Friday, December 21, 2012

ലോകാവസാനമാണത്രേ

ലോകാവസാനമാണത്രേ , നമുക്കിന്ന്
ഒരേ പാത്രത്തിലുണ്ണാതുറങ്ങാതിരിക്കാം!
ഇനിവരില്ലെന്നും പറഞ്ഞു പോകുന്ന
സൂര്യനെ നോക്കി പകലുമുഴുവന്‍ വെറുതേയിരിക്കാം.

മിച്ചമുള്ളതിന്‍ കണക്കെടുക്കാം , ഉച്ചവരേക്കും മനക്കണക്കായ്‌..
വലിച്ചു തീര്‍ത്ത കുറ്റികള്‍, കുടിച്ചു തീര്‍ത്ത കുപ്പികള്‍...
കൊടുത്തു തീരാത്ത കടങ്ങള്‍, എടുത്താല്‍ പൊങ്ങാത്ത കടമകള്‍
പറക്കമുറ്റാത്ത മോഹങ്ങള്‍ , ആര്‍ക്കുമില്ലാത്ത രോഗങ്ങള്‍.

ലോകാവസാനമാണത്രേ , നമുക്കിന്ന്
ഒന്നിച്ചിരുന്നു മുറുക്കാം, മറക്കാതിരിക്കാം.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഞാത്തിയ
ഉത്തരത്തില്‍ നോക്കി ഊറി ചിരിക്കാം...


ചിറകു വേണ്ടാത്തോരാകാശമുണ്ടോ?
തിരയടങ്ങിയ തീരങ്ങളുണ്ടോ?
കിളികള്‍ ചേക്കേറാത്ത ചില്ലകളുണ്ടോ?
തുഴയുഴിയാത്ത നദികളുണ്ടോ ?

ലോകാവസാനമാണത്രേ...

4 comments:

  1. നല്ല കവിത.
    ഇന്ന് ലോകാരംഭവുമാണല്ലോ.. !

    ReplyDelete
  2. മുറുക്കാനും
    വലിച്ചുതീര്‍ക്കാനും
    കുപ്പി പൊട്ടിക്കാനും
    ഓരോരോ കാരണങ്ങള്‍!

    ReplyDelete
  3. ഇന്ന് തീരണം നമ്മുടെയെല്ലാം
    ഭിന്നലോകങ്ങളിന്‍ ചെറുജീവിതങ്ങള്‍
    ഇന്നു തുടങ്ങണം പുതിയ ലോകത്തില്‍
    ഒന്നുചേര്ന്നു നാം ജീവിച്ചിടെണം
    നമ്മുടെ പാതയോന്നായ് ഭവിക്കണം
    നമ്മുടെ ചിന്ത നന്നായ് ഭവിക്കണം
    ഒന്നുമാത്രം മനസ്സിലോര്ത്തീട നാം
    'എന്റെ മാത്ര’ മെന്നോന്നില്ല ജീവിതം!

    ആശംസകള്‍ !

    ReplyDelete
  4. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഞാത്തിയ
    ഉത്തരത്തില്‍ നോക്കി ഊറി ചിരിക്കാം...

    ReplyDelete