Thursday, November 28, 2013

തോന്ന്യവാസം..

നീ ഒരു തോന്നലാണു!
എനിക്കു തോന്നുമ്പോഴെല്ലാം
ഉണ്ടാകുന്ന വെറും തോന്നൽ!

നെല്ലിക്ക.

ആദ്യം കയ്ക്കും, പിന്നെ മധുരിക്കും,
പെട്ടിക്കടയിലെ ചില്ലുഭരണിയിൽ
ഉപ്പിലിട്ടു സൂക്ഷിച്ച നിന്റെ സ്നേഹം!

തത്വമസി

അല്ലായിരുന്നെങ്കിൽ, ഇങ്ങനെയൊന്നുമാകുകയേ
ഇല്ലായിരുന്നു നമുക്കിടയിൽ, അതു നീ
അല്ലായിരുന്നെങ്കിൽ, എങ്ങനെയെന്നറിയില്ലയെങ്കിലും!


Tuesday, November 26, 2013

കച്ചിത്തുരുമ്പ്

ഒരു വാക്ക്, പോകുന്നതിന്മുൻപ്, ഒരു വാക്കെങ്കിലും
കുടഞ്ഞിട്ടു തന്നെങ്കിലതിൽപിടിച്ചിരുന്നേനേ,
നിന്റെ മഹാമൗന സാഗരത്തിൽ മുങ്ങിത്താഴാതിരുന്നേനേ..!


Saturday, November 23, 2013

ദേശാടനക്കിളി!!

ചിറകല്ല, പൊഴിച്ചിട്ടതൊരു വർണ്ണ തൂവൽ മാത്രം!
കരയില്ല, കേൾക്കുന്നതൊരു കിളിപ്പാട്ടു മാത്രം!
ചിതയല്ല, എരിയുന്നതൊരു  മിന്നാമിന്നി മാത്രം !!


ബീജ ഗണിതം...

അസ്വസ്ഥ ബീജം  മുളക്കാൻ മടിച്ചിന്നും
തുടരുകയാണു നിൻ ഭൂഗർഭ തടവിൽ ,
നിസ്തുല ജീവന്റെ ഉപവാസ സമരം!

Thursday, November 21, 2013

:)

സ്വാദറിഞ്ഞവരാരും
തിരിച്ചുവന്നിട്ടില്ലായെന്നറിയാമെങ്കിലും,
രുചിച്ചുനോക്കുവാൻ പോവുകയാണിന്നു ഞാൻ,
നിന്റെയീ 'സയനൈഡ്' പ്രണയം!

സൂര്യകാന്തി!

ഒരു സൂര്യൻ അസ്തമിച്ചപ്പോളാണു
ഞാൻ അറിഞ്ഞത്, എന്റെയാകാശത്ത് ,
ഒരായിരം നക്ഷത്രങ്ങൾ ഉണ്ടായിരുന്നെന്ന് !!


വിശ്വാസം, അതല്ലേ എല്ലാം??

തെളിവില്ലാത്തതിനാൽ
ഒന്നും ശ്രമിക്കാത്തവൻ
അവിശ്വാസി!

തെളിവുണ്ടാക്കുവാൻ
എന്നും ശ്രമിക്കുന്നവൻ
വിശ്വാസി!

വെളിവില്ലാത്തതിനാൽ
എന്തും ശ്രമിക്കുന്നവൻ
അന്ധവിശ്വാസി!


Wednesday, November 13, 2013

ചിയേർസ്! (200)

പാനപാത്രം നിറക്കൂ നീ , സ്നേഹിതാ,
ലഹരി മോന്തി പറക്കാം നമുക്കിനി.
സഹന സാഗരം താണ്ടേണ്ടതുണ്ട് നാം,
പുലരി പൂക്കാൻ തുടങ്ങുന്നതിൻ മുൻപേ!

എത്രകാലമായ് ഒന്നിച്ചിതേപോലെ
ചില്ലുപാത്രത്തിൽ പകർന്നു നാം  സൗഹൃദ
ചില്ലമേൽ ഒന്നിച്ചിരുന്നൂയലാ ടി ക്കളിച്ചിട്ട്,
എത്രനാളുണ്ടിനി ബാക്കിയെന്നോർക്കാതെ!


വയ്യ, നാം നമ്മെ തളച്ചിട്ട കുറ്റികൾ
ചിതലുതിന്നാൻ തുടങ്ങിയെന്നാകിലും
മതിലുകെട്ടി പിരിച്ചില്ല ജീവിതം!
കയ്യുയർത്തി മുട്ടിക്കുകീ ചഷകങ്ങൾ!





