Sunday, December 14, 2014

വ്യാധി

സൗഹൃദം പകര്‍ച്ചവ്യാധിയല്ല ,
ജീവിതശൈലീ രോഗമാണ്!
വിദ്വേഷംകൊണ്ട്
പ്രതിരോധിക്കാം!
പക്ഷെ,  പിടിപെട്ടാല്‍,
മരണംവരെ ചികിത്സയില്ല!




കേരകം !

വരിക,
വന്നെന്നെ പിരിച്ചടര്‍ത്തീടുക!
കൂര്‍ത്ത മുനയില്‍ 
പൊതിച്ചെടുത്തീടുക ..
കൊടിയ വാളാല്‍ 
ഹൃദയം പിളര്‍ക്കുക!
ആര്‍ത്തിയോടെന്‍റെ 
രക്തം നുണയുക 
കാര്‍ന്നു കാര്‍ന്നെന്‍റെ 
മാംസവും തിന്നുക!

കായലില്‍ ചീഞ്ഞോരെന്‍  സ്വപ്നങ്ങളത്രയും 
തല്ലിയൊരുക്കി  പിരിച്ചെടുത്തീടുക ..
ബാക്കിയാവുന്നോരീ ജീവന്‍റെ ചീളുകള്‍
തീയിലേക്കിട്ടു കനലാക്കി മാറ്റുക !!

Friday, December 12, 2014

പപ്പടം !


പൊള്ളി വീര്‍ത്തും
പിന്നൊരല്‍പ്പം കരിഞ്ഞും,
ചുട്ടെടുക്കേണ്ടതുണ്ടീ
കനലിലെന്‍ ജീവിതം!

അത്രമേല്‍ വെന്ത്
പൊടിയാതെ കാക്കണം,
ഉള്ളിലോ വേവൊട്ടും
കുറയാതെ നോക്കണം!


Wednesday, November 26, 2014

പ്രയാസം

നിനക്കുമാത്രം , പ്രിയേ, കേൾക്കാൻ കഴിയുന്ന
സ്നേഹഗീതമാണെന്റെയീ മൗനം ..
കണ്ണടച്ചാൽ മാത്രം തെളിഞ്ഞുകത്തുന്ന
മണ്‍ചിരാതായി മാറണം നാമിനി!
നിനക്കുമാത്രം, പ്രിയേ, എഴുതാൻ കഴിയുന്ന
വിരഹഗാനമാണെന്റെയീ ജന്മം ..
അകന്നിരുന്നാലത്ര അടുപ്പമേറുന്ന
പ്രവാസജന്മങ്ങളാകാം നമുക്കിനി!

Tuesday, November 25, 2014

പ്രണയബാക്കി

സ്നേഹം വീതംവെക്കുമ്പോൾ
ഏറ്റവും ചെറിയ പങ്ക് കിട്ടിയവരേ
അവസാനം വരെ കാണൂ...
കുറഞ്ഞുപോയതും പറഞ്ഞു, കരഞ്ഞുംകൊണ്ട് !
ആ തേങ്ങൽ തന്നെയാണ് ..
പ്രണയം!

Monday, November 24, 2014

അറിയിപ്പുകൾ !



ഒരോർമ്മയുടെ  തുണ്ടം കളഞ്ഞു കിട്ടിയിട്ടുണ്ട്,
ഉടമസ്ഥർ തെളിവുസഹിതം വന്ന്  തിരിച്ചെടുക്കുക!

സ്വപ്നത്തിൽ നിന്നും പോയ  കാമുകി പരിസരത്ത് 
എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടൻതന്നെ ഉറക്കത്തിലേക്കു 
തിരിച്ചുവരണം , കാമുകൻ  ഉണരാതെ കാത്തിരിക്കുന്നു!

ജീവിതത്തിൽ നിന്നും മരണത്തിലേക്ക് പോകുന്ന 
കാലം എക്സ്പ്രസ്സ്‌ , ഏതാനും നിമിഷങ്ങൾക്കുള്ളിൽ 
ഒന്നാം നമ്പർ പ്രതീക്ഷയിൽ എത്തിച്ചേരുന്നതാണ് !

പുകവലിപാടല്ല !

കയ്യും തലയും അകത്തിടരുത് !

Tuesday, November 4, 2014

സദാചാരി

വാതിലുകള്‍ തുറന്നിട്ടാലും,
ജനലുകളിലൂടെ എത്തി നോക്കും!
രണ്ടും അടച്ചിട്ടാലും,
പഴുതുകളിലൂടെ ഒളിഞ്ഞു നോക്കും!

