Sunday, June 26, 2011

എനിക്കു ദാഹിക്കുന്നില്ല!

പ്രണയം കിതച്ചു തളര്‍ന്നപ്പോളൊക്കെ
എനിക്കു ദാഹം മറ്റാന്‍ ..
നീ വിയര്‍ത്തിരുന്നു...

എന്റെ മകന്റെ ജാതകത്തില്‍ നീ തെറിപ്പിച്ചതു
രണ്ടുതുള്ളി രക്തമായിരുന്നു...

ശില്‍പ്പി കൈവിട്ട ശില പോലെ..
പാതി വെന്ത ശവം പോലെ...
ദയയില്ലാത്ത ദൈവമേ.....എന്റെ കുഞ്ഞ്...!
ആശുപത്രി വളപ്പിലെ പ്ലാവിനു വളമായിരുന്നുവോ?
തെരുവു നായ്ക്കള്‍ക്കു അത്താഴമായിരുന്നുവോ?

ഇന്നു, എന്റെ അനുരക്തികളില്‍ മഞ്ഞുകട്ടികളിടിഞ്ഞുവീണപ്പോളും..
നീ വിയര്‍ത്തിരുന്നു..
പക്ഷെ, എനിക്കു ദാഹിക്കുന്നില്ല!

Monday, June 20, 2011

അങ്ങിനെ ഞാന്‍..!

ചിറയിലേക്കെന്നെ ചിറകരിഞ്ഞെറിഞ്ഞു...
ചളിവെള്ളം കുടിച്ചന്ന്, കരപറ്റാന്‍ തുഴഞ്ഞു...

-അങ്ങിനെ ഞാന്‍... (കുളം)നീന്താന്‍ പഠിച്ചു!

ഓമനിച്ചെന്നെ ശകടത്തിലേറ്റി
ഇറക്കത്തിലെന്നെ കൈവിട്ടുമാറി...

-അങ്ങിനെ ഞാന്‍ (സൈക്കിള്‍)ഓടിക്കാന്‍ പഠിച്ചു..

കാമന കൊണ്ടെന്റെ വേദന മാറ്റി..
പാതിവഴിക്കെന്നെ തനിച്ചാക്കി പോയി..

-അങ്ങിനെ ഞാന്‍ (സ്വയം)സുഖിക്കാന്‍ പഠിച്ചു..

പ്രണയം കൊരുത്തെന്റെ പ്രാണനില്‍ പൂത്തു
പരിഭവം പൊലിപ്പിച്ചു പരിശ്ശുദ്ധയായി..

-അങ്ങിനെ ഞാന്‍ (പ്രേമം)വെറുക്കാന്‍ പഠിച്ചു

ഓരോ വരവിലും ഓര്‍മ്മകള്‍കൊണ്ടെന്റെ
പ്രാണഞരബിനെ തളര്‍ത്തിക്കളഞ്ഞു....

-അങ്ങിനെ ഞാന്‍ (എല്ലാം) മറക്കാന്‍ പഠിച്ചു


എന്നെ നീ കൈവിട്ടപ്പോളൊക്കെ, കാലമേ...
എന്നില്‍ നിന്നു നിന്നിലേക്കോടി കിതച്ചു ഞാന്‍

-അങ്ങിനെ ഞാന്‍ (സ്വയം) പഠിക്കാന്‍ പഠിച്ചു!

Saturday, May 14, 2011

പിണക്കം

ഉറക്കം നടിച്ചു..നടിച്ചു...ഉറഞ്ഞുപോകാതെ, പെണ്ണെ..
ഇതിലും ഭേദം...
കലികയിറിയ നഖക്ഷതങ്ങളായിരുന്നു..
കരളിലലിയുന്ന പരാതിയായിരുന്നു..
കൂരമ്പ്പോലത്തെ നോട്ടങ്ങളായിരുന്നു..
കുരുതി കൊടുത്ത മയക്കങ്ങളായിരുന്നു...

മഞ്ഞുപോലെ തണുത്ത നിന്റെ പിണക്കം...
എന്നെ പൊള്ളിക്കുന്നു..
എന്റെ രഹസ്യങ്ങളുടെ കരിയിലകളിളക്കിനോക്കി.. നടന്നു..നടന്നു..
നന്നായൊന്നു പിണങ്ങാനും മറന്നോ?

