ജീവിതം വെച്ചുമാറാന്‍ തയ്യാറുള്ളവരില്‍ നിന്ന്
അപേക്ഷ ക്ഷണിക്കുന്നു.
എന്‍റെ ശരീരത്തിലേക്ക് മാത്രമല്ല,
എന്‍റെ ജീവിതത്തിലേക്ക്,
സ്വന്തം ജീവിതത്തിന്‍റെ ആലഭാരങ്ങള്‍
ഒന്നുമില്ലാതെ,
നഗ്നയായി കയറിവരിക..
നിന്‍റെ ജീവിതത്തിലേക്ക്,
ഞാനും.
പുത്തന്‍ ജീവന്‍റെ ലഹരിയില്‍
നമുക്ക് മാറി മാറി വിരുന്നൊരുക്കാം.
എന്‍റെ പഴയ ജീവിതത്തെ നോക്കി ഞാനും
നിന്‍റെ പഴയ ജീവിതത്തെ നോക്കി നീയും..
പാനപാത്രം നിറക്കാം.
എനിക്ക് 'പഴയ' എന്നോട് ചിരിക്കാം
നിനക്ക് നിന്നോടും.
പണ്ട് അയച്ച കത്തുകള്‍ വീണ്ടും
വായിച്ചു നോക്കുന്ന പോലെ,
ഉപേക്ഷിച്ചു പോന്ന ജീവിതത്തിന്‍റെ
ശരി തെറ്റുകള്‍ വെച്ച്
ചതുരംഗം കളിക്കാം.
നിന്നിലേക്ക് ഞാനും
എന്നിലേക്ക് നീയും
കൂടുവിട്ടു കൂടുമാറിക്കഴിഞ്ഞാല്‍....
'നമ്മള്‍ ' അപരിചിതരാകുമോ
എന്നും നോക്കാം!