വേലി മാറ്റി,
മതില് കെട്ടിപ്പൊക്കിയപ്പോഴേ
അപരിചിതനായ അയല്‍ക്കാരനാണ്,
സദാചാരി!


Tuesday, September 16, 2014

അരണി

കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉരച്ചുരച്ച് ..
ആത്മാവില്‍
അഗ്നിയുണ്ടാക്കുകയാണ് ഞാന്‍!

ചിന്തയിലേക്കവ
പടര്‍ത്തുവാന്‍ നോക്കുമ്പോള്‍...
ചിതയിലേക്കത്രെ ആളിപ്പിടിക്കുന്നു!

മറവിയില്‍ ഒഴുക്കികളയുക
വേരിനു പോലും വേണ്ടാത്തൊരെന്‍
ചിതാ ഭസ്മം!!

Tuesday, June 24, 2014

സ്വപനം

ഒരു പാട്ടിന്‍റെ വരിയില്‍  പരസ്പരം മിഴി കോര്‍ത്തു
ഈണം മറന്നു നാം നടന്നുപോകേ

മഴവില്ല് മാനത്ത് കുടഞ്ഞിട്ട വര്‍ണ്ണങ്ങള്‍,
കണ്ണിലും കവിളിലും  നീ പടര്‍ത്തി ..

മോഹ മേഘങ്ങള്‍ കറുത്തിരുണ്ടപ്പോള്‍
സൂര്യസ്മിതം കൊണ്ടു  പേമാരി തീര്‍ത്തു നീ..

നനയാതിരിക്കുവാന്‍, സ്നേഹചിറകിന്‍റെ
ഇറയത്തിരുന്നു നാം ഊറി ചിരിച്ചു..

കഷ്ടകാലങ്ങളെ കീറിയെടുത്തോരോ
കളിവഞ്ചിയാക്കീട്ടൊഴുക്കി വിട്ടു..

പറയേണ്ടതില്ലാത്തോരായിരം വാക്കുകള്‍
മഴവെള്ള ചുവരില്‍  കുറിച്ചു വെച്ചു ..

മഴ തീര്‍ന്നു വാനം തെളിയുന്നതിന്‍ മുന്‍പേ
സ്വപ്നത്തില്‍ നിന്നെന്നെ ആരുണര്‍ത്തീ..?







Tuesday, June 17, 2014

=

ആരോ
അപായചങ്ങല വലിച്ചു നിര്‍ത്തിയ
ജീവിതത്തിന്നടിയില്‍ ,
നീണ്ടു നിവര്‍ന്നു കിടക്കുന്നു
നീയും, ഞാനും..
ഒരിക്കലും കൂട്ടിമുട്ടാത്തവര്‍!

Sunday, June 1, 2014

നമ്മള്‍

എത്ര വലിയ തെറ്റാണ്
നമ്മള്‍ ചെയ്തത്!
പ്രണയമാണെന്ന് അറിഞ്ഞതും,
പ്രണയമാണെന്ന് പറഞ്ഞതും...
എത്ര വലിയ തെറ്റാണ്
നമ്മള്‍ ചെയ്തത്!
ഒന്നും പറയാതിരുന്നെങ്കില്‍..
ഇന്നും,
തുറന്നു നോക്കാത്ത സമ്മാനപ്പൊതിപോലെ
പരസ്പരം കൊതിപ്പിക്കാമായിരുന്നു!
പൂരിപ്പിക്കാത്ത പദപ്രശ്നം പോലെ..
പ്രതീക്ഷയുടെ കളങ്ങള്‍
ഒഴിച്ചിടാമായിരുന്നു!
ഒളിച്ചു വെക്കാന്‍
ഒന്നുമില്ലാത്തവരായി ..
നമ്മള്‍...!

Saturday, May 31, 2014

മടി

ആര്‍ക്കെങ്കിലും,
ആത്മഹത്യാമുനമ്പിലെ
കരിങ്കല്‍ചെരുവില്‍
കരിക്കട്ട കൊണ്ടെഴുതിവെക്കാന്‍...
കലാലയത്തിന്റെ രഹസ്യ മൂലകളില്‍
നഖം കൊണ്ടു കോറിയിടാന്‍ ..
ഒരു വരി...
ഒരു വരിയെങ്കിലും
നിന്നെക്കുറിച്ച്
എഴുതുവാനാകാതെ ,
മടിപിടിച്ചുറങ്ങുകയാണ് ..
പ്രണയം!