കതിരിൽ വളം വെക്കുന്നവർ

പറഞ്ഞ് പറഞ്ഞിട്ടവസാനം
വേരിലും കായ്ച്പ്പോൾ,
തല്ലിപ്പഴുപ്പിക്കുന്നതെന്തിനിങ്ങനെ?

കളിവഞ്ചി...

മഴക്കവിതയില്‍,
പുഴയുണ്ട്
പൂവുണ്ട്, പൂമ്പാറ്റയുണ്ട്
കാറ്റത്തിളകുന്ന
കുറുനിരച്ചേലുണ്ട് ,
മഴവില്‍ ചിറകുണ്ട് ,
മായാത്ത മറുകുണ്ട് ,
എന്നിട്ടുമാരും
അറിയാതെ പോയില്ലേ,
മഴച്ചാലിലാരോ
ഒഴുക്കിലുപേക്ഷിച്ച
കടലാസു തോണിയില്‍
കുത്തിക്കുറിച്ചോരപൂര്‍ണ്ണ
കാവ്യങ്ങളെ!
അപൂര്‍വ്വ രാഗങ്ങളെ!


കാലവർഷം.

ഒരു ഇടിമിന്നൽ ചിരിയോടെ
പെയ്തൊഴിയാവുന്നതേയുള്ളൂ,
ഈ മേഘപ്പിണക്കം!!

Monday, November 11, 2013

വാ വിട്ട വാക്ക് !!

കനലിലിട്ട് പഴുപ്പിച്ചടിച്ചുപരത്തീട്ടെന്നെ ആയുധമാക്കി!
കല്ലിലുരച്ചുരച്ചെന്നും മൂർച്ചയേറ്റിയിട്ടിന്ന്,
കൈവിട്ടുപോയപ്പോൾ പ്രാണനു വേണ്ടി യാചിക്കരുത്!!!

Sunday, November 10, 2013

കുട്ടി.

അവള്‍...
'മാനം' കെട്ടാല്‍
പ്രസവിക്കും,
മയില്‍പീലി!!

ചൊട്ടയിലെ ശീലങ്ങള്‍ !

എത്ര തിന്നിട്ടും തീരുന്നില്ലല്ലോ,
നിന്നെ കൊന്ന പാപം!
എത്ര അടിച്ചിട്ടും തെളിയുന്നില്ലല്ലോ,
നീ നടക്കും വഴി!

Wednesday, November 6, 2013

അക്കിത്തിക്കുത്ത്..

എന്റെ ഓർമ്മകളിലേക്കു
ഇടിച്ചിറങുന്ന
ധൂമകേതു,
ഒരു വളപ്പൊട്ടിന്റെ
കടപ്പാടേ നാം തമ്മിലുള്ളൂ!
സത്യം,
ഒളിപ്പിച്ചുവെച്ച മയില്പീലികളിൽ
ഒന്നുപോലും പെറാത്തതു
എന്റെ ഒളിഞുനോട്ടം കൊണ്ടല്ല.
ഒരു മാങാച്ചുനചുംമ്പനം കൊണ്ടു
തീർക്കാവുന്നതേയുള്ളൂ,
നമ്മുടെ പിണക്കം!



മൂത്രപ്പുരകളിൽ രാഷ്ട്രീയം പറയരുത് !

എത്ര നുണകളാണു
പകൽ വെളിച്ചത്തിൽ
നാണം മറക്കാൻ
മൂത്രപ്പുരകളിലേക്കു
ഓടിക്കയറുന്നതു!!
സത്യം ഒരു നനഞ ചിരിയുമായി
കാവലിരിപ്പാണൂ, പുറത്ത് !

സമയം

എന്‍റെ ഹൃദയ ഭിത്തിയിലിരുന്ന് മിടിക്കുന്നുണ്ട്,
നിന്‍റെ പ്രണയ ഘടികാരം!
നിമിഷവേഗത്തില്‍
ശവതാളരാഗത്തില്‍  ,
സമയ ദോഷങ്ങള്‍
കൊട്ടിപ്പാടുന്ന
വ്യര്‍ത്ഥ സഞ്ചാരം!

Tuesday, November 5, 2013

വശീകരണ യന്ത്രം!

കഴുത
കരഞ്ഞു തീര്‍ക്കുന്നത് തന്നെയല്ലേ,
പലരും
പറഞ്ഞും, തിരഞ്ഞും,
ആള്‍ക്കൂട്ടത്തില്‍ ഉരഞ്ഞും
തീര്‍ക്കുന്നത്?