Wednesday, July 31, 2013

പൈതൃകം!

ഉമ്മറത്തിണ്ണയിലൊരു  കീറിയ പായ
വടക്കേകോലായിലൊരു നാക്കില ചോറ്.
കിഴക്കേപ്പറമ്പിലൊരു കായ്ക്കാത്ത മാവ്
തെക്കേപ്പറമ്പിലുണ്ടാറടി മണ്ണ് 

അവനവന് പിണ്ഡം വെക്കാനുള്ള 
വായ്ക്കരിയുമായി ഒരു സാഹസിക യാത്രയാണ്
ജീവിതം.
വിശന്നാലും തുറന്നു നോക്കാത്ത പാഥേയം ചുമന്നുള്ള
യാത്ര!


Wednesday, July 24, 2013

കരട്

ഇത്ര വലിയ കണ്ണുകളായത് കൊണ്ടല്ലേ,
ഞാനതില്‍ വഴുതി വീണത്‌?
കണ്ണീരില്‍ നനഞ്ഞതിലല്ല പരിഭവം,
'കരടെ'ന്ന് ഊതിക്കളഞ്ഞില്ലേ ?
സ്നേഹമില്ലാത്തോളേ!

Tuesday, July 23, 2013

അന്യോന്യം

എനിക്കറിയാം..
നിന്‍റെ കണ്ണുകള്‍ എന്നെ നോക്കുകയല്ല,
ഉന്നം വെക്കുകയാണെന്ന്!

എനിക്കറിയാം....
പുറകിലേക്ക് വലിച്ചു നീട്ടുന്ന ഞാണിന്മേല്‍...
ജീവനുള്ള ഒരു കൂരമ്പ്,
ലക്ഷ്യം നോക്കി പിടക്കുകയാണെന്ന്!

എനിക്കറിയാം...
ഒരു നനഞ്ഞ ചിരിതട്ടി
ഇമയൊന്നടഞ്ഞാല്‍
വിരല്‍വിടര്‍ത്തി സ്വതന്ത്രമാക്കുന്ന
വേദനയുടെ മൂര്‍ച്ചയെന്തെന്നു!

എനിക്കറിയാം....
നമുക്കിടയിലെ ദൂരം കുറച്ചത്
നീയല്ല,
ഞാനാണ് ...എന്ന്...
ഇന്നതുമാത്രമാണ് എന്‍റെ
സങ്കടം!



കിന്നാരം

കരിയിലയോട് വെയില് പറഞ്ഞു...
സാരല്ല്യാട്ടോ!

തളിരിലയോട് കാറ്റ്‌ പറഞ്ഞു...
നേരല്ല്യാട്ടോ!

കിളിമകളോടു ചില്ല പറഞ്ഞു...
സ്ഥലല്ല്യാട്ടോ!

വേരുകളോട് വെള്ളം പറഞ്ഞു...
തരില്ല്യാട്ടോ!


Thursday, July 18, 2013

വിധിവൈപരീത്യം...

ഒരേ പാത്രത്തില്‍ ഉണ്ണുന്നവര്‍
എന്നിട്ടും,
ഒന്നിച്ചൊരിക്കലും ഉണ്ണാത്തവര്‍
നമ്മള്‍!!

ഒരേ പായയില്‍  ഉറങ്ങുന്നവര്‍
എങ്കിലും,
ഒന്നിച്ചൊരിക്കലും ഉറങ്ങാത്തവര്‍
നമ്മള്‍!!


Sunday, July 14, 2013

കൈപ്പ്

നീ ചവച്ചു തുപ്പിയ ചവര്‍പ്പ്
കണ്ണീരു കുടിച്ചപ്പോള്‍
മധുരിക്കാന്‍ തുടങ്ങി!

ചാരം മൂടിയ കണ്ണുകള്‍ക്കടിയില്‍
കാളുന്ന കനല് തെളിയുന്നു...

നാക്കും വാക്കും മുറിവേല്‍പ്പിച്ചിടത്തൊക്കെ
ചുണ്ടുരഞ്ഞു കുളിര്കോരുന്നു...

ഓരോ രോമകൂപങ്ങളിലും
പ്രണയം പനിച്ചു തുള്ളുന്നു..

എന്ത് സ്വാദായിരിക്കും നിന്‍റെ
സ്നേഹത്തിന് എന്ന്...
രസമുകുളങ്ങള്‍ ഉറവപൊട്ടിക്കുന്നു....

അവസാനം....
ഒരു പ്രേമലേഖനമെങ്കിലും തരാതെ..
പോകല്ലേ..പോകല്ലേ  എന്ന്..
ഈയാമ്പാറ്റകള്‍, തീ തിന്നു ചാവുന്നു!


ഫ്രഞ്ച് കിസ്

ഒരു തുപ്പലംതീനി ചുംബനം 
ചുണ്ടത്ത്‌ വന്നിരിക്കുമ്പോള്‍ 
ഊട്ടണോ?
തെറിപറഞ്ഞാട്ടണോ ??

Monday, July 8, 2013

വേരുറക്കം

നന്മമരത്തിന്‍റെ
തണല് കായാനാണ്
എല്ലാവര്‍ക്കും ഇഷ്ടം!
തിന്മയുടെ കനല് പഴുപ്പിച്ച
പാപക്കനി കൊത്തിനുണയുന്ന
കിളികള്‍ പോലും,
സ്നേഹപ്പച്ച നിറഞ്ഞ ചില്ലകളിലേ..
ചേക്കേറാറുളളു !

എന്നാലും,
എല്ലാ മരച്ചുവട്ടിലും ,
ചുമടുതാങ്ങി പോലെ മുഴച്ചു നില്‍പ്പുണ്ടാകും,
തായ്‌വേരിനോട് പിണങ്ങി വീര്‍ത്ത
ഒരു പെരുംതുണ്ടം!


Saturday, July 6, 2013

കവിത

ഒരു വാക്ക്
മുറിവേല്‍പ്പിക്കുന്നു എന്ന്
അവള്‍!

ഒരു വരിയില്‍
വഴിതെറ്റുന്നു എന്ന്
അവന്‍!

ഒരു ചിന്തയില്‍
ചിതലരിക്കുന്നു എന്ന്
അവര്‍!

ചിതലരിക്കുന്ന ചിന്തയില്‍ നിന്നും
വഴിതെറ്റിവന്ന വരിയിലെ
മൂര്‍ച്ചയുള്ള ആ ഒരു വാക്ക്!

അത് മാത്രമാണ്
എന്‍റെ കവിത.

Friday, July 5, 2013

ബന്ധനം

കൂട്തുറന്നു വിട്ടോട്ടേ?  
എന്ന് നീ,
കൗതുകമൊലിപ്പിച്ചു നിന്നപ്പോഴൊക്കെ,
അരുതരുതെന്നു ഗൗരവമോങ്ങി
നിന്നൂ ഞാന്‍, 
കൂട്ടിലാണെന്നറിയാതെ !!

Thursday, July 4, 2013

കറിവേപ്പില !

സമ്മര്‍ദ്ദത്താല്‍
വെന്തുപോയ വാക്കുകളുടെ
ദുര്‍ഗന്ധമകറ്റാന്‍ മാത്രമാണ്,
നീയെന്നെ വറുത്തിട്ടത്...!

എച്ചിലിലയില്‍
ഞാന്‍ മാത്രം
ബാക്കിയാകുന്നതും
അതുകൊണ്ടുതന്നെ!