Monday, May 19, 2014

പ്രവാചകന്മാര്‍

കുരിശില്‍ തറച്ചാല്‍
ഉയിര്‍ത്തെഴുന്നേല്‍ക്കും..
കുഴിവെട്ടി മൂടിയാല്‍
ചെടിയായ് മുളക്കും..
ചിതയിട്ടെരിച്ചാല്‍
പക്ഷിയായ് ഉയരും ..

അതുകൊണ്ടുതന്നെയിനി
ആദര്‍ശ ധീരരെ ,
വിഷം കുടിപ്പിച്ചിട്ട്‌
തൂക്കിലേറ്റീടണം  !
വെടിവെച്ചു കൊന്നിട്ട്
കഴുത്തറുത്തീടണം !




മറുകര

മറവിയിലേക്ക് ഞാന്‍
തുഴയുമ്പോളെന്തിനീ
ഓളങ്ങള്‍ തീര്‍ക്കുന്നു
ഓര്‍മ്മകള്‍ പിന്നെയും?

Tuesday, May 13, 2014

ആമേന്‍ !

പച്ചക്കള്ളങ്ങളുടെ
തുണിയുരിഞ്ഞപ്പോള്‍ ..
കിട്ടിയതാണീ
നഗ്ന സത്യങ്ങള്‍!

നിങ്ങളില്‍,
മുഖം മറക്കാത്തവരും
കണ്ണടച്ച് ഇരുട്ടാക്കാത്തവരും
കല്ലെറിയട്ടെ!!

Monday, May 5, 2014

പ്രഥമദര്‍ശനം !

ദാനം ചെയ്ത 
കണ്ണുകള്‍ 
കണ്ടുമുട്ടുന്നിതാ 
ആദ്യമായ്!
ഒന്നിച്ചു കണ്ട 
കാഴ്ചകളില്‍ തുടിച്ച 
ഹൃദയമെവിടെയെന്നു 
ഇമയടക്കാതെ 
പരസ്പരം തിരയുന്നു !

എന്‍റെ കരളേ...
എന്നുരുണ്ടു വീഴുന്നു,
രണ്ടു തുള്ളി 
യാത്രാ മൊഴി! 

Monday, April 21, 2014

ഇന്ന് ഞാന്‍...നാളെ നീ...


കണ്ടില്ലേ, 
കൊണ്ടു പോകുന്നെന്‍റെ 
തായ് വേരറുത്തിട്ട് ,
തുണ്ട് തുണ്ടാക്കിയോരെന്‍
തടിയും കിനാക്കളും !
കാലമെത്ര ഞാന്‍ നിങ്ങള്‍ക്ക്
വേണ്ടിയെന്‍ നീണ്ട ചില്ലകള്‍
നിവര്‍ത്തിപ്പിടിചേകി
പച്ചജീവന്‍റെ തണലും
തളിര്‍ക്കാറ്റും !

എത്രകാലമിനി നട്ടു നനക്കേണം
എത്ര ഋതുക്കളെ ജയിച്ചു മുന്നേറണം
ഇത്രമാത്രം വളര്‍ന്നുരുവാകുവാന്‍..
മിത്രമാണ് ഞാന്‍, ശത്രുവല്ലോര്‍ക്കുക!

Sunday, April 13, 2014

മുറിവുകള്‍

നീ തന്ന മുറിവുകളിലൂടെയാണ്
എന്നിലേക്കിത്തിരി വെളിച്ചം കടന്നത്‌...
ഞാന്‍ എന്നെ തെളിഞ്ഞു കണ്ടത്!
നന്ദി!
ഇനി എനിക്കെന്നെ
ഏതൊരാള്‍ക്കൂട്ടത്തിലും
തിരിച്ചറിയാം!

Thursday, April 10, 2014

നഗ്നന (ന്‍ )

അപമാനിക്കാന്‍...
ചേല വലിച്ചു പറിക്കും!
ഉടുമുണ്ട് പൊക്കിക്കാണിക്കും!
അത്രയ്ക്ക് അശ്ലീലമല്ലയോ..
കെട്ടിപൊതിഞ്ഞു വെച്ച
നമ്മുടെയീ നഗ്നത!

കുരുട്ടുകള്‍!