കൊടുങ്കാറ്റുപോലെ നീ പിണങ്ങിയാലെ.
ഇളങ്കാറ്റുപോലെ ഇണങ്ങാനെനിക്കു പറ്റു...

Wednesday, March 9, 2011

നനയുവാന്‍ മാത്രം!

ഒന്നിച്ചൊരിക്കലേ നനഞ്ഞിട്ടുള്ളു മഴ..
എന്നിട്ടുമിന്നുമോരോ മഴയിലേക്കും...
തനിയേ ഇറങ്ങിനില്‍ക്കുന്നു ഞാന്‍...
നനയുവാന്‍ മാത്രം....
അറിയില്ലെനിക്കെന്നെങ്കിലും..
അണിഞ്ഞിറങുവാനാകുമോ...
കണ്ടുകഴിഞ്ഞടുക്കി വെച്ചൊരെന്റെ സ്വപ്നങ്ങളേ...

Monday, November 2, 2009

ഇടവഴി..

വെറും വാക്കായിരുന്നു, നമുക്കിടയിലെ മൌനം
വെറും സ്വപ്നമായിരുന്നു, ഉണര്‍ന്നു പോയെങ്കിലും..
മരം പെയ്യുംപോലോര്‍മ്മകള്‍ ഉതിരുന്നു...
നിറം മങ്ങുന്ന കുപ്പിവളക്കൈയ്യുകള്‍....

ചികഞ്ഞെടുക്കുവാന്‍ ഏറെയുണ്ടെങ്കിലും..
പക നുരക്കുന്നു, നിന്റെ വരികളില്‍...
ഏക ജാലകം തുറക്കാതെ വെക്കു നീ..
മൂക രാഗങ്ങളറിയാതെ പോകട്ടെ..

എത്ര കാലം കാത്തിരുന്നു നമ്മള്‍..
മിത്രങ്ങളാണെന്നു പറയാതെ, അറിയാതെ...
ഇത്ര വേഗം കൊഴിഞ്ഞു പോയൊ പൂക്കള്‍..
ചിത്ര ശലഭങ്ങളും പറന്നു പോയൊ?

ഒന്നുമാത്രമോര്‍ക്കുക നമുക്കിനി
ഒന്നുചേരാനാവില്ല, എങ്കിലും
വന്നുപോകാം ഇടക്കിടെയീവഴി..
അന്നു നമ്മള്‍ പിരിഞ്ഞൊരീ ഇടവഴി...



Thursday, April 3, 2008

മയക്കം





ഉച്ച ഭക്ഷണം കഴിഞ്ഞ് ഒന്നു മയങ്ങുന്ന ഈ കാഴ്ച്ച ഇപ്പോള്‍ നാട്ടിലുണ്ടൊ?
ആകാശവാണിയിലെ ചലച്ചിത്ര ഗാനങ്ങളുടെ ശീലുകള്‍..
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍....
വിശന്നു കരയുന്ന ഒരു പശുക്കുട്ടിയാവും ഈ ഉറക്കം അവസാനിപ്പിക്കുക, മിക്കപ്പോഴും.

Friday, August 31, 2007

ഇപ്പോളിങ്ങനെയാണു...

പ്രണയം...
വായിച്ചിട്ടൊളിച്ചു വെക്കുന്ന...ഒരശ്ലീല പുസ്തകം..

സൌഹൃദം.......
വഴി തെറ്റിയ കണക്കുകളും വട്ടപൂജ്യങ്ങളും മാത്രമുള്ളോരു കണക്കു പുസ്തകം...

ദാബത്യം.....
ഒഴിഞ്ഞ ഏടുകളൊട്ടുമില്ലാത്ത പരാതി പുസ്തകം....

ജോലി....
പുറം ചട്ട കീറി വികൃതമായിട്ടും ഉപേക്ഷിക്കാത്ത പരിശുദ്ധ പുസ്തകം...

വര്‍ഷങ്ങളോളം മഴ കാണാതിരുന്നാല്‍...
തളിര്‍ക്കാന്‍ മറ്ക്കുമായിരിക്കും, മരങ്ങള്‍!