുന്നുവോ?

എന്‍റെ സ്നേഹമഞ്ഞില്‍
ചേര്‍ന്നിരുന്നേറെ  ഉഷ്ണം പകുത്തവര്‍,
നിങ്ങളിന്നെന്‍റെ പ്രണയ വേനലില്‍
തണല്‍ തേടി പിരിഞ്ഞു പോകുന്നുവോ?

Saturday, February 22, 2014

പാതകം !

ഉച്ചക്കൊരു കവിത വെക്കാന്‍ ..

മുറ്റത്ത് ഉണങ്ങാനിട്ടിട്ടുണ്ട്
ഒരിത്തിരി പട്ടിണി!
വേലിപ്പടര്‍പ്പില്‍ കായ്ച്ചു നില്‍ക്കുന്നുണ്ട്
ഒരു പിടി പരദൂഷണം!
ചാരുകസേരക്കയ്യില്‍ മടക്കി വെച്ചിട്ടുണ്ട്
വാര്‍ത്താ പീഡകള്‍ !
അടുക്കളയില്‍ പൊതിയഴിക്കാതിരിപ്പുണ്ട്
പലചരക്ക് മായം!
കിടപ്പറയില്‍ മുഷിഞ്ഞു നാറി കിടപ്പുണ്ട്
ഒരു വിരി പ്രണയം!
കുളിമുറിയില്‍ കഴുകാനിട്ടിട്ടുണ്ട്
കറയുണങ്ങാത്ത കാമം!
എന്നിട്ടും,
പതിര് വേവിച്ചു വാര്‍ത്തു വെച്ചു
കതിര് പൊട്ടിച്ചു വറുത്തു വെച്ചു
വേര് പിഴുതു പുഴുങ്ങി വെച്ചു
തോല് ഉരിഞ്ഞു അരിഞ്ഞു വെച്ചു

വിളമ്പുന്നതിന്‍ മുന്‍പ് സ്വാദ് നോക്കി..
ഉപ്പില്ല, എരുവില്ല , വേണ്ടത്ര വെന്തില്ല!

'കരിയിലക്കാറ്റ്' *

കാറ്റത്ത് കരിയിലയിളക്കം
ഉറക്കം കെടുത്തിയെങ്കില്‍
ക്ഷമിക്കുക!
നിനക്കുറങ്ങാന്‍ 
തണലൊരുക്കുന്നതിനിടയില്‍ 
കൊഴിഞ്ഞവയാണവ!

(കടപ്പാട്:- പദ്മരാജന്‍ സിനിമ ) 

Monday, February 10, 2014

കൊയ്ത്തുയന്ത്രം ...

വേരുറക്കും മുന്‍പേ ,
കതിരില്‍
വിഷം തളിക്കുന്നവര്‍
നമ്മള്‍!
വിത്തെടുത്തുണ്ണാം
 നമുക്കിനി,
കോണ്‍ക്രീറ്റ് പാടത്ത്,
വിതയില്ലയുള്ളത്
കൊയ്ത്തു മാത്രം! 

Wednesday, February 5, 2014

സ്നേഹൂട്ട്‌ ..

ചേറിചികഞ്ഞും ,പതിരൂതിക്കളഞ്ഞും
കഴുകിതെളിച്ചും, വേവിച്ചു വാര്‍ത്തും...
നീ തന്ന സ്നേഹത്തിലെന്തിടക്കിങ്ങിനെ
കല്ലുടക്കി കടിക്കുന്നു , കയ്ക്കുന്നു!!?

ദിനചര്യകള്‍

ഈറനാറുംവരേ നിവര്‍ത്തിയിട്ടേക്കുക
രാത്രിമഴയില്‍ കുതിര്‍ന്നോരാ കണ്‍കളെ..!
ഉണ്ടുതീര്‍ന്നെങ്കില്‍ കഴുകി കമിഴ്ത്തുക
വക്കുടഞ്ഞാകെ പുകഞ്ഞോരാഹൃത്തിനെ

നൂലയചൊട്ടൊന്നു പറക്കാന്‍ വിട്ടേക്കുക
കാറ്റത്ത് ഗതികെട്ടലയന്നോരോര്‍മ്മകളെ
കുറച്ച്നേരത്തേക്ക്  നനച്ചു വെച്ചേക്കുക
നിണമുണങ്ങികറയാക്കാതെ, നോവുകളെ!