ചൂണ്ട നൂലില്‍ കുരിക്കിട്ടുപിടിച്ച്
പൊരിവെയിലത്ത് കെട്ടിത്തൂക്കി!
എന്നിട്ടുമെല്ലാ പെരുമഴക്കാലത്തും
പേക്രോം ..പേക്രോം താരാട്ട് പാടി നീ!

പൊന്തക്കാട്ടില്‍ ഇണചേരുമ്പോളെല്ലാം
കല്ലെടുത്തെറിഞ്ഞു കാലൊടിച്ചു !
എന്നിട്ടുമെല്ലാ  കണക്കു പരീക്ഷക്കും
ഇരട്ട ഭാഗ്യത്തിന്‍റെ കണിവെച്ചു നീട്ടി നീ!




Thursday, March 27, 2014

അടിമകള്‍

സൗഹൃദ യുദ്ധത്തില്‍
ഞാന്‍ ജയിക്കുന്നത്..
നീ എന്നെ തോല്‍പ്പിക്കുമ്പോളാണ്
കാരണം .. ആ യുദ്ധത്തില്‍
ആയുധം 'സ്നേഹമാണ്'!
മൂര്‍ച്ചയുണ്ട് എങ്കിലും..
മുറിവേല്‍പ്പിക്കാത്ത ആയുധം!!

Monday, March 24, 2014

പ്രണയം

പ്രണയതിരത്തല്ലലില്‍ 
തകര്‍ന്നു പോകാമെങ്കില്‍..
പ്രണയക്കൊടുംകാറ്റില്‍
കടപുഴകാമെങ്കില്‍...
പ്രണയക്കൊടുംവേനലില്‍
വരണ്ടുണങ്ങാമെങ്കില്‍..
പ്രണയപ്പെരുമഴക്കാലത്ത്
ഒലിച്ചുപോകാമെങ്കില്‍..
എങ്കില്‍....
പ്രണയവസന്തത്തില്‍ , എന്തേ,
പൂവില്ലെങ്കിലൊരു തളിരെങ്കിലും..?





Thursday, March 20, 2014

ഇങ്ക്വിലാബ്

വിപ്ലവത്തിന്‍റെ സൂര്യഗ്രഹണം,
ഇനി,  ഞാഞ്ഞൂലുകളുടെ 'പ്ലീന'കാലം!
നീര്‍ക്കോലികടി കൊണ്ടവരൊക്കെ
ഇന്നുമുതല്‍ അത്താഴ പഷ്‌ണിക്കാര്‍ !
ഊതിവീര്‍പ്പിച്ച ആദര്‍ശ കുമിളയില്‍,
അമ്പത്തൊന്നില്ല , ഒരൊറ്റ കുത്ത് മാത്രം!
കൂട്ടില്‍ കാഷ്ടിക്കുന്ന കുലംകുത്തിക്ക്
ആട്ടിന്‍തോലിട്ടവരുടെ വിപ്ലവ-വാഴ്ത്തല്‍ !
ബലികുടീരങ്ങളില്‍ ഉറക്കം നഷ്ടപെട്ടവര്‍ക്ക്
കൊടിവാള്‍ ചുറ്റിക നക്ഷത്രം !
വനസ്ഥലികളില്‍ ഈര്‍ച്ചവാള്‍ ഘോഷം!
പാറമടകളില്‍ സ്ഫോടനാഹ്ലാദം !

ചവര്‍പ്പ്

'ഇതുംകൂടി കഴിഞ്ഞാല്‍ തീര്‍ന്നു'
എന്നവസാന കരണ്ടി കഷായവും
കുടിപ്പിചിട്ടെന്നെയൊരു തുണ്ട്
കല്‍ക്കണ്ടകാത്തിരിപ്പില്‍ തളച്ചിട്ടു, ജീവിതം!

Sunday, March 2, 2014

നിന്നിലേക്കുള്ള വഴികള്‍...

തുറന്നിട്ട വാതിലുകള്‍ തന്നെയാണ്
അടച്ചുപൂട്ടാനും എന്നറിഞ്ഞപ്പോളല്ല,
ജാലകങ്ങള്‍ അഴിയിട്ടവയായതിനാലാണ്
ഇനിയും ചെറുതാകേണ്ടതില്ലെന്നുറപ്പിച്ചത്!


Thursday, February 27, 2014

തിര'മാറ്റം!

എന്‍റെ ചിരി നിലാവില്‍
കൈകോര്‍ത്ത് നഗ്നരായ് കൂടെ നിന്നവര്‍ ,
നിങ്ങളിന്നെന്‍റെ കണ്ണീര്‍ മഴയില്‍
കറുത്ത കുട ചൂടി സ്വസ്ഥാരാകുന്നുവോ?

എന്‍റെ സ്നേഹമഞ്ഞില്‍
ചേര്‍ന്നിരുന്നേറെ  ഉഷ്ണം പകുത്തവര്‍,
നിങ്ങളിന്നെന്‍റെ പ്രണയ വേനലില്‍
തണല്‍ തേടി പിരിഞ്ഞു പോകുന്നുവോ?

Saturday, February 22, 2014

പാതകം !

ഉച്ചക്കൊരു കവിത വെക്കാന്‍ ..

മുറ്റത്ത് ഉണങ്ങാനിട്ടിട്ടുണ്ട്
ഒരിത്തിരി പട്ടിണി!
വേലിപ്പടര്‍പ്പില്‍ കായ്ച്ചു നില്‍ക്കുന്നുണ്ട്
ഒരു പിടി പരദൂഷണം!
ചാരുകസേരക്കയ്യില്‍ മടക്കി വെച്ചിട്ടുണ്ട്
വാര്‍ത്താ പീഡകള്‍ !
അടുക്കളയില്‍ പൊതിയഴിക്കാതിരിപ്പുണ്ട്
പലചരക്ക് മായം!
കിടപ്പറയില്‍ മുഷിഞ്ഞു നാറി കിടപ്പുണ്ട്
ഒരു വിരി പ്രണയം!
കുളിമുറിയില്‍ കഴുകാനിട്ടിട്ടുണ്ട്
കറയുണങ്ങാത്ത കാമം!
എന്നിട്ടും,
പതിര് വേവിച്ചു വാര്‍ത്തു വെച്ചു
കതിര് പൊട്ടിച്ചു വറുത്തു വെച്ചു
വേര് പിഴുതു പുഴുങ്ങി വെച്ചു
തോല് ഉരിഞ്ഞു അരിഞ്ഞു വെച്ചു

വിളമ്പുന്നതിന്‍ മുന്‍പ് സ്വാദ് നോക്കി..
ഉപ്പില്ല, എരുവില്ല , വേണ്ടത്ര വെന്തില്ല!

'കരിയിലക്കാറ്റ്' *

കാറ്റത്ത് കരിയിലയിളക്കം
ഉറക്കം കെടുത്തിയെങ്കില്‍
ക്ഷമിക്കുക!
നിനക്കുറങ്ങാന്‍ 
തണലൊരുക്കുന്നതിനിടയില്‍ 
കൊഴിഞ്ഞവയാണവ!

(കടപ്പാട്:- പദ്മരാജന്‍ സിനിമ ) 

Monday, February 10, 2014

കൊയ്ത്തുയന്ത്രം ...

വേരുറക്കും മുന്‍പേ ,
കതിരില്‍
വിഷം തളിക്കുന്നവര്‍
നമ്മള്‍!
വിത്തെടുത്തുണ്ണാം
 നമുക്കിനി,
കോണ്‍ക്രീറ്റ് പാടത്ത്,
വിതയില്ലയുള്ളത്
കൊയ്ത്തു മാത്രം! 

Wednesday, February 5, 2014

സ്നേഹൂട്ട്‌ ..

ചേറിചികഞ്ഞും ,പതിരൂതിക്കളഞ്ഞും
കഴുകിതെളിച്ചും, വേവിച്ചു വാര്‍ത്തും...
നീ തന്ന സ്നേഹത്തിലെന്തിടക്കിങ്ങിനെ
കല്ലുടക്കി കടിക്കുന്നു , കയ്ക്കുന്നു!!?

ദിനചര്യകള്‍

ഈറനാറുംവരേ നിവര്‍ത്തിയിട്ടേക്കുക
രാത്രിമഴയില്‍ കുതിര്‍ന്നോരാ കണ്‍കളെ..!
ഉണ്ടുതീര്‍ന്നെങ്കില്‍ കഴുകി കമിഴ്ത്തുക
വക്കുടഞ്ഞാകെ പുകഞ്ഞോരാഹൃത്തിനെ

നൂലയചൊട്ടൊന്നു പറക്കാന്‍ വിട്ടേക്കുക
കാറ്റത്ത് ഗതികെട്ടലയന്നോരോര്‍മ്മകളെ
കുറച്ച്നേരത്തേക്ക്  നനച്ചു വെച്ചേക്കുക
നിണമുണങ്ങികറയാക്കാതെ, നോവുകളെ!